വീണ്ടുമൊരു തിരഞ്ഞെടുപ്പിന് ഗോവൻതീരമൊരുങ്ങുമ്പോൾ കടലിലുള്ളതിനെക്കാൾ അടിയൊഴുക്ക് രാഷ്ട്രീയത്തിലുണ്ടാകുമെന്ന് ഉറപ്പ്. കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. എന്നാൽ, നാടകീയമായ കരുനീക്കങ്ങളിലൂടെ പരീക്കറിനെ അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ നിന്ന് ഗോവയിലെത്തിച്ച് സര്‍ക്കാരുണ്ടാക്കിയത് അമിത് ഷായുടെ തന്ത്രമായിരുന്നു. ഇക്കുറി ഈ രണ്ടുപാർട്ടികളെക്കൂടാതെ കളംപിടിക്കാൻ ആം ആദ്മിയും തൃണമൂൽ കോൺഗ്രസുമെത്തിയതോടെ പ്രവചനാതീതമാണ് ഗോവ.

40 മണ്ഡലങ്ങളുള്ള ഗോവയിൽ 26 സീറ്റാണിപ്പോൾ ബി.ജെ.പി.ക്ക്. ഫലം വന്നപ്പോള്‍ 13 സീറ്റായിരുന്നു ഉണ്ടായിരുന്നത്‌. ഭരണം നിലനിർത്തുകയാണ് ബി.ജെ.പി.യുടെ മുന്നിലെ വെല്ലുവിളി. 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആംആദ്മി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിൽ ബി.ജെ.പി. എം.എൽ.എ.മാരായിരുന്ന അലീന സൽദാന കോർട്ടാലിമിലും മഹാദേവ് നായിക്ക് ഷിറോഡയിലും ജനവിധി തേടുന്നുണ്ട്. കോൺഗ്രസിന്റെ വനിതാവിഭാഗം നേതാവായിരുന്ന പ്രതിമ കുട്ടിനോ ആംആദ്മിയുടെ നവേലി മണ്ഡലത്തിലെ സ്ഥാനാർഥിയാണ്.

കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയായ ലൂസിനോ ഫെലേറോ ആണ് തൃണമൂലിനെ നയിക്കുന്നത്. എൻ.സി.പി. മുൻ എം.എൽ.എ. ആയ ചർച്ചിൽ അലിമാവോയും തൃണമൂലിലേക്ക് ചേക്കേറി.

കോൺഗ്രസ് നേതാവായ രവിനായിക് ബി.ജെ.പി.യിലേക്കാണു പോയത്. കൂടുതൽതവണ മുഖ്യമന്ത്രിയായ കോൺഗ്രസിലെ പ്രതാപ് സിങ് റാണെ ഇത്തവണ മത്സരിക്കുന്നില്ല എന്നാണ് സൂചന. അത് അദ്ദേഹത്തിന്റെ മണ്ഡലമായ പൊറിയത്തിൽ ബി.ജെ.പി.ക്ക് ഗുണംചെയ്യുമെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം ബി.ജെ.പി. അദ്ദേഹത്തിന് ആജീവനാന്ത കാബിനറ്റ് പദവി നൽകിയിരുന്നു. മുതിർന്ന ബി.ജെ.പി. നേതാവും മുഖ്യമന്ത്രിയുമായിരുന്ന പരേതനായ മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ സ്വതന്ത്രനായി മത്സരിക്കാൻ രംഗത്തെത്തിയത് ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അടിയൊഴുക്കിൽ തളർന്ന കോൺഗ്രസ്

പ്രധാന നേതാക്കളിൽ പലരും പാർട്ടിമാറിയതോടെ കോൺഗ്രസിന്റെ നില പരുങ്ങലിലാണ്. പാർട്ടിചുമതലയുള്ള എ.ഐ.സി.സി. ജനറൽസെക്രട്ടറി പി. ചിദംബരം രണ്ടുമാസത്തിനിടെ മൂന്നുതവണയെത്തി നേതാക്കളുമായി ചർച്ചനടത്തി. ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോടങ്കർ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ്. ഇദ്ദേഹം ഇത്തവണ മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന. മഡ്ഗാവിൽനിന്നുള്ള എം.എൽ.എ.യും മുൻമുഖ്യമന്ത്രിയുമായ ദിഗംബർ കാമത്തായിരിക്കും തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക. മുതിർന്ന നേതാക്കളുടെ അഭാവത്താൽ പുതുമുഖങ്ങളെ മത്സരരംഗത്ത് ഇറക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.

കോൺഗ്രസിന്റെ വീഴ്ച

17 സീറ്റുമായി ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് വെറും രണ്ട് എംഎൽഎമാരിലേക്കുള്ള വീഴ്ച ഞെട്ടിക്കുന്നതായിരുന്നു. 2017ൽ 40 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വെറും 13 സീറ്റ് മാത്രമായിരുന്നു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റായിരുന്നു വേണ്ടിയിരുന്നത്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷത്തിൽ സംസ്ഥാനത്തിൽ ഭരണത്തിലേറാം എന്ന പ്രതീക്ഷയിലിരിക്കുന്ന കോൺഗ്രസിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു ബിജെപിയുടെ അട്ടിമറി.

Goa
2017 ഗോവ തിരഞ്ഞെടുപ്പ് ഫലം

വെറും 13 എംഎൽഎമാർ മാത്രമുള്ള ബിജെപി കോൺഗ്രസിലെ നേതൃത്വങ്ങൾക്കിടയിലുണ്ടായ അസ്വാരസങ്ങൾ മുതലെടുത്ത് പ്രവർത്തിക്കുകയായിരുന്നു. നിയമസഭാകക്ഷി നേതാവ് ആരാകും എന്ന തർക്കത്തിൽ കോൺഗ്രസ് നേതൃത്വം കുലങ്കശമായി ചർച്ച നടത്തുമ്പോൾ ഭരണം തന്നെ എങ്ങനെ പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ ആലോചന. ഞൊടിയിട കൊണ്ട് പ്രവൃത്തിച്ചതിന്റെ ഫലമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.

കോൺഗ്രസ് നേതൃത്വത്തിനിടയിലെ അസ്വാരസങ്ങൾ മുതലെടുത്ത് മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയും ഗോവ ഫോർവേഡ് പാട്ടിയേയും ബിജെപി കൂടെ കൂട്ടുകയായിരുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടെ മുന്നിൽ ഒരേയൊരു നിബന്ധനയേ ഇവർ മുന്നോട്ട് വെച്ചിരുന്നുള്ളൂ, മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ തിരികെ സംസ്ഥാനത്തിന്റെ തലപ്പത്ത് എത്തിക്കണം എന്ന്. ക്രൈസ്തവ സഭാ നേതൃത്വവും ഈ ആവശ്യമാണ് ബിജെപി നേതൃത്വത്തിന് മുന്നില്‍വച്ചത്‌. ബിജെപി ദേശീയ നേതൃത്വം അതംഗീകരിച്ചതോടെ ഗോവയിൽ അധികാരം സുഖമായി പിടിച്ചെടുത്തു. ഭരണവും നേതൃത്വവും കോൺഗ്രസിന്റെ കണക്കു കൂട്ടലിൽ മാത്രം ഒതുങ്ങി.

കോൺഗ്രസിലെ കൂറുമാറ്റമാണ് മറ്റു പാർട്ടികൾ തിരഞ്ഞെടുപ്പിൽ പ്രാധനമായും ഉന്നയിക്കുന്നത്. 2017ൽ 13 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് അധികാരത്തിലെത്താൻ കോൺഗ്രസിന്റെ സഹായം ഉണ്ടായി എന്നാണ് തൃണമൂൽ അടക്കമുള്ളവരുടെ ആരോപണം.

പരീക്കറില്ലാതെ ഗോവൻ ഭരണം നിലനിർത്താൻ ബിജെപി

ന്യൂനപക്ഷ വോട്ടുകളിലാണ് എല്ലാ പാർട്ടികളുടേയു കണ്ണ്. ക്രൈസ്തവ വോട്ടുകളെ ഏകീകരിച്ച് ബിജെപിയെ ശക്തിപ്പെടുത്തിയിരുന്ന മനോഹർ പരീക്കറിന്റെ അഭാവം ബിജെപിയെ ക്ഷീണം ചെയ്യും. മാത്രമല്ല കോൺഗ്രസും, തൃണമൂലും ആംആദ്മി പാർട്ടിയും കൂടി ചേരുമ്പോൾ ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളലുണ്ടാവുകയും വോട്ട് ചിതറിപ്പോവുകയും ചെയ്യും. പ്രിയങ്കാ ഗാന്ധിയോടൊപ്പം തന്നെ പ്രചാരണത്തിന് കൊഴുപ്പേകാൻ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും രംഗത്തെത്തുന്നതോടെ തിരഞ്ഞെടുപ്പ് ഒന്നു കൂടി കടുക്കുമെന്ന് ഉറപ്പ്. ഇവർക്കൊപ്പം തന്നെ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്രിവാളും പ്രചാരണ രംഗത്തെത്തുന്നതോടെ ഗോവൻ തീരത്ത് തിരഞ്ഞെടുപ്പ് ചൂട് കനക്കും.

ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയിലേക്ക് അടുപ്പിച്ചത് മനോഹർ പരീക്കറായിരുന്നു. 2012ൽ 6 സീറ്റുകളായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ക്രിസ്ത്യൻ വിഭാഗത്തിന് നൽകിയത്. എല്ലാവരും വിജയിക്കുകയും ചെയ്തു. 2017ൽ 8 സീറ്റുകൾ നൽകിയ പരീക്കറിന്റെ നീക്കവും വിജയകരമായിരുന്നു. 2017ൽ ബിജെപിയിൽ ജയിച്ച 13പേരിൽ 7 പേരും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ പരീക്കറിന്റെ മരണ ശേഷം ബിജെപിയിലെ പല എംഎൽഎമാരും അതൃപ്തരാണെന്നാണ് സൂചന. 2 പേർ അടുത്തിടെ രാജിവെക്കുകയും ചെയ്തിരുന്നു. ഇത് മുതലെടുക്കാനായിരിക്കും മറ്റുള്ള പാർട്ടികൾ പ്രധാനമായും ശ്രമിക്കുക. ഭരണവിരുദ്ധ വികാരം തൃണമൂലിന്റെയും എഎപിയുടേയും വരവോടെ വോട്ടുകള്‍ ഭിന്നിക്കുകയും അത് കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് ബിജെപി ക്യാമ്പിന്റെ ഉറച്ച പ്രതീക്ഷ.

പുതിയ സഖ്യം കോൺഗ്രസിനെ തുണക്കുമോ?

നേരത്തെ ബിജെപി സഖ്യകക്ഷി ആയിരുന്ന ഗോവ ഫോർവേഡ് പാർട്ടിയുമായി കോൺഗ്രസിൽ സഖ്യത്തിലാകാൻ തീരുമാനിച്ചിട്ടുണ്ട്. 2019ൽ തങ്ങളു പാർട്ടിയുടെ 3 എംഎൽഎംമാരെ മന്ത്രിസഭാ വികസന സമയത്ത് ഒഴിവാക്കിയതോടെയാണ് പാർട്ടി ബിജെപിയോട് ഇടഞ്ഞത്. തുടർന്ന് ബിജെപിയുമായുള്ള സഖ്യം ഗോവ ഫോർവേഡ് പാർട്ടി പിൻവലിക്കുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് ഗുണം ചെയ്യും എന്ന കണക്കു കൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.

മന്ത്രി മൈക്കള്‍ ലോബോ രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് ബിജെപിയെ ഞെട്ടിച്ചു. സ്വന്തം മണ്ഡലമായ കലുങ്കട്ടിലും സമീപ മണ്ഡലങ്ങളായ സലിഗാവോ, സിയോലിം, മപുസ എന്നിവടങ്ങളിലും സ്വാധീനുള്ള നേതാവാണ് ലോബോ. ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ലോബോ. ഇദ്ദേഹത്തിന് പുറമെ മറ്റൊരു എം.എല്‍.എയായ പ്രവീണ്‍ സാന്റിയയും രാജിവച്ചു. യുവമോര്‍ച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗമായ ഗജാനന്‍ ടില്‍വേയും ഒരു പറ്റം നേതാക്കളും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവരെ കൂടാതെ സ്വതന്ത്ര എംഎല്‍എയായ പ്രസാദ് ഗോണ്‍കറും ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള വൻ പട തന്നെ ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തുന്ന ഗോവയിൽ കോൺഗ്രസിന് വേണ്ടി രാഹുൽ - പ്രിയങ്ക സഖ്യം പ്രതിരോധത്തിനിറങ്ങും. മമതാ ബാനർജിയും അരവിന്ദ് കെജ്രിവാളും പിന്നെ പ്രാദേശിക പാർട്ടികളും പ്രചാരണത്തിനെത്തുന്നതോടെ ഗോവൻ തീരത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടേറിയതാകും.

Content Highlights: Goa Assembly Elections 2022 - all you need to know