
അപ്നാദൾ, നിഷാദ് പാർട്ടി നേതാക്കൾക്കൊപ്പം ബിജെപി നേതൃത്വം |ഫോട്ടോ:ANI
ലഖ്നൗ: മൂന്ന് മന്ത്രിമാരടക്കം ഒരു ഡസനടുത്ത് എംഎല്‍എമാരുടെ കൂറുമാറ്റവും അഖിലേഷ് യാദവിന്റെ റാലികളില്‍ എത്തിച്ചേരുന്ന ആള്‍ക്കൂട്ടവും ബിജെപിയെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഒബിസി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതിന്റെ അപകടസൂചനകള്‍ മണത്തതോടെ ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പിലെ സഖ്യകക്ഷികളെ ബിജെപി ബുധനാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. നിഷാദ് പാര്‍ട്ടി, അപ്നാദള്‍ (എസ്) എന്നീ പാര്‍ട്ടികളുമായി 403 സീറ്റിലും സഖ്യത്തില്‍ മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ പ്രഖ്യാപിച്ചു.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒബിസി സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അപ്നാദളും നിഷാദ് പാര്‍ട്ടിയും ബിജെപിയുടെ പഴയ സഖ്യകക്ഷികളാണ്. 2014 മുതല്‍ അപ്നാദാള് സഖ്യകക്ഷിയായിട്ടുണ്ട്. 2019 മുതലാണ് നിഷാദ് പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലായത്. എന്നാല്‍ മുമ്പ് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകാര്യതയാണ് ഇരുപാര്‍ട്ടികള്‍ക്കും ബിജെപി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇരുപാര്‍ട്ടി നേതാക്കളേയും ഒരുമിച്ചിരുത്തിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സഖ്യപ്രഖ്യാപനം നടത്തിയത്. അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും സീറ്റ് വിഭജനമെന്നാണ് നേതാക്കള്‍ പറയുന്നത്.
ബിജെപി-അപ്നാദള്‍-നിഷാദ് പാര്‍ട്ടി സഖ്യത്തെ വികസനത്തിന്റെയും സാമൂഹിക നീതിയുടെയും മഹത്തായ മിശ്രിതം എന്നാണ് കേന്ദ്ര സഹമന്ത്രിയും ലോക്സഭാ എംപിയുമായ അപ്നാ ദള്‍ (എസ്) നേതാവ് അനുപ്രിയ പട്ടേല്‍ വിശേഷിപ്പിച്ചത്. 70 വര്‍ഷമായി പരിഹരിക്കപ്പെടാതിരുന്ന പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണ് യുപിയിലെ എന്‍ഡിഎ സര്‍ക്കാര്‍. അതിനിയും തുടരേണ്ടതുണ്ടെന്നും നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് പിന്നാക്ക വിഭാഗ നേതാക്കള്‍ കൂട്ടത്തോടെ ബിജെപി വിട്ടത്. ഇതിന് പിന്നാലെയാണ് പിന്നാക്ക വിഭാഗത്തിന് സ്വാധീനമുള്ള സഖ്യകക്ഷികളുമായി ബിജെപി ബന്ധം ഊട്ടിഉറപ്പിച്ചിരിക്കുന്നത്. പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടി എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് സംബന്ധിച്ച് ഈ നേതാക്കള്‍ സഖ്യപ്രഖ്യാപന വേദിയില്‍ എടുത്ത് പറഞ്ഞതും ശ്രദ്ധേയമാണ്.
'ജെപി നഡ്ഡയും യോഗി ആദിത്യനാഥും സഖ്യകക്ഷി നേതാക്കളായ അനുപ്രിയ പട്ടേല്‍, സഞ്ജയ് നിഷാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലുള്ള എന്ഡിഎക്കൊപ്പമാണ് യുപിയിലെ ജനങ്ങളുടെ അനുഗ്രഹം. ഞങ്ങള്‍ വന്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ഇവിടെ രൂപവത്കരിക്കും', സഖ്യം സംബന്ധിച്ച് അമിത് ഷാ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ച ബിജെപിക്ക് മൂന്ന് മന്ത്രിമാരേയും പത്തോളം എംഎല്‍എമാരേയുമാണ് 72 മണിക്കൂറിനിടെ നഷ്ടമായത്. ഇതില്‍ ഭൂരിപക്ഷം എംഎല്‍എമാരും പോയത് സമാജ് വാദി പാര്‍ട്ടിയിലേക്കായിരുന്നു. ഉത്തര്‍പ്രദേശിലെ ചില ജാതി സമവാക്യങ്ങളും പുറത്തുപോയ എംഎല്‍എമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇതിനിടെ അഖിലേഷ് യാദവിന്റെ കുടുംബത്തില്‍ നിന്നൊരാളെ പാര്‍ട്ടിയിലെത്തിച്ച് ബിജെപി ഇതിന് പ്രതികാരം ചെയ്തു. അഖിലേഷ് യാദവിന്റെ അര്‍ദ്ധസഹോദരന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവാണ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. 2017-ലെ തിരഞ്ഞെടുപ്പില്‍ അപര്‍ണ യാദവ് എസ്പി ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ റീത്ത ബഹുഗുണയോടായിരുന്നു അപര്‍ണ പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പ് അടുത്തതോടെ യുപിയില്‍ പ്രചാരണത്തില്‍ ദേശീയ നേതൃത്വം പിടിമുറുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ജനുവരി മൂന്നാം വാരം മുതല്‍ ഉത്തര്‍പ്രദേശില്‍ പര്യടനം ആരംഭിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക.
ഇതിനിടെ ബിജെപിയുടെ 30 അംഗ താരപ്രചാരക പട്ടികയും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് താരപ്രചാരകരെ നയിക്കുക. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് രണ്ടാമത്. രാജ്നാഥ് സിങ്, അമിത് ഷാ, യോഗി ആദിത്യനാഥ്, സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്, ധര്‍മേന്ദ്ര പ്രധാന്, സ്മൃതി ഇറാനി, മുഖ്താര്‍ അബ്ബാസ് നഖ്വി, ദിനേശ് ശര്‍മ, കേശവ് പ്രസാദ് മൗര്യ, സഞ്ജീവ് ബല്യാന്‍, രാധാമോഹന്‍ സിങ് തുടങ്ങിയവരും പട്ടികയിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..