രാഷ്ട്രീയപ്പാർട്ടികളിലെ നാടകീയമായ വരവുപോക്കുകളെ ‘ആയാറാം ഗയാറാം’ എന്ന് വിളിച്ചുതുടങ്ങിയത് 1967-ൽ ഹരിയാണയിലാണ്. മണിക്കൂറുകൾക്കുള്ളിൽ പലവട്ടം പാർട്ടിമാറിയ ഗയാലാൽ എന്ന സ്വതന്ത്ര അംഗത്തെച്ചൂണ്ടി അന്നത്തെ കോൺഗ്രസ് നേതാവ് റാവു ബിരേന്ദ്ര സിങ്ങാണ് ‘ആയാറാം ഗയാറാം’ എന്നുവിളിച്ചത്.

സ്വതന്ത്രനായി ഹരിയാണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗയാലാൽ ആദ്യം ചേർന്നത് കോൺഗ്രസിൽ. തൊട്ടുപിന്നാലെ യുണൈറ്റഡ് ഫ്രണ്ടിൽ. വീണ്ടും കോൺഗ്രസിൽ. ഒമ്പതുമണിക്കൂറിനുള്ളിൽ അവിടെനിന്ന് മുങ്ങി വീണ്ടും യുണൈറ്റഡ് ഫ്രണ്ടിൽ. തീർന്നില്ല. മണിക്കൂർ രണ്ടുതികയുംമുമ്പ് തിരിച്ച് കോൺഗ്രസിലേക്ക്. ഗയാലാലിനെ കോൺഗ്രസിൽ തിരിച്ചെത്തിക്കാൻ ചരടുവലിച്ച റാവു ബിരേന്ദ്രസിങ് ഉടൻ പത്രസമ്മേളനം വിളിച്ചു. ഗയാലാലിനെ പത്രപ്രവർത്തകർക്കുമുന്നിൽ കൊണ്ടുവന്ന്‌ പ്രഖ്യാപിച്ചു: ‘ഗയാറാം ഇപ്പോൾ ആയാറാമായിരിക്കുന്നു!’

പിൽക്കാലരാഷ്ട്രീയത്തിൽ വ്യക്തികൾ മാത്രമല്ല, പാർട്ടികളും ‘ആയാറാം ഗയാറാ’മിന്റെ വിശേഷണപരിധിയിൽ വന്നു. തിരഞ്ഞെടുപ്പുനടന്ന് നിമിഷങ്ങൾക്കകം ജനവിധി പലവട്ടം അട്ടിമറിക്കപ്പെട്ടു. അരുണാചൽപ്രദേശ്, ഗോവ, മണിപ്പുർ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ അരങ്ങേറിയ രാഷ്ട്രീയനാടകങ്ങൾ സമീപകാലസംഭവങ്ങളാണ്. ഭരണംപിടിക്കാൻ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിക്കുകയും ഗവർണർമാരെ രാഷ്ട്രീയദൗത്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതിനും സംസ്ഥാനങ്ങൾ സാക്ഷി.

2014-ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷം സംസ്ഥാനങ്ങളിൽ ഭരണംപിടിക്കാനായി മോദി-അമിത് ഷാ കൂട്ടുകെട്ട് വിപുലമായ തന്ത്രങ്ങളാണ് ആവിഷ്കരിച്ചത്. 2024-ൽ കേന്ദ്രത്തിൽ ഭരണം നിലനിർത്തുക എന്ന ലക്ഷ്യംകൂടി മുൻനിർത്തി വരാനിരിക്കുന്ന അഞ്ച് നിയമസഭാതിരഞ്ഞെടുപ്പുകളിൽ ഈ കൂട്ടുകെട്ട് എന്തെല്ലാം അടവുകളാവും പയറ്റുകയെന്നറിയാൻ രാഷ്ട്രീയവൃത്തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കയാണ്.

അരുണാചൽപ്രദേശ്

2015 ഏപ്രിലിലാണ് അരുണാചൽപ്രദേശിൽ രാഷ്ട്രീയനാടകങ്ങൾ. അവിടെ പലവട്ടം രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. രാഷ്ട്രീയ മലക്കംമറിച്ചിലുകളിൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു. ജർബാം ഗാംലിൻ, കാലിഖോപുൾ, നബാം തുകി, പെമ ഖണ്ഡു എന്നിവർ ദിവസങ്ങൾമാത്രം അധികാരക്കസേരയിൽ ഇരുന്നു. കോൺഗ്രസ് നേതാവായ പെമ ഖണ്ഡു മുഖ്യമന്ത്രിയായി മണിക്കൂറുകൾക്കുള്ളിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശിലേക്കും അതുവഴി ബി.ജെ.പി.യിലേക്കും ചേക്കേറി. ഭരണം ബി.ജെ.പി.ക്ക് ഉറപ്പിച്ചു.

ഗോവ

2019 മാർച്ചിൽ ഗോവയിൽ അരങ്ങേറിയത് പാതിരാ രാഷ്ട്രീയനാടകം. മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ മൂന്ന് എം.എൽ.എ.മാരിൽ രണ്ടുപേർ ബി.ജെ.പി.യിൽ ചേർന്നു. ഗോവ സ്പീക്കർ മൈക്കൾ ലോബോ മാർച്ച് 27-ന് പുലർച്ചെ 1.45-ന് ഇവരുടെ രാജിക്കത്ത് സ്വീകരിച്ചു. ജൂലായിൽ 10 കോൺഗ്രസ് എം.എൽ.എ.മാർ നാടകീയമായി ബി.ജെ.പി.യിലേക്ക് ചേക്കേറി. പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവേൽകറുടെ നേതൃത്വത്തിലായിരുന്നു കൂറുമാറ്റം. ഇതോടെ, കോൺഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. 17 എം.എൽ.എ.മാരുമായി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എൻ.ഡി.എ.യുടെ അംഗസംഖ്യ 27 ആയി. ഭരണം സുഗമമായി. എന്നാൽ, മഹാരാഷ്ട്രയിൽ ബി.ജെ.പി. പാതിരാത്രിയിൽ നടത്തിയ രാഷ്ട്രീയനാടകം ശരദ് പവാറിന്റെ തന്ത്രങ്ങളിൽ കുടുങ്ങി തകർന്നു.

കർണാടകം

ജെ.ഡി.എസ്.-കോൺഗ്രസ് സർക്കാരിനെ കടപുഴക്കി 15 കോൺഗ്രസ്-ജെ.ഡി.എസ്. എം.എൽ.എ.മാർ 2019-ൽ ബി.ജെ.പി.യുടെ തട്ടകത്തിലെത്തി. കുമാരസ്വാമി സർക്കാർ നിലംപതിച്ചു. പണവും അധികാരവും നിയന്ത്രിച്ച രാഷ്ട്രീയനാടകം രണ്ടുമാസത്തോളം നീണ്ടുനിന്നു. ഒടുവിൽ ഭരണം ബി.ജെ.പി.യുടെ കൈകളിലെത്തി.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ ജനവിധികൾ അട്ടിമറിക്കൽ പുതുമയല്ല. 20 വർഷത്തിനിടയിൽ 11 മുഖ്യമന്ത്രിമാരെ ഉത്തരാഖണ്ഡ് കണ്ടു. ഏറ്റവും ഒടുവിൽ കഴിഞ്ഞ നാലുമാസത്തിനുള്ളിൽ മൂന്നുമുഖ്യമന്ത്രിമാരെ അവരോധിച്ച് ബി.ജെ.പി. റെക്കോഡിട്ടു.