സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്| Photo: ANI
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ വീറും വാശിയും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് ഒന്നല്ല, നാല് അഖിലേഷ് യാദവുമാര്‍. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്ഹാലില്നിന്നാണ് മത്സരിക്കുന്നത്. ഇദ്ദേഹത്തിന്റെ കന്നിനിയമസഭാ തിരഞ്ഞെടുപ്പുമാണിത്. സമാജ് വാദി പാര്‍ട്ടിയുടെ തന്നെ മുബാറക്പുരില്നിന്നുള്ള സ്ഥാനാര്‍ഥിയുടെ പേരും അഖിലേഷ് യാദവ് ആണെന്നതാണ് മറ്റൊരു കൗതുകം.
സമാജ് വാദി പാര്‍ട്ടിക്കു മാത്രമല്ല, കോണ്‍ഗ്രസിനുമുണ്ട് സ്വന്തമായി ഒരു അഖിലേഷ് യാദവ്. കോണ്‍ഗ്രസിന്റെ അഖിലേഷ് ജനവിധി തേടുന്നത് ബിക്കാപുരില്‍നിന്നാണ്. നാലാമത്തെ അഖിലേഷ് യാദവ് സ്വതന്ത്രനാണ്. ഗുന്നോറില്‍നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.
മണ്ഡലത്തില്‍നിന്ന് വളരെ നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് മുബാറക്പുരില്നിന്ന് മത്സരിക്കുന്ന എസ്.പി. സ്ഥാനാര്‍ഥി അഖിലേഷ് പ്രതികരിച്ചു. ആളുകള്‍ക്ക് എന്നോട് സഹതാപമുണ്ട്. 2017-ല്‍ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ഞാന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇക്കുറി ജനങ്ങള്‍ ആഗ്രഹിക്കുന്നത് അഖിലേഷ് യാദവ് വിജയിക്കണമെന്നാണ്. അഖിലേഷ് യാദവാകും മുഖ്യമന്ത്രി. മുബാറക്പുരിന്റെ എം.എല്‍.എയും അഖിലേഷ് യാദവായിരിക്കും എന്നാണ് ജനങ്ങള്‍ പറയുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിക്കാപുരില്നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ അഖിലേഷ്, പാര്‍ട്ടിയുടെ അയോധ്യ ജില്ലാ പ്രസിഡന്റു കൂടിയാണ്. എസ്.പി. വിട്ട് 2016-ലാണ് ഈ അഖിലേഷ് കോണ്‍ഗ്രസിലെത്തിയത്. കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ നടന്ന രസകരമായ കാര്യവും അദ്ദേഹം ഓര്‍മിച്ചു. ബിക്കാപുരില് പ്രചാരണത്തിനിടെ തന്റെ അനുയായികളില്‍ ഒരാള്‍ അഖിലേഷ് ഭയ്യ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു. ഇത് കേട്ടുനിന്ന എസ്.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഏറ്റുപിടിച്ചു. പിന്നീടാണ് അവര്‍ക്ക് മനസ്സിലായത് അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടിയാണ് മുദ്രാവാക്യം മുഴക്കിയതെന്ന്, അഖിലേഷ് കൂട്ടിച്ചേര്‍ക്കുന്നു.
ഗുന്നോറില്‍നിന്ന് ജനവിധി തേടുന്ന സ്വതന്ത്രന് അഖിലേഷ് യാദവിന്റെ യഥാര്‍ഥ പേര് ലഖ്വേന്ദ്ര സിങ് എന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മുത്തശ്ശി വിളിച്ചിരുന്നത് അഖിലേഷ് എന്നായിരുന്നു. പിന്നാലെ മറ്റുള്ളവരും ലഖ്വേന്ദ്ര എന്ന പേര് വിട്ട് ഇദ്ദേഹത്തെ അഖിലേഷ് എന്ന് വിളിച്ചു തുടങ്ങി. അഖിലേഷ് എന്ന പേരിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. രസകരമായ മറ്റൊരു കാര്യം, പിതാവ് രാം ഖിലാഡി സിങ്ങാണ് ഗുന്നോറില്‍ അഖിലേഷിന്റെ എതിരാളി എന്നതാണ്. രാം ഖിലാഡി സിങ്ങിന്റെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്നു അഖിലേഷ്.
Content Highlights: in uttar pradesh, four akhilesh yadavs including sp chief are contesting elections
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..