രാകേഷ് ടികായത്ത് മുസാഫർനഗറിലെ വീട്ടിൽ അച്ഛൻ മഹേന്ദ്ര സിങ് ടികായത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. കര്‍ഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ ഇവിടെ മുസാഫര്‍നഗര്‍ കലാപത്തിനു ശേഷമുള്ള ബി.ജെ.പി.യുടെ മേല്‍ക്കൈക്ക് ഇളക്കം തട്ടിയിരിക്കുന്നു. കലാപത്തിനുശേഷം ഇരുതട്ടിലായ ജാട്ടുകളും മുസ്ലിങ്ങളും വീണ്ടും ഒന്നിച്ചതോടെ ബി.ജെ.പി.യും എസ്.പി.-ആര്.എല്‍.ഡി. മഹാസഖ്യവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് മിക്കയിടത്തും. ആര്‍ക്കും പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കര്‍ഷകസംഘടനകള്‍ മിക്കയിടത്തും അഖിലേഷ് യാദവിന്റെയും ജയന്ത് ചൗധരിയുടെയും മഹാസഖ്യത്തെയാണ് അനുകൂലിക്കുന്നത്. മഹാസഖ്യത്തിന് പിന്തുണ നല്കാന് കര്‍ഷകനേതാക്കളും പറയാതെ പറയുന്നു. ഈ പശ്ചാത്തലത്തില്‍ കര്‍ഷകനേതാവും ഭാരതീയ കിസാന്‍ യൂണിയന് ദേശീയവക്താവുമായ രാകേഷ് ടികായത്ത് മുസാഫര്‍നഗറിലെ സുജ്ലുവിലെ വീട്ടില്‍ മാതൃഭൂമി പ്രതിനിധി പ്രകാശന് പുതിയേട്ടിക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്
കര്‍ഷകസമരത്തോടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയസ്ഥിതി മാറിയിരിക്കുന്നു. യു.പി. തിരഞ്ഞെടുപ്പില്‍ ഭാരതീയ കിസാന്‍ യൂണിയന് മഹാസഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടോ
= കര്‍ഷക യൂണിയന് രാഷ്ട്രീയമില്ല. സമരം നടത്തിയ കര്‍ഷകര്‍ക്ക് ആര്‍ക്ക് വോട്ടുചെയ്യണമെന്നറിയാം, ഞാനതൊന്നും പറയില്ല.
ടികായത്ത് എസ്.പി.ക്ക് പിന്തുണ നല്കുന്നു എന്നാണല്ലോ ജനസംസാരം
= (ചിരിച്ചുകൊണ്ട്) സമരം ചെയ്തതുകൊണ്ടാണ് ആള്ക്കാര് അതു പറയുന്നത്. നമ്മള്‍ക്ക് രാഷ്ട്രീയമൊന്നുമില്ല. ആളുകള്‍ക്ക് എല്ലാമറിയാം. നഷ്ടമുണ്ടായത് കര്‍ഷകര്‍ക്കാണ്. അതിനാല്‍ സ്വാഭാവികമായും സര്‍ക്കാരിനെതിരേ വികാരമുണ്ടാവും.
അപ്പോള്‍ മഹാസഖ്യത്തിന് പിന്തുണ നല്കാന് താങ്കള്‍ ആഹ്വാനം ചെയ്യില്ല
= ഞങ്ങള്‍ അങ്ങനെയൊന്നും പറയില്ല. അവരവരുടെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് എന്തു ചെയ്യണമെന്നറിയാം.
കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചല്ലോ. എന്നിട്ടുമെന്താണ് ബി.ജെ.പി. വിരോധം
= സര്‍ക്കാര്‍ കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവാം. കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ലെങ്കില്‍ വിരോധമുണ്ടാവും. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷികോത്പന്ന വിലയിടിവ്. ഇതൊന്നും തീര്‍ക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
യു.പി. സര്‍ക്കാരും ബി.ജെ.പി. നേതാക്കളുമെല്ലാം ഇപ്പോള്‍ പടിഞ്ഞാറന്‍ യു.പി.യിലാണല്ലോ
= തിരഞ്ഞെടുപ്പല്ലേ. അവര്‍ എല്ലായിടത്തും പോവും.
കര്‍ഷകസമരത്തിന്റെ ഫലമല്ലേ
= അതും കാരണമാണ്. കര്‍ഷകസമരത്തിന്റെ തുടക്കം മുസാഫര്നഗറില്നിന്നാണല്ലോ. 2013-ലെ കലാപവും ഇവിടെനിന്നുതന്നെയാണ്. കലാപംകാരണം ഭാരതസര്‍ക്കാരിന് ഗുണമുണ്ടായി. അതു ആവര്‍ത്തിക്കാനാണ് നോക്കുന്നത്. ഹിന്ദു, മുസ്ലിം, ജിന്ന വിവാദങ്ങള്‍ അതിനാലാണുണ്ടാക്കുന്നത്. ജനങ്ങള്‍ അതില്‍നിന്ന് അകന്നുനില്‍ക്കുകയാണ്.
കുറഞ്ഞ തറവില ഇനിയും ആയില്ലല്ലോ
= തറവിലയുടെ കാര്യത്തില്‍ നിയമമുണ്ടാക്കണം. ഇതിനായി സമിതിയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ അതുണ്ടാക്കിയിട്ടില്ല. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഇതിനെതിരേ സര്ക്കാര്സ്ഥാപനങ്ങള്ക്കുമുന്നില് സമരം നടന്നു.
ലഖിംപുര്‍ പ്രശ്നം ഏതുവരെയായി
= ഈ പ്രശ്നം ഇപ്പോഴുമുണ്ട്. കേന്ദ്രമന്ത്രി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ എവിടെയെങ്കിലും കര്‍ഷകപ്രശ്നം പരാമര്‍ശിക്കപ്പെട്ടാല്‍ സര്‍ക്കാരിന്റെ മുന്നില്‍ ആ വിഷയം തീര്‍ച്ചയായും ഉന്നയിക്കപ്പെടും. നാശനഷ്ടത്തിന്റെ പ്രശ്നവും ബാക്കിയാണ്. നഷ്ടപരിഹാരം കൊടുക്കാന്‍ തുടങ്ങിയിട്ടില്ല.
ബി.ജെ.പി.യും മഹാസഖ്യവും കര്‍ഷകവോട്ട് തങ്ങള്‍ക്ക് കിട്ടുമെന്നാണല്ലോ അവകാശപ്പെടുന്നത്
= ഡല്‍ഹിയില്‍ കര്‍ഷകസമരം നടന്നു. എല്ലാ കര്‍ഷകരുടെയും പേരിലാണത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുഖ്യം കര്‍ഷകരുടെ വോട്ടാണ്. വോട്ടിന്റെ കാര്യംവരുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം കര്‍ഷകന്റെ പേരുപറയും. സമരംകൊണ്ട് ഈ ഗുണമുണ്ടായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ കര്‍ഷകരുടെ പേരു പറയട്ടെ.
അപ്പോള്‍ കര്‍ഷകസമരം തുടരുമോ
= സര്‍ക്കാരിനെതിരേ കര്‍ഷകര്‍ സമരം തുടരും. സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. അതിനാല്‍ സമരം തുടരും. പാര്‍ട്ടികളുമായി അതിനു ബന്ധമൊന്നുമുണ്ടാവില്ല. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സര്‍ക്കാരിനുമുന്നില്‍ വെക്കും.
അഖിലേഷ് പറയുന്നത് എല്ലാ കര്‍ഷകരും അദ്ദേഹത്തിനൊപ്പമാണെന്നാണല്ലോ
= സര്‍ക്കാരിനെതിരേയുള്ള കര്‍ഷകര്‍ അഖിലേഷിന്റെ കൂടെ പോകും. അദ്ദേഹം കര്‍ഷകരുടെ കാര്യമാണ് പറയുന്നത്.
അപ്പോള്‍ അതു താങ്കളായി പറയില്ല
= (ചിരിച്ചുകൊണ്ട്) എന്റെ വായില്നിന്നത് വീഴില്ല. എന്നാല്‍, സര്‍ക്കാരിനെതിരേയുള്ള വോട്ട് അഖിലേഷ് കൊണ്ടുപോവും. സര്‍ക്കാരിനോട് പിണക്കമാണെങ്കില്‍ വോട്ട് എതിരാവും. സര്‍ക്കാരിന് അനുകൂലമാണെങ്കില്‍ അവര്‍ക്ക് കിട്ടും.
ഏതെങ്കിലും രാഷ്ട്രീയനേതാക്കള്‍ സമീപിച്ചിട്ടുണ്ടോ
= വന്നിട്ടുണ്ട്. ബി.ജെ.പി.യും എസ്.പി.യും കോണ്‍ഗ്രസും ഉള്‍പ്പെടെ എല്ലാവരും വന്നിട്ടുണ്ട്.
കോവിഡ് സമയത്ത് കര്‍ഷകരുടെ അവസ്ഥയെന്തായിരുന്നു
= കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് വലിയനഷ്ടമാണ് സംഭവിച്ചത്. ഗ്രാമീണരുടെ മരണമുണ്ടായി. അതവര്‍ക്ക് മറക്കാനാവില്ല. യു.പി. സര്‍ക്കാരിന്റെ മാത്രമല്ല, ഒരു സര്‍ക്കാരിന്റെയും പിന്തുണ കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നില്ല. ആശുപത്രികളിലും സഹായം കിട്ടിയില്ല.
വേറെ എന്തൊക്കെയാണ് കര്‍ഷക ആവശ്യങ്ങള്‍
= പച്ചക്കറികള്‍ക്കും പാലിനും മറ്റു അവശ്യവസ്തുക്കള്‍ക്കും കൃത്യമായ വില ലഭിക്കണം. ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്ക് ജോലി ലഭിക്കണം. ഇതു വലിയപ്രശ്നമാണ്. വിദ്യാഭ്യാസ നിലവാരം താഴുന്നു. അതു തിരിച്ചുകൊണ്ടുവരണം. ആരോഗ്യരംഗം തകര്‍ന്നിരിക്കുന്നു. അതു നന്നാക്കണം. ജനങ്ങള്‍ക്ക് ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കണം. ഇതാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, കാര്‍ഷികോത്പന്ന വില എന്നിവയാണ് ഉത്തര്‍പ്രദേശിലെ പ്രധാനപ്രശ്നങ്ങള്‍.
Content Highlights: Interview With Farmer Leader Rakesh Tikait
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..