ഉത്തരം നല്‍കാന്‍ ഉത്തര്‍പ്രദേശ്


മനോജ് മേനോന്‍

Photo: Mathrubhumi

മകാലിക രാഷ്ട്രീയ കളിക്കളത്തില്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫൈനലാണെങ്കില്‍,2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് സെമി ഫൈനലാണ്.രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തില്‍ വിശാലസാന്നിധ്യമായ ഉത്തര്‍പ്രദേശിന്റെ ഉത്തരങ്ങള്‍ക്ക് ഇന്ത്യയുടെ രാഷ്ട്രീയ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്.എഴുപത്തിയഞ്ച് ജില്ലകളും എണ്‍പത് ലോക്‌സഭാ മണ്ഡലങ്ങളും 403 നിയമസഭാ മണ്ഡലങ്ങളുമുള്ള യു.പി. പിടിച്ചാല്‍ ഇന്ത്യ പിടിക്കാമെന്ന മുദ്രാവാക്യം രാഷ്ട്രീയപാര്‍ട്ടികളുടെ മന:പാഠമാകുന്നത് അങ്ങനെയാണ്.

Manoj Menon
ഒന്‍പത് പ്രധാനമന്ത്രിമാരെയും ഒരു രാഷ്ട്രപതിയെയും നല്‍കിയ സംസ്ഥാനമെന്ന വിലാസം മാത്രമല്ല,ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച രാഷ്ട്രീയ നീക്കങ്ങളുടെ പ്രധാന പണിശാലയെന്ന മേല്‍വിലാസവും ഉത്തര്‍പ്രദേശിനുണ്ട്.ദീര്‍ഘകാലം കോണ്‍ഗ്രസിനും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കും ,തുടര്‍ന്ന് ജാതിസമവാക്യങ്ങളെയും സ്വത്വ രാഷ്ട്രീയത്തെയും അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പ്രാദേശികപാര്‍ട്ടികള്‍ക്കും പിന്നീട്, ബി.ജെ.പിക്കും വഴിയൊരുക്കിയ യു.പിയുടെ രാഷ്ട്രീയ ഉള്ളടക്കം എക്കാലത്തും സങ്കീര്‍ണമായിരുന്നു.ഈ സങ്കീര്‍ണതയാണ് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നെഞ്ചിടിപ്പേറ്റുന്നത്.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലെ ജനവിധിയിലേക്കാണ്.ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനും വിവിധ സംസ്ഥാനങ്ങളിലെ 29 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്കും ശേഷം രാജ്യത്തെ രാഷ്ട്രീയത്തിന് അഞ്ച് നിയമസഭാ വിധിയെഴുത്തുകള്‍ ഭാവിരാഷ്ട്രീയത്തിന്റെ അളവുകോലുകളാണ്.രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയായ ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും പ്രതിപക്ഷനിരയിലെ പ്രാദേശിക പാര്‍ട്ടികളും നേരിടുന്ന തിരഞ്ഞെടുപ്പ് ഗോദകളില്‍ വിജയത്തിനൊപ്പം,പരാജയവും രാഷ്ട്രീയ സന്ദേശമാണ്.2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരീക്ഷണ ശാലയായി കണക്കാക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബി.ജെ.പി,കോണ്‍ഗ്രസ്,സമാജ് വാദി പാര്‍ട്ടി,ബി.എസ്.പി,അകാലിദള്‍,ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രധാനപാര്‍ട്ടികള്‍ക്കും നിരവധി പ്രാദേശിക നീക്കങ്ങള്‍ക്കും നിലനില്‍പിന്റെ പോരാട്ടമാണ്.

രാഷ്ട്രീയം തിളയ്ക്കുന്ന ചരിത്രം

ചേരുവകള്‍ വ്യത്യസ്തമെങ്കിലും ബിഹാറിന് സമാനമായ രാഷ്ട്രീയ ചരിത്രമാണ് ,തൊട്ടടുത്തെ സംസ്ഥാനമായ ഉത്തര്‍പ്രദേശിനുമുള്ളത്.ഹിന്ദി ഹൃദയഭൂമിയിലെ മറ്റ് സംസ്ഥാനങ്ങളിലെന്നത് പോലെ ഒരു കാലത്ത് കോണ്‍ഗ്രസിന് ആഴത്തിലുള്ള വേരോട്ടമുണ്ടായിരുന്ന സംസ്ഥാനമാണ് യു.പി.കോണ്‍ഗ്രസിനെ കാലങ്ങളായി അധികാരത്തില്‍ നിലനിര്‍ത്താന്‍ ആള്‍ബലം നല്‍കിയ ശക്തികേന്ദ്രം.ജവഹര്‍ലാല്‍ നെഹ്രു,ലാല്‍ബഹാദുര്‍ ശാസ്ത്രി,ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി എന്നീ പ്രധാനമന്ത്രിമാരെ കോണ്‍ഗ്രസിന് നല്‍കിയ സംസ്ഥാനം.പില്‍ക്കാലത്ത് സോണിയാഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവരെ പിന്തുണച്ച പ്രദേശങ്ങള്‍.പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയ തട്ടകം .ഈ നിലകളില്‍ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശ് ദീര്‍ഘകാല രാഷ്ട്രീയഭൂമിയാണ്.

അതുപോലെ,കോണ്‍ഗ്രസ് വിരുദ്ധ- സോഷ്യലിസ്റ്റ് ചേരികള്‍ക്കും ഇടത് രാഷ്ട്രീയ ധാരകള്‍ക്കും ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി പരിണമിച്ചും ഉത്തര്‍പ്രദേശ് രാഷ്ട്രീയവൈപുല്യത്തിന്റെ ഭൂമിക സൃഷ്ടിക്കുന്നു.രാംമനോഹര്‍ ലോഹ്യയുടെ സൈദ്ധാന്തിക രാഷ്ട്രീയവും രാജ്നാരായണിന്റെ പ്രായോഗിക രാഷ്ട്രീയവുമാണ് ഉത്തര്‍പ്രദേശില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് വിത്തുകളിട്ടത്.എഴുപതുകളില്‍ ജയപ്രകാശ് നാരായണ്‍ നേതൃത്വം നല്‍കിയ ഇന്ദിര-കോണ്‍ഗ്രസ് വിരുദ്ധ സമര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഉത്തര്‍പ്രദേശിനെ ഉണര്‍ത്തിയത് ഈ രാഷ്ട്രീയ പശ്ചാത്തലമാണ്.ഈ സമരപരമ്പരകളിലൂടെയാണ് മുലായം സിംഗ് യാദവടക്കമുള്ള നേതാക്കള്‍ ഉയര്‍ന്നു വന്നത്.പില്‍ക്കാലത്ത് ജാതിസമവാക്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് വഴി മാറിയെങ്കിലും ദീര്‍ഘകാലം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്നു ഉത്തര്‍പ്രദേശ്.ദളിത് ശോഷിത് സമാജ് സംഘര്‍ഷ് സമിതിയിലൂടെ ദളിത് രാഷ്ട്രീയത്തിന് അടിത്തറയൊരുക്കി 1984 ല്‍ കന്‍ഷി റാം ,ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) സ്ഥാപിച്ചതും ഈ ധാരയുടെ തുടര്‍ച്ചയിലായിരുന്നു.

എന്നാല്‍ ഈ രാഷ്ട്രീയ കാലാവസ്ഥയിലും ആര്‍.എസ്.എസും ജനസംഘും പടര്‍ത്തിയ ഹൈന്ദവ രാഷ്ട്രീയ ധാരകള്‍ ഉത്തര്‍പ്രദേശില്‍ വേരോട്ടമുണ്ടാക്കിയിരുന്നു.മതവും രാഷ്ട്രീയവും കൈകോര്‍ക്കുന്ന രാഷ്ട്രീയ പരിസരത്തിലേക്ക് പില്‍ക്കാലത്ത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഇക്കാലത്തെല്ലാം സജീവമായിരുന്നു.രൂപവല്‍ക്കരണകാലം മുതല്‍ ബി.ജെ.പിയെ ഈ അടിത്തറ സഹായിച്ചു.അയോധ്യാ വിഷയം ഉള്‍പ്പടെയുള്ള തീവ്രഹിന്ദുത്വമുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കുന്നതിനും തിരഞ്ഞെടുപ്പ് രാഷ്ട്രീയം നിശ്ചയിക്കുന്ന വിഷയമായി സജീവമാക്കി നിലനിര്‍ത്തുന്നതിനും 1990 കളിലെ രഥയാത്രകള്‍ വഴിയൊരുക്കി.ഈ സാഹചര്യമുപയോഗിച്ച് 1991 ല്‍ ബി.ജെ.പി ആദ്യമായി യു.പിയില്‍ ഭരണത്തിലെത്തി.1992 ലെ ബാബറിമസ്ജിദ് സംഭവം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ മാത്രമല്ല,ദേശീയ രാഷ്ട്രീയത്തിലും ഗതിമാറ്റങ്ങള്‍ക്ക് കാരണമായി.ഹൈന്ദവ മുദ്രാവാക്യങ്ങള്‍ക്കും അവ അടിസ്ഥാനമാക്കിയ രാഷ്ട്രീയത്തിനും ഉത്തര്‍പ്രദേശിന് പുറത്തും വ്യാപനമുണ്ടാക്കാന്‍ ഈ നീക്കങ്ങള്‍ കാരണങ്ങളായി.കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബി.ജെ.പിയുടെ ഭരണമുറപ്പിക്കുന്നതിന് ഈ രാഷ്ട്രീയചേരുവകള്‍ അന്തരീക്ഷമൊരുക്കിയത് പില്‍ക്കാല ചരിത്രം.ഈ രാഷ്ട്രീയധാരക്കെതിരെയുള്ള നീക്കവും ഒപ്പം ശക്തി പ്രാപിച്ചു കൊണ്ടിരുന്നു.

സങ്കീര്‍ണമായ രാഷ്ട്രീയം

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണമെന്ന വാഗ്ദാനം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന ഇനമായിരുന്നു.എന്നാല്‍ അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയോടെ ക്ഷ്രേത്രനിര്‍മാണമെന്ന വാഗ്ദാനം ,വിപുലമായ ക്ഷേത്ര നിര്‍മാണമെന്ന വാഗ്ദാനമാക്കി ബി.ജെ.പി മാറ്റിയെഴുതി.ഇതോടെ മതവും വിശ്വാസവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ അവസാനിക്കുമെന്ന ചിലരെങ്കിലും ധരിച്ചെങ്കില്‍, അതില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി മഥുര ക്ഷേത്രമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതുതായി രാഷ്ട്രീയത്തില്‍ ഉയര്‍ന്നു കഴിഞ്ഞു.

തര്‍ക്കത്തില്‍ കിടക്കുന്ന മഥുരയില്‍ വിശാലമായ ക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം ബി.ജെ.പി നേതാക്കള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ,യു.പി.യുടെ പ്രചരണക്കളത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.കഴിഞ്ഞ മാസം 29 ന് അംറോഹയില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യമായി മഥുര ക്ഷേത്ര വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉന്നയിച്ചത്.

യു.പിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കായ യാദവ വിഭാഗത്തെ സ്വാധീനിക്കുന്നതിനാണ് മഥുരയിലെ കൃഷ്ണക്ഷേത്ര നിര്‍മാണ വാഗ്ദാനത്തിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്.ഇക്കാര്യം തിരിച്ചറിഞ്ഞ് എസ്.പി കരുനീക്കവുമായി രംഗത്തുണ്ട്. മഥുര ക്ഷേത്രത്തിന്റെ പേരില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനുള്ള ബി.ജെ.പി നീക്കത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തിരിച്ചടിക്കുന്നു.മതമെന്നത് വിശ്വാസത്തിന്റെ വിഷയമാണെന്നും അത് രാഷ്ട്രീയമല്ലെന്നും യു.പിയിലെ ജനങ്ങള്‍ക്കറിയാമെന്ന് സമാജ് വാദി വക്താവ് അനുരാഗ് ബദോരിയ പറഞ്ഞു.കര്‍ഷക പ്രശ്‌നം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.ഗോരഖ്പൂരിലെ മഠത്തിലേക്ക് തിരിച്ചു പോകാന്‍ ആദിത്യനാഥിന് സമയമായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് ലല്ലുവും പ്രതികരിച്ചു.

കര്‍ഷക സമരത്തിന്റെ അലകള്‍

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ ചേരുവയല്ല ഇക്കുറി ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ സങ്കീര്‍ണമാക്കുന്നത്.ക്ഷേത്രനിര്‍മാണങ്ങള്‍ അടക്കമുള്ള വൈകാരിക വിഷയങ്ങളും വികസന കാര്‍ഡുകളും ചേരുന്ന പതിവ് ചേരുവ ബി.ജെ.പി ഉയര്‍ത്തുമ്പോള്‍,കര്‍ഷക സമരവും കര്‍ഷകരുടെ ചോരത്തുള്ളികള്‍ വീണ ലഖിംപൂര്‍ ഖേരി സംഭവവും കോവിഡ് പ്രതിരോധത്തിലെ യോഗി സര്‍ക്കാരിന്റെ വീഴ്ചകളും ഹത്രാസ് സംഭവവും ന്യൂനപക്ഷ പീഡന ആശങ്കകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം നേരിടുന്നത്.

ഹൈന്ദവ മുദ്രാവാക്യങ്ങള്‍ക്കൊപ്പം പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ,ഗംഗാ എക്പ്രസ് വേ,കുശിനഗര്‍ വിമാനത്താവളം,ജോവാര്‍ വിമാനത്താവള പദ്ധതി,ഗോരഖ്പൂരിലെ വികസന പദ്ധതികള്‍ തുടങ്ങിയ വികസന കാര്‍ഡുകളാണ് ബി.ജെ.പിയുടെ പ്രചരണത്തിന്റെ തുറുപ്പു ചീട്ടുകള്‍.എന്നാല്‍ ഒരു വര്‍ഷമായി നടന്ന കര്‍ഷക സമരവും ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കിടയില്‍ വാഹനം ഇടിച്ചു കയറ്റിയുണ്ടാക്കിയ ദുരന്തവും തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ ബി.ജെ.പിയെ പ്രതിരോധത്തില്‍ വീഴ്ത്തും.

പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുള്ള കര്‍ഷക സമൂഹത്തില്‍ കാര്‍ഷിക നിയമങ്ങളും അതെച്ചൊല്ലി അരങ്ങേറിയ സമരങ്ങളും സ്വാധീന വിഷയങ്ങളാണ്.കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാരം പിന്‍വലിച്ചെങ്കിലും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ നിയമങ്ങള്‍ പുതിയ രൂപത്തില്‍ കേന്ദ്രം കൊണ്ടു വരുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചരണം ബി.ജെ.പിയെ കുഴക്കുന്നുണ്ട്.ബി.ജെ.പി നേതാക്കളില്‍ ചിലരുടെ ഇത് സംബന്ധിച്ച പ്രസ്താവനകളും എരി തീയില്‍ എണ്ണ പകരുന്നു.

കാര്‍ഷിക മേഖലയായ പശ്ചിമ യു.പിയിലാണ് കര്‍ഷക സമരം തീവ്രസാന്നിധ്യമുയര്‍ത്തുന്നത്.കര്‍ഷക സമരത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെ.പിക്ക് ക്ഷീണമാണുണ്ടാക്കിയത്.സമരകാലത്ത് ബി.ജെ.പി നേതാക്കള്‍ക്ക് കാര്‍ഷിക മേഖലകളിലേക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്നു.പശ്ചിമ യു.പി.സ്വദേശിയായ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലികും ബി.ജെ.പിയുടെ ലോക്സഭാംഗം വരുണ്‍ ഗാന്ധിയും കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തു വന്നത് ഈ സാഹചര്യത്തിലാണ്.കര്‍ഷക വികാരം തിരിച്ചറിഞ്ഞ് കാര്‍ഷിക നിയമങ്ങള്‍ ഒടുവില്‍ പിന്‍വലിച്ചെങ്കിലും അവിശ്വാസ്യതയുടെ മേലങ്കി പശ്ചിമ യു.പിയിലെ കാര്‍ഷിക മേഖലയില്‍ പടര്‍ന്നു കിടപ്പുണ്ട്.താങ്ങുവില,കരിമ്പ് കര്‍ഷകര്‍ക്കുള്ള പണക്കുടിശ്ശിക,ഡീസല്‍ വില,വൈദ്യുതി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളും ഈ പ്രദേശങ്ങളില്‍ ചര്‍ച്ചാവിഷയങ്ങളാണ്.

പടിഞ്ഞാറന്‍ യു.പിയില്‍ ജാട്ടുകളും മുസ്ലിങ്ങളുമാണ് വോട്ട് രാഷ്ട്രീയം നിശ്ചയിക്കുന്നത്.2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ജാട്ടുകള്‍ ബി.ജെ.പിക്കൊപ്പമാണ് നിലയുറപ്പിച്ചത്.മുസഫര്‍നഗര്‍ വര്‍ഗ്ഗീയ കലാപമാണ് ഈ വോട്ടുറപ്പിക്കലിന് അടിസ്ഥാനമായത്.കലാപശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ജാട്ട് വിഭാഗം ഒന്നടങ്കം ബി.ജെ.പിയെ പിന്തുണച്ചപ്പോള്‍ മുസ്ലീം വിഭാഗത്തിന്റെ വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടി,ബി.എസ്.പി,കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കായി ചിതറി.ഇതോടെ ബി.ജെ.പി ഈ മേഖലയില്‍ നിന്ന് വന്‍ നേട്ടം കൊയ്തു.ജാട്ട് നേതാവായ രാകേഷ് ടികായതും കുടുംബവുമായിരുന്നു അന്ന് ബി.ജെ.പിയുടെ പ്രധാനമുഖങ്ങള്‍.

എന്നാല്‍ ഇക്കുറി സ്ഥിതി മാറി.കര്‍ഷക സമരത്തിലൂടെ ജാട്ടുകളും മുസ്ലീങ്ങളും കൈകോര്‍ത്തത് ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയാണ്.മുസ്ലീം-ജാട്ട് വിഭജനത്തിലൂടെ 2017 ലുണ്ടാക്കിയ നേട്ടം ഇപ്രാവശ്യം ഇരുവിഭാഗവും ഒരുമിച്ചതോടെ നഷ്ടപ്പെടുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്.മാത്രമല്ല,ബി.ജെ.പിയെ പിന്തുണച്ചിരുന്ന രാകേഷ് ടികായത്തും കുടുംബവും കര്‍ഷക സമരത്തോടെ ബി.ജെ.പിയില്‍ നിന്ന് അകന്നതും ക്ഷീണമാണ്.ഈ മേഖലയില്‍ പരക്കെ സ്വാധീനമുള്ള ആര്‍.എല്‍.ഡിയുമായി സമാജ് വാദി പാര്‍ട്ടി സഖ്യമുണ്ടാക്കിയതും ബി.ജെ.പിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

പശ്ചിമ യു.പിയില്‍ 14 ജില്ലകളിലുള്ള 71 മണ്ഡലങ്ങളില്‍ നിന്ന് 2017 ല്‍ ബി.ജെ.പി 51 സീറ്റുകളാണ് നേടിയത്.സമാജ് വാദി പാര്‍ട്ടിക്ക് 16 സീറ്റുകള്‍ ലഭിച്ചു.കോണ്‍ഗ്രസിന് 2,ബി.എസ്.പിക്കും ആര്‍.എല്‍.ഡി.ക്കും ഓരോന്ന് വീതം എന്നിങ്ങനെയായിരുന്നു സീറ്റ് നില.

പടിഞ്ഞാറന്‍ യു.പിയില്‍ മേല്‍കൈ നേടുന്നവരായിരിക്കും യു.പിയില്‍ ഭരണത്തിലെത്തുകയെന്നാണ് പൊതു നിരീക്ഷണം.കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ യു.പിയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാമെന്നാണ് എസ്,പിയും ആര്‍.എല്‍.ഡിയും കണക്ക് കൂട്ടുന്നത്.അതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കര്‍ഷക സമരവും ലഖിംപൂര്‍ ഖേരി സംഭവവും സജീവമാക്കി നിലനിര്‍ത്താന്‍ സഖ്യം നിരന്തര ശ്രമത്തിലാണ്.

എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതോടെ പ്രശ്നങ്ങള്‍ അവസാനിച്ചെന്നും കര്‍ഷക ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ മോദി-യോഗി സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.എന്തായാലും ഉത്തര്‍പ്രദേശ് ആര് ഭരിക്കുമെന്നതു പോലെ പ്രധാനമാണ് ഇക്കുറി പശ്ചിമ യു.പിയില്‍ ആര്‍ക്കാണ് മുന്‍തൂക്കം എന്ന ചോദ്യത്തിനുള്ള ഉത്തരം.

പ്രിയങ്കയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

ഒരു കാലത്ത് നിലപാടു തറയായിരുന്ന ഉത്തര്‍പ്രദേശ് കൈവിട്ടു പോയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കാഴ്ചക്കാരുടെ വേഷത്തിലായിരുന്നു കോണ്‍ഗ്രസ്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കാണിയുടെ റോളിന് മാറ്റമുണ്ടായിട്ടില്ല.കോണ്‍ഗ്രസിന്റെ പ്രധാന മുഖമായ രാഹുല്‍ ഗാന്ധി തറവാട്ടു മണ്ഡലമായ അമേഠിയില്‍ കടപുഴകിയതടക്കം തിരിച്ചടികള്‍ ഏറെ. അതിനാല്‍ പഴയ തട്ടകത്തില്‍ സ്വാധീനം വീണ്ടെടുക്കാന്‍ പ്രിയങ്കാ ഗാന്ധിയെയാണ് കോണ്‍ഗ്രസ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഉത്തര്‍പ്രദേശില്‍ സജീവ സാന്നിധ്യം രേഖപ്പെടുത്തുന്ന പ്രിയങ്ക കോണ്‍ഗ്രസിന്റെ സ്വാധീന മേഖലകളില്‍ ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരെ ആകര്‍ഷിക്കുകയെന്ന തന്ത്രമാണ് പ്രിയങ്ക പ്രധാനമായും പയറ്റുന്നത്.ഇതിനായി വനിതാ കേന്ദ്രീകൃത പ്രകടനപത്രികയം വനിതാ പ്രാമുഖ്യമുള്ള സ്ഥാനാര്‍ഥിപട്ടികയും പ്രഖ്യാപിച്ച് പ്രിയങ്ക കളത്തില്‍ സജീവം.40 ശതമാനം സ്ത്രീകള്‍ക്ക് നല്‍കിക്കൊണ്ടാണ് 125 സ്ഥാനാര്‍ഥികളടങ്ങുന്ന ആദ്യഘട്ടം പട്ടിക കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.പൊതുഗതാഗത ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര,സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 3പാചക വാതക സിലിണ്ടറുകള്‍ സൗജന്യം,ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈ-ഫൈ കണക്ഷന്‍ എന്നിവ വാഗ്ദാനപ്പട്ടികയിലുണ്ട്.

എന്നാല്‍ മുകള്‍പ്പരപ്പില്‍ പ്രിയങ്ക ഓളങ്ങള്‍ സൃഷ്ടിക്കുമ്പോഴും താഴെത്തട്ടില്‍ ഈ ആവേശം ഏറ്റെടുക്കാന്‍ സംഘടനാ സംവിധാനമില്ലാത്തത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ്.പ്രിയങ്കയുടെ റാലികളിലുള്ള ആള്‍ക്കൂട്ടം വോട്ടായി മാറണമെങ്കില്‍ ശക്തമായ സംഘടനാ സംവിധാനം അനിവാര്യമാണ്.തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് എന്ന സംഘടനക്കും പുതിയ പാഠം നല്‍കും.

ജാതി രാഷ്ട്രീയത്തിന്റെ ഉള്‍പ്പിരിവുകള്‍

ഉത്തര്‍പ്രദേശില്‍ ഇക്കുറി അരങ്ങേറുന്നത് കടുത്ത രാഷ്ട്രീയ യുദ്ധമാണ്.യുദ്ധ രംഗത്ത് അണിനിരന്നിരിക്കുന്ന ഇരുപക്ഷവും പതിവുകാര്‍ തന്നെ.എന്നാല്‍ ബി.ജെ.പിയുടെ എതിര്‍മുഖത്ത് രാഷ്ട്രീയ പാര്‍ട്ടികളല്ല,രാഷ്ട്രീയ വിഷയങ്ങളാണ് ബലപരീക്ഷണം കടുപ്പിച്ചത്.കര്‍ഷക സമരം ഉള്‍പ്പടെയുള്ള സങ്കീര്‍ണ വിഷയങ്ങളാണ് ഇത്തവണ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് രംഗം സങ്കീര്‍ണമാക്കിയത്.ഇതോടൊപ്പം വിലക്കയറ്റം ഉള്‍പ്പടെ നിത്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളും പ്രചരണത്തെ സ്വാധീനിക്കും.അതിനാല്‍ 2017 ന് സമാനമായി സുഗമപാതയല്ല ബി.ജെ.പിക്ക് മുന്നിലുള്ളത്.

എന്നാല്‍ ഈ സാഹചര്യം തിരിച്ചറിഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ എതിര്‍ക്കുക എന്ന തന്ത്രം ഇതുവരെ യു.പിയില്‍ ഉരുത്തിരിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം.ഭരണകക്ഷികള്‍ക്ക് എക്കാലത്തും സുഗമ പാത ഒരുക്കുന്നത് ചിതറി നില്‍ക്കുന്ന പ്രതിപക്ഷമാണ്.ഈ പാഠം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്ന് പഠിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കാനുള്ള നീക്കമുണ്ടായിട്ടില്ല. ഇത് ബി.ജെ.പിയെ ആശ്വസിപ്പിക്കുന്ന ഘടകമാണ്.എങ്കിലും പ്രധാനമത്സരം ബി.ജെ.പിയും എസ്.പി.യും തമ്മില്‍ തന്നെ.

2017 ല്‍ കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നു.എന്നാല്‍ ഇത്തവണ സമാജ് വാദി പാര്‍ട്ടിയും ആര്‍.എല്‍.ഡിയും സഖ്യമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ് ഈ സഖ്യത്തിന്റ ഭാഗമായിട്ടില്ല.സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് ഇടതുപാര്‍ട്ടികളില്‍ സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.

ബി.എസ്.പി നേതാവ് മായാവതിയുടെ നീക്കങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.2019 ല്‍ സമാജ് വാദി പാര്‍ട്ടിയുമായി കൈകോര്‍ത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട മായാവതി ഇക്കുറി ആരുമായും സഖ്യമില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ട്.സംഘടനാ ദൗര്‍ബല്യങ്ങള്‍ ഗുരുതരമായി നേരിടുന്ന ബി.എസ്.പി ഇതുവരെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിട്ടില്ല.

ഇതിനോടൊപ്പം,അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.ബിഹാറിന്റെ രാഷ്ട്രീയ ചിത്രം നിശ്ചയിച്ചതില്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.ആര്‍.ജെ.ഡിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒവൈസി നടത്തിയ നീക്കം ജെ.ഡി.യു-ബി.ജെ.പി സഖ്യത്തെയാണ് സഹായിച്ചത്.
ഈ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം,ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം നിശ്ചയിക്കുന്നതില്‍ എക്കാലത്തും നായകത്വം വഹിക്കുന്നത് ജാതിരാഷ്ട്രീയത്തിന്റെ ഉള്‍പ്പിരിവുകളാണ്.അതിനെ അടിസ്ഥാനമാക്കിയാണ് യു.പിയുടെ രാഷ്ട്രീയക്കാറ്റ് വീശുന്നത്.ബ്രാഹ്‌മണര്‍,താക്കൂര്‍ തുടങ്ങിയ സവര്‍ണ സമുദായങ്ങളാണ് ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്ക്.ഇതിനൊപ്പം യാദവ ഇതര പിന്നാക്ക വിഭാഗങ്ങളിലെ ചില ജാതി വിഭാഗങ്ങളെയും ഒപ്പം നിര്‍ത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വിജയമുറപ്പിച്ചത്.പ്രധാന പിന്നാക്ക വിഭാഗമായ യാദവരും മുസ്ലീം വിഭാഗവുമാണ് സമാജ് വാദി പാര്‍ട്ടിയുടെ എക്കാലത്തെയും അടിത്തറ.

എന്നാല്‍ ഇക്കുറി ഈ സമവാക്യങ്ങളില്‍ ചില മാറ്റം മറിച്ചിലുകള്‍ ദൃശ്യമാണ്.യോഗി സര്‍ക്കാരിന്റെ താക്കൂര്‍ പ്രീണനസമീപനങ്ങളോട് ബ്രാഹ്‌മണ വിഭാഗത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന മൗര്യ,കുശ്വാഹ,രാജ്ഭര്‍ വിഭാഗങ്ങള്‍ ഇക്കുറി ബി.ജെ.പിയോട് ഇടഞ്ഞ് എസ്.പിക്കൊപ്പമാണ്.പിന്നാക്ക വിഭാഗത്തില്‍ സ്വാധീനമുള്ള രണ്ട് മന്ത്രിമാരും അഞ്ച് എം.എല്‍.എമാരും സമാജ് വാദി പാര്‍ട്ടിയില്‍ ചേക്കേറിയത് ബി.ജെ.പിക്ക് ക്ഷീണമാണ്.

യു.പിയില്‍ അങ്കത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതേയുള്ളു.വീറും വാശിയും കാണാനിരിക്കുന്നതേയുള്ളു.2024 വരെ രാജ്യത്ത് ഉയരുന്ന രാഷ്ട്രീയചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുക ഉത്തര്‍പ്രദേശായിരിക്കും.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented