ഹാഥാ റാസിലെ ഇരയുടെ വീട്| ഫോട്ടോ-സ്റ്റീഫൻ മാത്യു
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയമാണ് സ്ത്രീസുരക്ഷ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ക്രൂരതയുടെ പുതിയ അധ്യായങ്ങള്‍ ചേര്‍ക്കപ്പെടുന്ന സംസ്ഥാനം. ഉന്നാവിലെ ബലാത്സംഗ കേസുകള്‍ക്കുശേഷം യോഗി സര്‍ക്കാരിന്റെ കാലത്ത് മനസാക്ഷിയെ ഞെട്ടിച്ചതാണ് ഹാഥ്റാസ്. ഡല്‍ഹയില്‍ നിന്ന് 205 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹാഥ്റാസിലെ ഭൂല്ഗഡി ഗ്രാമത്തിലെത്താം. അറുത്തെടുക്കാന്‍ ശ്രമിച്ച നാവുകൊണ്ടു തന്നെ തനിക്കെതിരായ നീതിനിഷേധത്തിനെതിരെ പൊരുതിയ ഇരയുടെ നാട്. ജാതിയാണ് അവളുടെ ദുര്‍വിധിക്ക് വഴിവെച്ച ഒരേയൊരു കാരണം. സര്‍വാണി സദ്യയുടെയും തൊട്ടുകൂടായ്മയുടെയും മൂര്ത്തരൂപങ്ങള് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവിടെ പതിവ് കാഴ്ച്ച. ഉന്നതജാതിക്കാരുടെ തിട്ടൂരങ്ങളില് പാര്‍ശ്വവത്കരിക്കപ്പെട്ട ദളിത് ജീവിതങ്ങള്‍.


ഭീഷണികള്‍ക്ക് നടുവിലാണ് ഇപ്പോഴും പെണ്‍കുട്ടിയുടെ കുടുംബം. ഒന്നരവര്‍ഷത്തിനിപ്പുറം ഹാഥ് റാസിലെ പെണ്‍കുട്ടിയുടെ സഹോദരനെ കാണാനാണ് ഭൂല്ഗുഡിയിലെത്തിയത്. അവിടെ കണ്ടത് സുരക്ഷയുടെ പേരിലുളള ഒറ്റപ്പെടുത്തലായിരുന്നു. തടവറ തീര്‍ത്ത് കേന്ദ്ര പൊലീസിന്റെ കാവല്‍. കുടുംബത്തെ കാണാനെത്തുന്ന ബന്ധുക്കള്‍ പോലും സുരക്ഷ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണം. പേരെഴുതി ഒപ്പിട്ട് മെറ്റല്‍ ഡിറ്റക്റ്റര്‍ കടന്നുവേണം വീട്ടിലെത്താന്‍. ആരെങ്കിലും കുടുംബത്തെ കാണാനെത്തിയാല്‍ നിഴലുപോലെ പോലീസ് കൂടെയുണ്ടാകും. വീട്ടിലേക്കുളള പ്രധാന വഴിയിലും വാതിലനരികിലും ടെറസിലും സുരക്ഷാ സാന്നിധ്യം. കണ്ണിമ ചിമ്മാതെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തി സിസിടിവി ക്യാമറകള്‍. കൂടുതല്‍ ഒറ്റപ്പെടുകയാണ് കുടുംബം. പോലീസ് സാന്നിധ്യത്തില്‍ അവരുടെ പ്രതികരണം പോലും നിയന്ത്രിക്കപ്പെട്ടു.
ഭീഷണികളില്‍നിന്ന് രക്ഷപ്പെടാനുള്ള മോഹങ്ങള്‍ക്ക് ഭരണകൂടമാണ് വിലങ്ങ് തടി. പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഇരയുടെ സഹോദരന് വെളിപ്പെടുത്തി. സംഭവം നടന്നതിനു പിന്നാലെ നിരന്തരം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍. പത്ത് ദിവസം മുന്‍പ് ജയിലിലുളള പ്രതിയുടെ ബന്ധു വിളിച്ചു. ഫോണ്‍ എടുത്തില്ല. അപായപ്പെടുത്താന്‍ അവരെന്ത് ഗൂഢതന്ത്രമാണ് മെനയുകയെന്ന് പറയാനാവില്ലല്ലോ സഹോദരന് ആശങ്കയിലാണ്. ജോലിക്ക് പോകാനാകുന്നില്ല. ജീവന് അപകടത്തിലാകുമോയെന്ന് പേടി. പുറത്തിറങ്ങിയാല്‍ ബ്രാഹ്മണ-താക്കൂര്മാരുടെ പകയോടെയുളള നോട്ടം നേരിടാന്‍ വയ്യ. ഇവിടം വിടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല. വേറെ സ്ഥലത്ത് വീടുവെച്ചു നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ജോലി പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാരിനിപ്പോള്‍ ഒന്നിലും താത്പര്യമില്ല. സഹോദരനോട് സംസാരിക്കുമ്പോഴെല്ലാം കാതൂ കൂര്‍പ്പിച്ച് സായുധ കേന്ദ്ര പൊലീസ് അടുത്തു നില്‍പ്പുണ്ടായിരുന്നു.

പ്രതികളായ സന്ദീപ് താക്കൂര്‍, രാമു, ലവ്കുശ്, രവി എന്നിവര്‍ ഹാഥ് റാസ് ജയിലിലാണ്. 2020 ഡിസംബര്‍ 19ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൊലപാതകം, കൂട്ട ബലാത്സംഗം, പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങള്‍ പ്രകാരമുളള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുപി പൊലീസ് ഇരയുടെ മെഡിക്കല്‍ പരിശോധന വൈകിപ്പിച്ചതും മൊഴി രേഖപ്പെടുത്തുന്നതില്‍ വരുത്തിയ കാലവിളംബമെല്ലാം കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിവേഗ വിചാരണ ഉറപ്പുനല്‍കിയ കേസില്‍ നിയമനടപടിയെല്ലാം ഇഴയുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിചാരണ അകാരണമായി വൈകിപ്പിക്കുകയാണെന്ന സംശയവും സഹോദരന് പ്രകടിപ്പിച്ചു.
Content Highlights: Hathras life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..