ഉത്തരാഖണ്ഡിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് (വലത്ത്), നിയമസഭാ പ്രതിപക്ഷനേതാവ് പ്രീതം സിങ്ങിനോടും ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയാലിനോടുമൊപ്പം ദെഹ്‌റാദൂണിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ
ദേവഭൂമിയെന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചേരുന്ന ഒറ്റപ്പദമേയുള്ളൂ, 'അസ്ഥിര സാമ്രാജ്യം'. ഇന്ന് ബി.ജെ.പി.യിലുള്ളയാള്‍ നാളെ കോണ്‍ഗ്രസിലായിരിക്കും. കോണ്‍ഗ്രസിലുള്ളയാള്‍ രണ്ടുദിവസം കഴിയുമ്പോള്‍ ബി.ജെ.പി.യിലും. അതുപോലെയാണ് സര്‍ക്കാരുകളും. രണ്ടായിരത്തില്‍മാത്രം പിറന്നുവീണ ഉത്തരാഖണ്ഡ് 21 വര്‍ഷത്തിനുള്ളില്‍ കണ്ടത് 11 മുഖ്യമന്ത്രിമാരെയാണ്.
കോണ്‍ഗ്രസും ബി.ജെ.പി.യും മാറിമാറിയുള്ള ഭരണമായിട്ടും ഈ രാഷ്ട്രീയ അസ്ഥിരതയ്ക്ക് മാറ്റമുണ്ടായില്ല. നിലവിലെ ബി.ജെ.പി. സര്‍ക്കാരിന് അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെയാണ് പരീക്ഷിക്കേണ്ടിവന്നത്. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ കോണ്‍ഗ്രസിലും ബി.ജെ.പി.യിലും ഒരുപോലെ പ്രശ്‌നങ്ങളുടെ മഞ്ഞുവീഴ്ചയാണ്. ഒരിടത്ത് മഞ്ഞുനീക്കുമ്പോള്‍ മറ്റൊരിടത്ത് നിറയുന്നുണ്ടാകും. കോണ്‍ഗ്രസില്‍ അത് കണ്ണാടിയിലെന്ന പോലെ തെളിഞ്ഞുനില്‍ക്കുമ്പോള്‍ ബി.ജെ.പി.യില്‍ തിരശ്ശീലയ്ക്കപ്പുറമാണെന്നുമാത്രം.
കോണ്‍ഗ്രസ് പ്രതീക്ഷകള്‍
നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഇടമാണ് ഉത്തരാഖണ്ഡ്. എങ്ങനെയും ദേവഭൂമിയില്‍ ഭരണം പിടിക്കുകയെന്നതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനെ മുന്നില്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
സോണിയാ ഗാന്ധിയുമായി അത്ര രസത്തിലല്ലാത്ത റാവത്തിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് വേറെ വഴിയില്ലാഞ്ഞിട്ടാണ്. ജനപിന്തുണയുള്ള മറ്റൊരു മുഖം കോണ്‍ഗ്രസിനിവിടെയില്ല. ഹരീഷ് റാവത്തിനു പുറമേ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോദിയാല്‍, ബി.ജെ.പി. സര്‍ക്കാരിനെ വെറും 11 എം.എല്‍.എ.മാരെ വെച്ചുമാത്രം നേരിട്ട പ്രതിപക്ഷ നേതാവ് പ്രീതം സിങ് എന്നിവരാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അച്ചുതണ്ട്. ഇതില്‍ റാവത്തും ഗോദിയാലും ഒറ്റക്കെട്ടാണ്. ഗോത്രവിഭാഗത്തില്‍നിന്നുള്ള പ്രീതംസിങ് ഒറ്റയാനും. രാഹുല്‍ ഗാന്ധിയുടെ പിന്തുണയുള്ളയാളാണ് പ്രീതംസിങ്.
തനിക്കുശേഷം പ്രളയം എന്നു കരുതുന്ന ഹരീഷ് റാവത്ത് ഒതുക്കല്‍ രാഷ്ട്രീയത്തിന്റെ ചാണക്യനാണ്. ഉത്തരാഖണ്ഡില്‍നിന്ന് മറ്റൊരു നേതാവിനെയും വളര്‍ന്നുവരാന്‍ അനുവദിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ച് ആദ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ റാവത്ത് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പൊതുധാരണ. പക്ഷേ, സോണിയാഗാന്ധി മുന്‍ യു.പി. മുഖ്യമന്ത്രി എന്‍.ഡി. തിവാരിയെയാണ് ആ സ്ഥാനത്ത് കൊണ്ടുവന്നത്. അന്നുമുതല്‍ റാവത്ത് തനിക്കൊപ്പം വളരാന്‍ ആരെയും അനുവദിച്ചില്ല.
2012-ല്‍ കോണ്‍ഗ്രസിന് 32-ഉം ബി.ജെ.പി.ക്ക് 31-ഉം സീറ്റുകളാണ് ലഭിച്ചത്. അന്ന് സ്വതന്ത്രനെയും മറ്റുപാര്‍ട്ടികളെയും ചേര്‍ത്തുനിര്‍ത്തിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. അന്നും ആദ്യം വിജയ് ബഹുഗുണയെ ആണ് മുഖ്യമന്ത്രിയാക്കിയത്. ഉത്തരാഖണ്ഡില്‍ പ്രളയം നേരിടേണ്ടിവന്നതും അഴിമതി നിറഞ്ഞ ഭരണവുമായതോടെ വിജയ് ബഹുഗുണയെ മാറ്റി ഹരീഷ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. വിജയ് ബഹുഗുണയുടെ മകന്‍ സൗരഭ് ബഹുഗുണയുടെ ചരടുവലികളില്‍ 10 എം.എല്‍.എ.മാര്‍ ബി.ജെ.പി.ക്കൊപ്പം പോയി. ഈ 10 പേര്‍ക്കും ബി.ജെ.പി. സര്‍ക്കാരില്‍ മന്ത്രിപദം നല്‍കുകയാണ് അമിത് ഷാ ചെയ്തത്. ഇതില്‍ ചിലര്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നെങ്കിലും ഭൂരിഭാഗവും ബി.ജെ.പി. സ്ഥാനാര്‍ഥികളാണ്.
റാവത്തിനൊപ്പം കോണ്‍ഗ്രസിനെ വളര്‍ത്തിയ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായയെ ഇതിനിടെ തന്ത്രപൂര്‍വം ഒതുക്കി. അതിന്റെ ഫലമായിരുന്നു രണ്ടാഴ്ച മുമ്പ് കിഷോര്‍ ഉപാധ്യായ ബി.ജെ.പി.യിലേക്ക് ചുവടുമാറിയത്. അദ്ദേഹത്തിന് ബി.ജെ.പി. ടെഹരിയില്‍നിന്നു മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി. കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞതവണ ബി.ജെ.പി.യില്‍ പോവുകയും മന്ത്രിയാവുകയും ചെയ്ത ഹരക് സിങ് റാവത്ത് തിരിച്ചെത്തിയെങ്കിലും മത്സരിക്കാന്‍ സീറ്റു നല്‍കിയില്ല. ഇത്തവണ ഒമ്പത് സീറ്റുകളില്‍ വിമതര്‍ കോണ്‍ഗ്രസിന് പ്രത്യക്ഷത്തില്‍ പ്രശ്‌നംസൃഷ്ടിക്കുമെന്ന് കരുതുന്നു. ഇതിനുപുറമേയാണ് പ്രകടമല്ലാത്ത വിമതനീക്കങ്ങള്‍.
ധാമിയില്‍ വിശ്വസിച്ച് ബി.ജെ.പി.
ഉത്തരാഖണ്ഡ് ബി.ജെ.പി.യുടെ കടിഞ്ഞാണ്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൈയിലാണ്. ഒപ്പം ആര്‍.എസ്.എസ്. നിയന്ത്രണത്തിലും. 2017-ല്‍ അധികാരം ലഭിച്ചപ്പോള്‍ മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവായ ത്രിവേന്ദ്ര സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. പക്ഷേ, അത് മണ്ടത്തരമാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു. കാരണം ഭരണനൈപുണ്യമില്ലാത്തയാളായിരുന്നു ത്രിവേന്ദ്ര സിങ്. പിന്നീട് തീര്‍ഥ സിങ്ങിനെ മുഖ്യമന്ത്രിയാക്കി. അദ്ദേഹമാകട്ടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദനായകനായി. അതോടെ അദ്ദേഹത്തിനെ മാറ്റേണ്ടിവന്നു. അങ്ങനെയാണ് 46 വയസ്സുമാത്രമുള്ള പുഷ്‌കര്‍ സിങ് ധാമിയെ മുഖ്യമന്ത്രിയാക്കിയത്. ആര്‍.എസ്.എസിലെ സീനിയര്‍ നേതാക്കളില്‍ പലര്‍ക്കും ഈ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. പക്ഷേ, പരസ്യമായി പറയാന്‍ ഭയമുണ്ട്. ധാമിയാകട്ടെ ഭരണപാടവമുള്ള മുഖ്യമന്ത്രിയെന്ന് തെളിയിച്ചു.

ഇത്തവണ സീറ്റു ലഭിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ വിമതശബ്ദങ്ങളായുള്ളത് ബി.ജെ.പി.ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ബി.ജെ.പി.യുടെ പ്രീപോള്‍ സര്‍വേയില്‍ വീണ്ടും മത്സരിപ്പിച്ചാല്‍ തോല്‍ക്കുമെന്ന് തെളിഞ്ഞ സ്ഥാനാര്‍ഥികളെ ഇത്തവണയും മത്സരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കെതിരേയാണ് ബി.ജെ.പി.യിലെ അസംതൃപ്തര്‍ മത്സരിക്കുന്നത്. വിമതരില്‍ നാലുപേരെക്കൊണ്ട് നാമനിര്‍ദേശം പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും 12 സീറ്റുകളില്‍ അത്ര ശുഭകരമല്ല ബി.ജെ.പി.ക്ക് കാര്യങ്ങള്‍.
കോണ്‍ഗ്രസിലെയും ബി.ജെ.പി.യിലെയും ഉള്‍പ്പിരിവുകളായിരിക്കും ഇത്തവണ ഉത്തരാഖണ്ഡിന്റെ വിധി നിര്‍ണയിക്കുക. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ കോണ്‍ഗ്രസ് പ്രചാരണങ്ങളാണ് ബി.ജെ.പി.യെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് തോന്നും. പക്ഷേ, ആര്‍.എസ്.എസിന് ശക്തമായ വേരോട്ടമുള്ള ദേവഭൂമിയില്‍ അവരുടേത് നിശ്ശബ്ദ പ്രചാരണമാണ്
ഉള്‍പ്പിരിവുകള്‍ നിര്‍ണായകം ഉത്തരാഖണ്ഡ്
:കോണ്‍ഗ്രസിലെയും ബി.ജെ.പി.യിലെയും ഉള്‍പ്പിരിവുകളായിരിക്കും ഇത്തവണ ഉത്തരാഖണ്ഡിന്റെ വിധി നിര്‍ണയിക്കുക. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ കോണ്‍ഗ്രസ് പ്രചാരണങ്ങളാണ് ബി.ജെ.പി.യെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് തോന്നും.
പക്ഷേ, ആര്‍.എസ്.എസിന് ശക്തമായ വേരോട്ടമുള്ള ദേവഭൂമിയില്‍ അവരുടേത് നിശ്ശബ്ദ പ്രചാരണമാണ്. സവര്‍ണമേധാവിത്വമുള്ള ഉത്തരാഖണ്ഡില്‍ ഹിന്ദുത്വത്തിന് മാത്രമാണ് വേരോട്ടമെന്നുള്ളതിനാല്‍ കോണ്‍ഗ്രസും മറ്റൊരു വഴി തേടുന്നില്ല. പലയിടത്തും നിലവിലെ ബി.ജെ.പി. എം.എല്‍.എ. മാര്‍ക്കെതിരേയുള്ള വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം കരുതുന്നത്.
എന്നാല്‍, മോദി-ധാമി പ്രഭാവത്തിലൂടെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന വിശ്വാസമാണ് ബി.ജെ.പി.ക്ക്. ആംആദ്മിയും ബി.എസ്.പി.യും രണ്ടോ അതിലധികമോ സീറ്റുകള്‍ നേടിയേക്കുമെന്ന പ്രവചനവുമുണ്ട്. തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ ശേഷിക്കേ വോട്ടര്‍മാരുടെ മനസ്സിളക്കുന്ന എന്തെങ്കിലും 'ഒന്ന്' സംഭവിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകരും കരുതുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..