അപർണ യാദവ് | Photo: Twitter|Aparna Yadav
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ് മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപിയില്‍നിന്ന് സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പടെ 16 എംഎല്‍എമാരാണ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കനത്ത തിരിച്ചടിയിലും ബിജെപിക്ക് ഒരു പരിധിവരെ ആത്മവിശ്വാസം നല്‍കിയത് അപര്‍ണ യാദവിന്റെ അപ്രതീക്ഷിത വരവായിരുന്നു. 2017ല്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ലഖ്നൗ കന്റോണ്മെന്റില് മത്സരിച്ച അപര്‍ണ ബിജെപിയുടെ റീത്ത ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്. ഇത്തവണ ഇതേ സീറ്റില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും അവസാനനിമിഷം മന്ത്രി ബ്രിജേഷ് പാഠകിനെ ബിജെപി സ്ഥാനാര്‍ഥിയാക്കി. അപര്‍ണയെ എംഎല്‍സിയായി നോമിനേറ്റ് ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
മുലായത്തിന്റെ ഇളയ മകന് പ്രതീക് യാദവിന്റെ ഭാര്യയായ അപര്‍ണ സ്ത്രീകളുടെ ഉന്നമനത്തിനായി ബി അവയര്‍ എന്ന സംഘടന സ്ഥാപിച്ചാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍നിന്നും ബിരുദാനന്തര ബിരുദമുണ്ട്. യുപിയിലെ അറിയപ്പെടുന്ന തുമ് രി കലാകാരി കൂടിയാണ്. സമാജ്വാദി പാര്ട്ടിയിലായിരിക്കുമ്പോഴും പ്രധാനമന്ത്രി മുന്‍കൈയെടുത്ത സ്വച്ഛ് ഭാരത് അഭിയാന് പോലുളള പ്രചാരണങ്ങളുടെ ഭാഗമായി. പല വേദികളിലും പ്രധാനമന്ത്രി പുകഴ്ത്തിയും സമാജ്വാദി പാര്‍ട്ടിക്ക് അവര്‍ തലവേദനയായിരുന്നു. മത്സരരംഗത്തില്ലെങ്കിലും ബിജെപിക്കായി തീവ്ര പ്രചാരണത്തിലാണ് അപര്‍ണ യാദവ്. ലഖ്നൗവില്‍ മാതൃഭൂമി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ നിന്ന്

എന്തുകൊണ്ടാണ് അപര്‍ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ടത് ?
ദേശീയത മാത്രമാണ് ബിജെപിയില്‍ ചേരാന്‍ കാരണം. സമാജ് വാദി പാര്‍ട്ടി നേതൃത്വവുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ല. ബിജെപി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ദേശീയതയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്തു.
ബിജെപിയില്‍ ചേരുമ്പോള്‍ മുലായത്തിന്റെ നിലപാട് എന്തായിരുന്നു?
നേതാജിയെ പോയി കണ്ടിരുന്നു. അദ്ദേഹം എന്നെ അനുഗ്രഹിച്ചു. രാഷ്ട്രീയം ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങള്‍ ആണല്ലോ. വ്യക്തിപരമായി അദ്ദേഹം വിഷയത്തില്‍ ഇടപെട്ടില്ല
യുപിയെക്കുറിച്ച് പറയുമ്പോള്‍ പ്രധാന ചോദ്യമായി മാറുന്നത് സ്ത്രീ സുരക്ഷയാണല്ലോ. യോഗി സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ നടപടികളെ എങ്ങനെ നോക്കി കാണുന്നു.?
യുപിയില്‍ 2017ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോഴുളള അവസ്ഥയല്ലാ ഇപ്പോള്‍. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. ഉന്നാവ്, ഹാഥ് റാസ് പോലുളള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സ്ഥിതി ഏറെ മെച്ചപ്പെട്ടു. പണ്ടൊക്കെ നഗരത്തില്‍ പോലും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഇറങ്ങി നടക്കാന്‍ കഴിയുമായിരുന്നില്ല. സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികള്‍ വനിതകള്‍ ആശ്രയമായിട്ടുണ്ട്. ഇതെല്ലാം ജനവിധിയെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

വികസനത്തില്‍ തുടങ്ങിയ പ്രചാരണമിപ്പോള് എത്തിനില്‍ക്കുന്നത് വര്ഗീയതയിലാണ്. അപര്‍ണ യാദവ് ഇത്തരം പ്രചാരണത്തില്‍ തൃപ്തയാണോ ?
ബിജെപി ഇത്തവണ വര്‍ഗീയത പറഞ്ഞിട്ടില്ല. വികസനമാണ് പ്രധാന മുദ്രാവാക്യം. അഞ്ചു വര്‍ഷക്കാലം യോഗി സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിനാണ് വോട്ട് ചോദിക്കുന്നത്. അതിവേഗ പാതകള്‍, അത്യാധുനിക ആശുപത്രികള്‍ തുടങ്ങി നിരവധി വികസന പദ്ധതികള്‍ ബിജെപി നടപ്പാക്കി. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ജാതിക്കും മതത്തിനും വേണ്ടി വോട്ട് തേടുമ്പോള്‍ ബിജെപി രാജ്യത്തിനുവേണ്ടിയാണ് പോരാടുന്നത്.
ബിജെപിയില്‍ അപര്‍ണയുടെ റോള്‍ എന്തായിരിക്കും.?
നേതൃത്വം എന്ത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും ഏറ്റെടുക്കും. സാധാരണ പ്രവര്‍ത്തകയെന്ന നിലയില്‍ പോലും താന്‍ തൃപ്തയാണ്. ബിജെപിയുടെ വിജയത്തിനു വേണ്ടി പ്രചാരണം നടത്തും. പദവികളൊന്നും തന്നെ പ്രലോഭിപ്പിക്കുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..