രോഷാകുലരായി ജനം, വന്നകാറില്‍ സ്വന്തം മണ്ഡലത്തില്‍ നിന്ന് തടിതപ്പി ബിജെപി എംഎല്‍എ


1 min read
Read later
Print
Share

നാട്ടുകാർ എംഎൽഎയ്ക്കു മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: twitter.com/sanket/

ലഖ്‌നൗ: രാജ്യത്തെ സാധാരണക്കാര്‍ക്ക് അവരുടെ ജനാധിപത്യാവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പുകള്‍. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോ ദൃശ്യം ഇത്തരമൊരു പ്രതികരണത്തിന്റേതാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം മണ്ഡലത്തിലെത്തിയ ഒരു എംഎല്‍എയെ രോഷാകുലരായ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് നിലംതൊടാന്‍ അനുവദിക്കാതെ ഓടിക്കുന്നതാണ് വീഡിയോ. മുസാഫര്‍നഗറില്‍നിന്നുള്ളതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്ന ഈ ദൃശ്യം.

ഖട്ടൗലിയിലെ ബിജെപി എംഎല്‍എ വിക്രം സിങ് സെയ്‌നി ഇവിടെ ഒരു ഗ്രാമത്തില്‍ ബുധനാഴ്ച തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. എന്നാല്‍, രോഷപ്രകടനവുമായി തടിച്ചുകൂടിയ നാട്ടുകാരാണ് എംഎല്‍എയെ എതിരേറ്റത്. കാറില്‍ സ്ഥലത്തെത്തിയ വിക്രം സിങ്ങിനെതിരേ നാട്ടുകാര്‍ ചീത്തവിളിക്കുന്നതും ബഹളംവെച്ച് വാഹനത്തിനു പിന്നാലെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. എംഎല്‍എയ്‌ക്കെതിരേ കടുത്ത ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുമുണ്ട്.

വിക്രം സിങ് ജനങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുന്നതും പിന്നീട് കൈ കൂപ്പുന്നതും കാണാം. എന്നാല്‍ ജനങ്ങള്‍ എംഎല്‍എയെ കാറില്‍നിന്ന് ഇറങ്ങാന്‍ അനുവദിച്ചില്ല. തുടർന്ന് അദ്ദേഹം വന്ന കാറില്‍ തന്നെ സ്ഥലംവിടുന്നതും ദൃശ്യങ്ങളിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കര്‍ഷക നിയമങ്ങളുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ഗ്രാമീണരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രകോപനപരമായ പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ബിജെപി നേതാവാണ് വിക്രം സെയ്‌നി. ഇന്ത്യയില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്ന് പറയുന്നവരെ ബോംബുവെച്ച് നശിപ്പിക്കുമെന്ന സെയ്നിയുടെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഹിന്ദുക്കളുടെ രാജ്യം ആയതുകൊണ്ടാണ് ഇന്ത്യ ഹിന്ദസ്ഥാന്‍ എന്ന് വിളിക്കപ്പെടുന്നതെന്ന പ്രസ്താവനയും വിവാദമായിരുന്നു. പശുക്കളെ കൊല്ലുന്നവരുടെ അവയവങ്ങള്‍ ഛേദിക്കണമെന്ന വിവാദ പ്രസംഗവും വിക്രം സിങ് സെയ്‌നി നടത്തിയിട്ടുണ്ട്.

Content Highlights: BJP MLA Chased Away By Villagers Of His Constituency Ahead Of UP Polls

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented