തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനു ശേഷം ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി | Photo: Twitter|DD National
നൈനിറ്റാള്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് മന്ദഗതിയില്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കനുസരിച്ച് രാവിലെ ഒമ്പത് മണിവരെ 5.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരക്കുന്നത്. തണുപ്പ് കൂടുതലായതിനാല്‍ ഉച്ചയോടെയായിരിക്കും വോട്ടര്‍മാര്‍ കൂടുതലായി എത്തുകയെന്നാണ് കരുതുന്നത്. ഉദ്ദംസിങ് നഗര്‍, നൈനിറ്റാള്‍, രുദ്രപ്രയാഗ്, പിത്തോഡ്ഗഡ്, അല്‍മോദ എന്നിവടങ്ങളിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
നൈനിറ്റാള്‍ നിയമസഭാ മണ്ഡലത്തിലെ മാതൃക ബൂത്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ത്രിവര്‍ണങ്ങള്‍ കൊണ്ട് അലങ്കരിച്ച് ബലൂണുകളെല്ലാം തൂക്കിയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്നത്. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മനോഹരമായൊരു ഫ്രെയ്മും ഒരുക്കിയിട്ടുണ്ട്.
നൈനിറ്റാളില്‍ അനൗദ്യോഗിക കണക്കനുസരിച്ച് പോളിങ് 10 ശതമാനത്തിലേക്ക് അടുത്തു കഴിഞ്ഞു. ഔദ്യോഗിക കണക്കില്‍ 5.50 ശതമാനമാണ് നൈനിറ്റാളിലെ ഒമ്പത് മണിവരെയുള്ള പോളിങ്. കടുത്ത തണുപ്പിലും നൈനിറ്റാളിലെ പോളിങ് ഉയര്‍ന്നതില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ആവേശത്തിലാണ്. സാധാരണ ഉച്ചയ്ക്ക് ശേഷം മാത്രമാണ് പോളിങ് ശതമാനം ഉയരാറുള്ളതിവിടെ.
തിരഞ്ഞെടുപ്പു നടക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരാഖണ്ഡില്‍ പൊതുവില്‍ കുറഞ്ഞ പോളിങ്ങ് ആണ് രേഖപ്പെടുത്താറുള്ളത്. പ്രത്യേകിച്ച് ഗഡ്വാള്‍-കുമയൂണ്‍ മേഖലകളിലെ പര്‍വതപ്രദേശങ്ങളില്‍. 2017ല്‍ 65.64 ശതമാനമായിരുന്നു പോളിങ്. 2012ല്‍ ഇത് 66.85 ആയിരുന്നു.
ഉത്തരാഖണ്ഡില്‍ ഭരണത്തിന്റെ ചരിത്രം തുടരുമോ തിരുത്തുമോ എന്നറിയാനുള്ള വിധിയെഴുത്താണിത്. രണ്ടുപതിറ്റാണ്ടുമാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസും-ബി.ജെ.പി.യും മാറി മാറിയാണ് ഭരണം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ അത് പുതിയ ചരിത്രമാകും. മറിച്ച് കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ അത് ആ പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ മാത്രമല്ല, ഹിന്ദിഹൃദയഭൂമിയിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വഴിതെളിക്കും. ദേവഭൂമിയിലെ 81.72 ലക്ഷം വോട്ടര്‍മാര്‍ അവരുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും വിധി കുറിക്കുന്ന ദിവസമാണിത്.
ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രം ഭരണമാറ്റമാണ്. 2002ല്‍ കോണ്‍ഗ്രസും 2007ല്‍ ബിജെപിയും അധികാരത്തിലെത്തി. 2012ല്‍ കോണ്‍ഗ്രസ് വീണ്ടുമെത്തിയപ്പോള്‍ 2017ല്‍ ബി.ജെ.പി. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. സംസ്ഥാനത്തെ 70ല്‍ 11 സീറ്റുകളിലും ബി.ജെ.പി വിമതരും 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതരും ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന് പുറമേ 12 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായ യു.കെ.ഡി.യും കടുത്ത മത്സരം കാഴ്ചവെച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം ഹരിദ്വാര്‍ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ ബി.എസ്.പി.യും കാര്യമായ സ്വാധീനം ചെലുത്തിയേക്കും. ആകെയുള്ള 632 സ്ഥാനാര്‍ഥികളില്‍ 155 പേര്‍ സ്വതന്ത്രരാണെന്ന പ്രത്യേകതയുമുണ്ട്.
ബി.ജെ.പി. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സര്‍ക്കാര്‍ എന്ന അര്‍ഥത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതിനാണ് പ്രചാരണങ്ങളില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. മോദി-ധാമി പ്രഭാവം പരമാവധി പ്രയോജനപ്പെടുത്താനായിരുന്നു ശ്രമം. കോണ്‍ഗ്രസാകട്ടെ തൊഴിലില്ലായ്മ, പലായനം, സര്‍ക്കാരിലെ അഴിമതി, അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെ ബി.ജെ.പി. പരീക്ഷിച്ചത് എന്നിവയിലാണ് ശ്രദ്ധയൂന്നിയത്. ആം ആദ്മി പാര്‍ട്ടിയാകട്ടെ 'ഒരവസരം തരൂ' എന്ന അവരുടെ മുദ്രാവാക്യമാണ് ഉയര്‍ത്തിപിടിച്ചത്. ഇതിനിടയില്‍ ഹിന്ദുത്വവികാരത്തിനൊപ്പം നില്‍ക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരുപോലെ ശ്രമിക്കുകയും ചെയ്തു.
നിയമസഭാമണ്ഡലങ്ങള്‍ - 70
സ്ഥാനാര്‍ഥികള്‍ - 636
വോട്ടര്‍മാര്‍ - 81.72 ലക്ഷം
പോളിങ് ബൂത്തുകള്‍ - 11,647
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..