ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പാർട്ടിനേതാക്കളുടെ പ്രസംഗങ്ങൾ വെർച്വൽ മീറ്റിങ്ങുകളായാണ് സംഘടിപ്പിക്കുന്നത്. ദെഹ്റാദൂണിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രിയങ്കാ ഗാന്ധിയുടെ വെർച്വൽ മീറ്റിങ്ങിനായി തയ്യാറെടുപ്പുകൾ നടക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ
ദെഹ്‌റാദൂണ്‍: മഞ്ഞിനൊപ്പം ഉത്തരാഖണ്ഡില്‍ നാമനിര്‍ദേശവും കനത്തു പെയ്തു. സംസ്ഥാനത്തെ 70 നിയമസഭാ സീറ്റുകളിലേക്കായി 750 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇതില്‍ 23 എണ്ണം മാത്രമാണ് നിരസിക്കപ്പെട്ടത്. ഫെബ്രുവരി 14-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം മഞ്ഞിന്റെ മൂടലില്‍നിന്ന് തെളിഞ്ഞുകഴിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം തിങ്കളാഴ്ചയാണ്.

ഉത്തരാഖണ്ഡില്‍ ഒരാഴ്ചയായി കനത്ത മഞ്ഞുവീഴ്ചയാണ്. പ്രചാരണത്തിന്റെ ചൂട് താഴ്വാരങ്ങളില്‍ മാത്രമായി ഒതുങ്ങി. ദെഹ്റാദൂണിലെ ബി.ജെ.പി.-കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ മഞ്ഞിന്റെ പുതപ്പുമാറ്റി ആവേശത്തിന്റെ ചൂടിലേക്ക് അടുക്കുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധിയുടെ വെര്‍ച്വല്‍ പൊതുയോഗം നടക്കാനിരിക്കുന്നതിന്റെ ഒരുക്കങ്ങള്‍ തകൃതിയാണ് ദെഹ്റാദൂണിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത്. ഇത്തവണ കോണ്‍ഗ്രസ് 45 സീറ്റെങ്കിലും നേടി സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വക്താവ് ഗരിമ മെഹ്റ ദസ്വാനി 'മാതൃഭൂമി'യോട് പറഞ്ഞു.
ദെഹ്റാദൂണിലെ ബി.ജെ.പി. ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ വലിയ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ സദാ കാണിച്ചുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനെ 10-ല്‍ താഴെ സീറ്റില്‍ ഒതുക്കുകയും അറുപത് സീറ്റുകളിലേറെ നേടി അധികാരത്തുടര്‍ച്ചയുമാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക് പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തന്നെയാണ് ബി.ജെ.പി.യുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അദ്ദേഹത്തിന്റെ മണ്ഡലമായ ഖട്ടീമ അതുകൊണ്ടുതന്നെ ബി.ജെ.പി.യുടെ അഭിമാനപ്രശ്‌നമാണ്. മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ഥി ഭുവന്‍ചന്ദ്ര കാപ്ടിയാണ് എതിരാളി.
മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്താണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു മുഖം. പക്ഷേ, അദ്ദേഹം ആദ്യം മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച രാംനഗര്‍ മണ്ഡലത്തില്‍നിന്ന് ലാല്‍കുവാ മണ്ഡലത്തിലേക്ക് ചുവടുമാറി. രാംനഗറില്‍ കോണ്‍ഗ്രസിനുള്ളില്‍നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നതാണ് കാരണം.
Content Highlights: Uttarakhand Legislative Assembly election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..