യോഗേഷ് വെർമ | Photo: ANI
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം ബൈനോക്കുലറിലൂടെ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഒരു സ്ഥാനാര്‍ഥി. സ്‌ട്രോങ് റൂമിന് അകലെയായി നിര്‍ത്തിയിട്ട ജീപ്പില്‍ കയറി നിന്നാണ് സ്ഥാനാര്‍ഥിയുടെയും സംഘത്തിന്റെയും നിരീക്ഷണം.
ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മീററ്റിലെ ഹസ്തനിപുര്‍ മണ്ഡലത്തിലെ എസ്.പി സ്ഥാനാര്‍ഥിയായ യോഗേഷ് വെര്‍മയാണ് ഈ സ്ഥാനാര്‍ഥി. ഇദ്ദേഹവും അണികളും കൂടെ 8 ഷിഫ്റ്റുകളിലായി 24 മണിക്കൂറും സ്‌ട്രോങ് റൂം നിരീക്ഷിക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എതിരാളികള്‍ ശ്രമിച്ചേക്കുമെന്ന ഭയമാണ് ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.
'പശ്ചിമ ബംഗാളില്‍ എന്ത് സംഭവിച്ച് നാം മറക്കരുത്. എക്‌സിറ്റ്‌പോളുകള്‍ പറഞ്ഞത് ബി.ജെ.പി ജയിക്കുമെന്നായിരുന്നു. പക്ഷെ ദീദി (മമത ബാനര്‍ജി) മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചു. എക്‌സിറ്റ്‌പോളുകള്‍ എപ്പോഴും ശരിയാവണമെന്നില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഹസ്തനിപുര്‍ എംഎല്‍എയും ഒരേ പാര്‍ട്ടിക്കാരായിരുന്നു എന്നത് ചരിത്രമാണ്- യോഗേഷ് പറഞ്ഞു.
സര്‍ക്കാരില്‍ വിശ്വാസമുണ്ടെങ്കിലും നാം കരുതിയിരിക്കണമെന്നും യോഗേഷ് പറയുന്നു. യുപിയില്‍ ബി.ജെ.പി തന്നെ വിജയിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നത്.
Content Highlights: UP Candidate Keeps Watch On EVM Strongroom Using Binoculars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..