പനജി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഗോവയില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോര്‍ച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗജാനന്‍ ടില്‍വേ ഞായറാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഗജാനന്‍ ടില്‍വേ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.വരദ് മര്‍ഗോല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനന്‍ ടില്‍വേയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ്‌ മന്ത്രി മൈക്കല്‍ ലോബോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി ഇന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎല്‍എയാണ് ലോബോ. ഇതോടെ ബിജെപിയുടെ നിയമസഭാ അംഗബലം 24 ആയി.

സ്വന്തം മണ്ഡലമായ കലുങ്കട്ടിലും സമീപ മണ്ഡലങ്ങളായ സലിഗാവോ, സിയോലിം, മപുസ എന്നിവിടങ്ങളിലും ലോബോയ്ക്ക് സ്വാധീനമുള്ളതിനാല്‍ ഈ മേഖലകളില്‍ കോണ്‍ഗ്രസിന് അത് പുതുജീവനേകിയേക്കും

സലിഗാവോ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കേദാര്‍ നായികിന്റെ പ്രചാരണത്തിന് ലോബോ ഞായറാഴ്ച പരസ്യമായി എത്തുകയും ചെയ്തു. സ്വതന്ത്ര എം.എല്‍.എ പ്രസാദ് ഗോണ്‍കറും ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു. സാംഗും മണ്ഡലത്തിലെ എം.എല്‍.എയാണ് അദ്ദേഹം.

Content Highlights :