യോഗി ആദിത്യനാഥ്| Photo: ANI
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ച വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കേ ഇന്റര്‍നെറ്റില്‍ പ്രചരിച്ച തമാശ ഒരു ബുള്‍ഡോസറിനെക്കുറിച്ചായിരുന്നു. അതിവേഗം എത്തിയ ഒരു സൈക്കിള്‍ ബുള്‍ഡോസര്‍ ഇടിച്ചുനിരപ്പാക്കുന്ന ദൃശ്യമാണ് 'വന്‍ അപകടം' എന്ന ശീര്‍ഷകത്തോടെ വൈറലായി പടര്‍ന്നത്. ഇതിലെ സൈക്കിള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും ബുള്‍ഡോസര്‍ സാക്ഷാല്‍ യോഗി ആദിത്യനാഥിനെയുമാണ് പ്രതിനിധാനം ചെയ്തത്.
അയോധ്യയില്‍ തിരഞ്ഞെടുപ്പുറാലിക്കിടെ മുഖ്യമന്ത്രി യോഗിയെ 'ബാബ ബുള്‍ഡോസര്‍' എന്ന് അഖിലേഷ് വിശേഷിപ്പിച്ചിരുന്നു. കുറ്റവാളികളെയും മാഫിയകളെയും ബുള്‍ഡോസറുപയോഗിച്ച് തകര്‍ക്കുമെന്ന് യോഗി പതിവായി പ്രസംഗിക്കുന്നതിനെ പരിഹസിച്ചായിരുന്നു ഇത്. ബി.ജെ.പി.യാകട്ടെ, അത് ഏറ്റെടുത്തു. കുറ്റവാളികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നയാളെന്ന് യോഗിയെ വിശേഷിപ്പിക്കാന്‍ അവര്‍ ബുള്‍ഡോസര്‍ ബാബ എന്നു വിളിക്കുകയും ചെയ്തു. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും ബി.ജെ.പി. വിജയാഘോഷത്തിന് ബുള്‍ഡോസര്‍ വാടകയ്‌ക്കെടുത്ത് റോഡിലിറക്കുകയും ചെയ്തു.
ഏതായാലും യോഗി ആദിത്യനാഥ് യു.പി. രാഷ്ട്രീയത്തിലെന്നപോലെ ദേശീയരാഷ്ട്രീയത്തിലും കരുത്താര്‍ജിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്‍ഗാമിയാവുക ആരെന്ന ചോദ്യത്തിന് അമിത് ഷാ എന്നതായിരുന്നു ഇതുവരെ സ്വാഭാവിക ഉത്തരം. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 30 വര്‍ഷത്തിനുശേഷം അധികാരം നിലനിര്‍ത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആ പട്ടികയില്‍ സ്ഥാനം പിടിക്കുകയാണ്. തീവ്രഹിന്ദുത്വത്തിന്റെ വക്താവായിരിക്കുമ്പോഴും വികസന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്ന്യാസി എന്ന പ്രതിച്ഛായയുമായിട്ടാകും യോഗിയുടെ ദേശീയ രാഷ്ട്രീയപ്രവേശം. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം ബി.ജെ.പി.യുടെ പ്രചാരണം നയിക്കുന്ന പ്രമുഖനേതാവായി യോഗി ഉയരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ 325 സീറ്റുമായി എന്‍.ഡി.എ. അധികാരത്തിലെത്തിയശേഷമാണ് യോഗി ആദിത്യനാഥ് കളത്തിലേക്ക് വരുന്നത്. പിന്നീട് സംസ്ഥാനത്തിനകത്തും പുറത്തും അദ്ദേഹം വളര്‍ന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി യോഗി എത്തി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിനൊപ്പം ചേര്‍ത്തുനിര്‍ത്തിയാണ് യോഗിയുടെ പേരും പ്രചാരണരംഗത്തുണ്ടായത്. ഇനിയത് ദേശീയ തലത്തിലേക്കാകെ വ്യാപിക്കുമെന്നു തന്നെയാണ് ബി.ജെ.പി.വൃത്തങ്ങള്‍ നല്‍കുന്ന സൂചനയും.
Content Highlights: buldozer baba crushes cycle in uttar pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..