ഹേമാ മാലിനി, ജയന്ത് ചൗധരി | Photo: PTI
ന്യൂഡല്‍ഹി: ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയുടെ 'ഹേമ മാലിനി' പരാമര്‍ശത്തില്‍ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ ഹേമാമാലിനി. ജയന്ത് ചൗധരിക്ക് ഒരിക്കലും തന്നെപ്പോലെയാവാന്‍ സാധിക്കില്ലെന്നും ഈ സ്ഥാനത്തെത്താന്‍ താന്‍ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്നും ഹേമാമാലിനി പ്രതികരിച്ചു.
ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെ ഹേമമാലിനിയാക്കാമെന്ന് അമിത് ഷാ ആര്‍എല്‍ഡി നേതാവ് യോഗേഷ് നോവാറിനോട് വാഗ്ദാനം ചെയ്തതായാണ് ജയന്ത് ചൗധരി വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ജയന്ത് ചൗധരി ഇക്കാര്യം പറഞ്ഞത്.
'യോഗേഷ് ഞങ്ങളോടൊപ്പം ചേരൂ. ഞാന്‍ നിങ്ങളെ ഹേമമാലിനിയാക്കാം', എന്ന് അമിത് ഷാ യോഗേഷ് നോവാറിനോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. യോഗേഷ് നോവാറിനെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു ജയന്ത് ചൗധരിയുടെ വെളിപ്പെടുത്തല്‍. എനിക്ക് ഹേമമാലിനി ആകേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ തന്നെപ്പോലെ ആവുന്നത് പ്രയാസപ്പെട്ട കാര്യമാണെന്ന് ഹേമാമാലിനി പ്രതികരിച്ചു. ഈ 'ഡ്രീം ഗേള്‍' ആകാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു... ജയന്ത് ചൗധരിക്ക് ഹേമ മാലിനിയാകാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകരോടായി അവര്‍ ചോദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ നേതാക്കളില്‍ ഒരാളെ പാര്‍ട്ടി മാറാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ ബിജെപി എംപിയായ ഹേമാമാലിനിയെ വലിച്ചിഴച്ചതില്‍ ജയന്ത് ചൗധരിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
യുപി തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലാണ് ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി മത്സരിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ജാട്ട് വിഭാഗത്തിനിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ജയന്ത് ചൗധരി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..