റൂര്‍ക്കി: ഇന്ത്യയുടെ അഭിമാന സ്തംഭമായ റൂര്‍ക്കി ഐ.ഐ.ടി. സ്ഥിതി ചെയ്യുന്ന റൂര്‍ക്കി നിയമസഭ മണ്ഡലത്തില്‍ രാഷ്ട്രീയക്കാര്‍ 'ക്ഷ' അല്ല 'റ' വരയ്ക്കേണ്ട ഗതികേടിലാണ്. ബി.ജെ.പി. ആയാലും കോണ്‍ഗ്രസ് ആയാലും പാര്‍ട്ടിയുടെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നു. ഇത്തവണ ഇവിടെ കനത്ത പോരാട്ടമാണ് നടക്കുന്നത്.
ഉത്തരാഖണ്ഡിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ഇടമായി മാറിയിരിക്കുകയാണ് റൂര്‍ക്കി. വിമതര്‍ വട്ടം നില്‍ക്കുന്നതിനിടയില്‍ നിലവിലെ എം.എല്‍.എ.യും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ പ്രദീപ് ബത്രയും മുന്‍മേയറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ യശ്പാല്‍ റാണയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടല്‍.
റൂര്‍ക്കി സിവില്‍ ലൈന്‍ മാര്‍ക്കറ്റിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യശ്പാല്‍ റാണ തിങ്കളാഴ്ച വോട്ടുതേടാനിറങ്ങിയത്. 'ഇത് ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് സത്യസന്ധതയും അഴിമതിയും തമ്മിലുള്ള പോരാട്ടമാണ്' റാണ 'മാതൃഭൂമി'യോട് പറഞ്ഞു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള സീറ്റുകളിലൊന്നും റൂര്‍ക്കിയാണ്.
കോണ്‍ഗ്രസ് അവസാന നിമിഷമാണ് യശ്പാല്‍ റാണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മുന്‍ മന്ത്രി മനോഹര്‍ ലാല്‍ ശര്‍മ, യുവനേതാവായ സച്ചിന്‍ ഗുപ്ത എന്നിവര്‍ക്കായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ചരടുവലികള്‍ നടത്തിയിരുന്നു. പക്ഷെ ഒടുവില്‍ നറുക്ക് ജനകീയനായ മുന്‍ മേയര്‍ റാണയ്ക്ക് വീഴുകയായിരുന്നു.
ആദര്‍ശ് നഗറിലായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥിയായ പ്രദീപ് ബത്ര. 'ഞാന്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. ഉത്തരാഖണ്ഡില്‍ ബി.ജെ.പി. സര്‍ക്കാര്‍ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനായി അവര്‍ എന്നെ വിജയിപ്പിക്കും' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. പക്ഷെ കാര്യങ്ങള്‍ അത്ര അനുകൂലമല്ല ബത്രയ്ക്ക്.
മാസ്‌ക് ധരിക്കാതെ ലോക്ഡൗണില്‍ കുടുംബത്തോടൊപ്പം കറങ്ങിയ ബത്രയ്ക്ക് ഒരു പോലീസുകാരന്‍ പിഴ ചുമത്തിയിരുന്നു. ദിവസങ്ങള്‍ക്ക് അകം പോലീസുകാരനെ സ്ഥലംമാറ്റി. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സബ് ഇന്‍സ്പെക്ടറുടെ നേരെ ബത്ര പണം വലിച്ചെറിയുന്ന വീഡിയോ സാമൂഹകമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മാത്രവുമല്ല ബത്രയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ബി.ജെ.പി.ക്കുള്ളില്‍ നിന്നു തന്നെ വിമതശബ്ദമുയര്‍ന്നതും തലവേദന സൃഷ്ടിക്കുന്നു. മുന്‍ കോണ്‍ഗ്രസുകാരനായ ബത്രയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റു നല്‍കുകയായിരുന്നു.കഴിഞ്ഞ തവണ 40,000 വോട്ടുകള്‍ക്കാണ് പ്രദീപ് ബത്ര കോണ്‍ഗ്രസിന്റെ സുരേഷ് ചന്ദ് ജൈനിനെ പരാജയപ്പെടുതത്തിയത്.
Content Highlights: Uttarakhand Assembly election 2022; Roorkee assembly constituency
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..