പുഷ്കർ സിങ് ധാമി | ഫോട്ടോ: ടി.കെ പ്രദീപ് കുമാർ
ദെഹ്റാദൂണ്‍: രാത്രി മഞ്ഞില്‍ കുളിച്ചു നില്‍ക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ദെഹ്റാദൂണിലെ ഔദ്യോഗിക വസതി. പന്ത്രണ്ടില്‍ നിന്ന് പത്തിലേക്ക് മഞ്ഞു സൂചി വീണിട്ടും ആരും ഉറങ്ങിയിട്ടില്ല. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയെ കാത്തിരിക്കുകയാണ് ആ വലിയ വീട്. മണ്ഡലങ്ങള്‍ തോറുമുള്ള പര്യടനം കഴിഞ്ഞ് രാത്രി പത്തരയോടെ അദ്ദേഹം വന്നു, നിറഞ്ഞ ചിരിയോടെ. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളുവെങ്കിലും ഉത്തരാഖണ്ഡിലെ ബി.ജെ.പിയുടെ മുഖമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ നയിക്കുന്നതും ധാമിയാണ്. 'മാതൃഭൂമി'ക്കായി അദ്ദേഹം രാത്രി വൈകി അഭിമുഖത്തിന് തയ്യാറായി.. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

ഉത്തരാഖണ്ഡിലെ ജനങ്ങളുടെ അനുഗ്രഹം ബി.ജെ.പി.ക്കൊപ്പമുണ്ട്. മണ്ഡലങ്ങള്‍ തോറും സഞ്ചരിക്കുമ്പോള്‍ ബോധ്യമായ ഒരു കാര്യം പ്രായം ചെന്നവരും അമ്മമാരും യുവാക്കളുമെല്ലാം ബി.ജെ.പി.ക്കൊപ്പമാണെന്നാണ്. ഒരു സംശയവുമില്ല, ഞങ്ങളുയര്‍ത്തിയ മുദ്രാവാക്യമായ 'ഇത്തവണ 60 സീറ്റുകള്‍' എന്നത് നേടും. ബാക്കിയുള്ള 10 സീറ്റുകള്‍ കോണ്‍ഗ്രസും മറ്റുള്ളവരും ചേര്‍ന്ന് വീതിച്ചെടുത്തോട്ടെ.
ബി.ജെ.പി. 60 സീറ്റുമായി ജയിച്ചുവന്നാല്‍ താങ്കള്‍ തന്നെയായിരിക്കുമോ മുഖ്യമന്ത്രി?Video
നോക്കൂ, ഞാനൊരിക്കല്‍ പോലും ഒരു പദവിയും ആഗ്രഹിച്ചിട്ടുമില്ല, ആവശ്യപ്പെട്ടിട്ടുമില്ല. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ ചെയ്യുന്നു അത്രമാത്രം.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിയിക്കുന്ന മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വലിയ ഏതിരാളിയാണല്ലോ?
റാവത്ത്ജി ഉത്തരാഖണ്ഡിന്റെ മുതിര്‍ന്ന നേതാവാണ്. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അദ്ദേഹത്തിന്റെ സ്ഥിതി വഷളാക്കിയിരിക്കുകയാണ്. ആദ്യം പ്രഖ്യാപിച്ചു രാംനഗറില്‍ അദ്ദേഹം മത്സരിക്കുമെന്ന് അവിടെ പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ ലാല്‍കുവ മണ്ഡലത്തിലേക്ക് മാറ്റി. അദ്ദേഹം തന്നെ ട്വീറ്റ് ചെയ്യുന്നു ഞാന്‍ രാഷ്ട്രീയം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന്. പാര്‍ട്ടി തന്നെ അദ്ദേഹത്തെ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച രണ്ടിടങ്ങളിലും അദ്ദേഹം തോല്‍ക്കുകയും ചെയ്തുവെന്നത് മറക്കരുത്.
ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വലിയ വെല്ലുവിളിയെന്താണ്?
അങ്ങനെയൊരു വെല്ലുവിളി ബി.ജെ.പി.ക്ക് ഇവിടെയില്ല. കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താനുള്ള ത്രാണിയില്ലാതായിരിക്കുന്നു. അനായാസമാകും ബി.ജെ.പിയുടെ വിജയം.
ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഉത്തരാഖണ്ഡിന്റെ വികസനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയുട്ടുണ്ടോ?
അടുത്ത 10 വര്‍ഷത്തേക്കുള്ള വികസനപദ്ധതി ബി.ജെ.പി. തയ്യാറാക്കി കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുന്നതിനുള്ള റോഡ് മാപ്പ് കൈവശമുണ്ട്. വിനോദസഞ്ചാരം, റോഡ് വികസനം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ക്ഷേമപദ്ധതികള്‍, തൊഴിലില്ലായ്മയ്ക്ക് പരിഹാരം, പലായനം ഇല്ലാതാക്കുക തുടങ്ങി സ്വന്തം നിലയ്ക്ക് ഉത്തരാഖണ്ഡിന് വളരാനുള്ള പദ്ധതികള്‍ തയ്യാറാണ്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എന്തുസംഭവിക്കും...?
യോഗി ആദ്യത്യനാഥിന്റെ നേതൃത്വത്തില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. 'ഉത്തമദേശ'മായി യു.പി. മാറി. വികസനത്തിന്റെ പുതിയ മാതൃക കാണിച്ചു കൊടുത്തിരിക്കുന്നു. മോദിജിയുടെ നേരിട്ടുള്ള ഇടപടലുകളുമുണ്ട്. രാമക്ഷേത്ര നിര്‍മാണം നടക്കുന്നു. ഇനി മധുരയുടെ ഊഴമാണ്. ഉറപ്പാണ് യോഗിജിയുടെ നേതൃത്വത്തില്‍ അവിടെ ബി.ജെ.പി. സര്‍ക്കാര്‍ വരും.
താങ്കള്‍ ബി.ജെ.പിയുടെ ദേശീയനേതൃത്വത്തിലേക്ക് വരുമെന്ന് ശ്രുതിയുണ്ടല്ലോ..?
ഏയ്, അതൊന്നുമില്ല... ഇപ്പോള്‍ ഉത്തരാഖണ്ഡിനെ വികസനത്തിനായി മുന്നോട്ട് നയിക്കലാണ് എന്റെ ചുമതല.
മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ വളരെ കുറച്ചു മാസങ്ങള്‍ മാത്രമാണ് താങ്കള്‍ക്ക് ലഭിച്ചത്. എന്നിട്ടും ജനകീയനാകാന്‍ സാധിച്ചതെങ്ങനെ?
എല്ലാമേഖലകളിലും ഏതെങ്കിലും രീതിയിലുള്ള വികസനം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. കോവിഡ് വ്യാപനമുണ്ടായതോടെ ഉത്തരാഖണ്ഡിന്റെ പ്രധാന വരുമാനങ്ങളിലൊന്നായ ടൂറിസം നിലച്ചു. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിയില്ലാതായി. ഇവര്‍ക്കെല്ലാം ബി.ജെ.പി. സര്‍ക്കാര്‍ ആശ്വാസ പാക്കേജുകള്‍ നല്കി. സമാനമായി ഗതാഗതം, സാംസ്കാരികം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും പാക്കേജുകള്‍ അവതരിപ്പിച്ചു. പെന്‍ഷനുകളും സബ്സിഡികളും വര്‍ദ്ധിപ്പിച്ചു.
ദിവസം 20 മണിക്കൂറോളം താങ്കള്‍ കര്‍മനിരതനാണെന്ന് കേട്ടിട്ടുണ്ട്. ഇതെങ്ങനെ സാധിക്കുന്നു?
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടാണ് ഇത്തരത്തിലൊരു പ്രചോദനം ലഭിച്ചത്. അദ്ദേഹത്തെ പോലെ സദാ കര്മനിരതനാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഔദ്യോഗിക വസതിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. കുടുംബം എന്റെ ഗ്രാമത്തിലും. ജോലിയില്‍ അത്രമാത്രം മുഴുകുന്നതിനാണ് എന്റെ ശ്രമം.
Content Highlights: uttarakhand assembly election 2022 bjp Pushkar Singh Dhami
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..