അപർണാ യാദവ് ബിജെപി അംഗത്വം സ്വീകരിച്ചപ്പോൾ. ഫോട്ടോ - ANI
ലഖ്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിച്ചേക്കും. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്.
ഇക്കുറി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യപ്പെടുന്നത് എന്നുമായിരുന്നു അഖിലേഷ് മുന്‍പ് പറഞ്ഞിരുന്നത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ അസംഗഢില്‍നിന്നുള്ള എം.പിയാണ് നിലവില്‍ അഖിലേഷ്. ഏത് സീറ്റില്‍നിന്നാണ് അഖിലേഷ് ജനവിധി തേടുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
യു.പി മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗി ആദിത്യനാഥ് മത്സരിക്കാന്‍ തീരുമാനിച്ചതോടെ കളത്തിലിറങ്ങാന്‍ അഖിലേഷ് നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന യോഗി, കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പുര്‍ സദറില്‍നിന്നാണ് മത്സരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്നോ ലഖ്നൗവില്‍നിന്നോ ആകും അഖിലേഷ് ജനവിധി തേടുകയെന്നാണ് സൂചന. ഒന്നിലധികം സീറ്റില്‍നിന്ന് മത്സരിക്കാനും സാധ്യയുണ്ട്.
അതേസമയം യു.പി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകളും അഖിലേഷിന്റെ ഇളയസഹോദരന് പ്രതീകിന്റെ ഭാര്യയുമായ അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ അപര്‍ണ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു. 2017 ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അപര്‍ണാ യാദവ് ജനവിധി തേടിയിരുന്നു. ലഖ്നൗ കന്റോൺമെന്റ് സീറ്റില്‍നിന്ന് മത്സരിച്ച അപര്‍ണ, ബി.ജെ.പിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്.
Content Highlights: Akhilesh Yadav likely to contest in Uttar Pradesh Assembly election 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..