തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി പ്രവർത്തകരുടെ ആഹ്ളാദപ്രകടനം | ഫോട്ടോ: പിടിഐ
ഡെറാഡൂണ്‍: സംസ്ഥാനം രൂപീകരിച്ച് നാളിതുവരെ ഒരു പാര്‍ട്ടിക്കും അധികാരത്തുടർച്ച സാധിച്ചിട്ടില്ലാത്ത ഉത്തരാഖണ്ഡില്‍ ഇതാദ്യമായി ബിജെപി വീണ്ടും അധികാരത്തില്‍. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ ഒപ്പത്തിനൊപ്പം പോരാടിയ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിലേക്കെത്തിയത്. ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ച നേടിയെങ്കിലും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തോറ്റത് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. സിറ്റിങ് മണ്ഡലമായ ഖാത്തിമയില്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയോട് 6,932 വോട്ടിനാണ് പുഷ്‌കര്‍ സിങ് ധാമി തോറ്റത്.
70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയണ് ബിജെപി വീണ്ടും അധികാരം ഉറപ്പിച്ചത്. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭരണത്തില്‍ തിരിച്ചെത്തുക എന്നത് ലക്ഷ്യമിട്ട കോണ്‍ഗ്രസിന് ജനവിധി വന്‍ തിരിച്ചടിയായി. വെറും 18 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. മറ്റുള്ളവര്‍ നാല് സീറ്റിലും വിജയിച്ചു. എന്നാല്‍ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനിറങ്ങിയ ആംആദ്മി പാര്‍ട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയടക്കം വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റുകളാണെന്നിരിക്കെ, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ധാമിയെ കൈവിടേണ്ടതില്ലെന്ന് ബിജെപി
ഖാത്തിമ കൈയ്യൊഴിഞ്ഞെങ്കിലും ധാമിയെ കൈവിടേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബിജെപി. തോറ്റെങ്കിലും വിശ്വസ്തനെ കൈവിടേണ്ട എന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ധാമിയെ വീണ്ടും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള നേതാവായ ദുഷ്യന്ത് കുമാര്‍ ഗൗതം. എന്നാലിത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.
46-കാരനായ ധാമി ഉദ്ധംസിങ് നഗര്‍ ജില്ലയിലെ ഖാത്തിമ മണ്ഡലത്തില്‍ മൂന്നാം തവണയാണ് പോരാട്ടത്തിനിറങ്ങിയത്. 2017-ല്‍ 2709 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഖാതിമ തന്നെ കൈവിടില്ലെന്നായിരുന്നു ധാമിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് അടിതെറ്റി. 6932 വോട്ടുകള്‍ക്കായിരുന്നു പരാജയം.
തിരത്ത് സിങ് റാവത് സ്ഥാനമൊഴിഞ്ഞതോടെ മുഖ്യമന്ത്രി കസേരയിലെത്തിയ ധാമി 249 ദിവസങ്ങള്‍ മാത്രമാണ് അവിടെ ഇരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും തികച്ചില്ലാത്ത സമയത്തായിരുന്നു ധാമിയുടെ സ്ഥാനാരോഹണം. വ്യക്തിപരമായി ക്ഷീണമുണ്ടാക്കിയെങ്കിലും സംസ്ഥാനത്ത് ബിജെപി ഭരണം വീണ്ടും പിടിച്ചതിന്റെ മികവ് ധാമിക്ക് കൂടി അവകാശപ്പെട്ടതാണെന്നാണ് വിലയിരുത്തലുകള്‍. അതുകൊണ്ടാണ് ധാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കംനടത്തുന്നതെന്നാണ് റിപ്പോർട്ട്.
അടിതെറ്റി കോണ്‍ഗ്രസ്
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇഞ്ചോടിഞ്ചു പോരാട്ടം പ്രവചിച്ച സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തോല്‍വി അതിഭീകരമായി. ഭരണപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം അനുസരിച്ച് ഈ തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ കണക്കുകൂട്ടി. ബി.ജെ.പി സര്‍ക്കാരിന്റെ സ്ഥിരതയില്ലാത്ത ഭരണം മുഖ്യ പ്രചാരണ ആയുധമാക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെ മാറ്റിയ ബിജെപിയെ പരിഹസിക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനുള്ള ഗാനം പോലും ഒരുക്കിയിരുന്നത്. ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാമെന്ന കണക്കുകൂട്ടലും തെറ്റിയതോടെ കോണ്‍ഗ്രസ് ഇത്തവണയും പ്രതിപക്ഷത്തായി.
മുഖ്യമന്ത്രിയായില്ലെങ്കില്‍ വീട്ടിലിരിക്കുമെന്ന് പറഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പ് ഗോഥയിലിറങ്ങിയ ഹരീഷ് റാവത്തിനെ ജനങ്ങള്‍ വീട്ടിലിരുത്തി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഹരീഷ് റാവത്ത് ലാല്‍കുവായില്‍ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ബിഷ്തിനോട് 14,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. വോട്ടെണ്ണല്‍ ദിവസം രാവിലെയടക്കം തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു ഹരീഷ് റാവത്ത്. നാല്‍പതിലേറെ സീറ്റ് നേടി കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു റാവതിന്റെ അവകാശവാദം. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലെത്തിയത് 18 സീറ്റുകള്‍ മാത്രം.
ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണയിച്ച ചരിത്രമുള്ള ഉത്തരാഖണ്ഡില്‍, 2000-ലെ സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെ ഒരു മുന്നണിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. 2017 അസംബ്ലി തിരഞ്ഞെടുപ്പില്‍ 70-ല്‍ 57 സീറ്റാണ് ബിജെപി നേടിയത്. വലിയ വിജയം നേടി അധികാരത്തിലെത്തിയിട്ടും അഞ്ചുകൊല്ലത്തിനുള്ളില്‍ രണ്ടു മുഖ്യമന്ത്രിമാരെ മാറ്റുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായി. എന്നാല്‍ ഈ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളൊന്നും കോണ്‍ഗ്രസിന് മുതലാക്കാനായില്ല. എന്നാല്‍ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം ലഭിക്കുന്നതോടെ ദേശീയതലത്തില്‍ ഇത് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിക്കു സാധിക്കും.
Content Highlights: Uttarakhand Election Results: BJP set to return, CM Dhami loses to Cong candidate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..