മുഖ്യമന്ത്രി വാഴാത്ത ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍


ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് | ചിത്രം: ANI

രുപരിധിവരെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയക്കാറ്റുതന്നെയാണ് ആ സംസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഉത്തരാഖണ്ഡിലും. ഒരു വ്യത്യാസമുള്ളത് സമാജ്‌വാദി പാര്‍ട്ടിക്കോ ബി.എസ്.പി.ക്കോ അവിടെ പറയത്തക്ക സ്വാധീനമില്ല എന്നതാണ്. ബി.ജെ.പി.യും കോണ്‍ഗ്രസുമാണ് ഇവിടെ നേര്‍ക്കുനേര്‍. ഇരുപാര്‍ട്ടികളും മാറിമാറി ഭരിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത് മുതല്‍ കണ്ടുവരുന്ന ട്രന്‍റ്. യു.പി.യില്‍ ബി.ജെ.പി വന്‍നേട്ടം കൊയ്ത 2017-ല്‍, ഉത്തരാഖണ്ഡിലും അത് പ്രതിഫലിച്ചു. 70-ല്‍ 57 സീറ്റാണ് ബിജെപി 2017 അസംബ്ലി തിരഞ്ഞെടുപ്പില്‍ നേടിയത്. എന്നിട്ടും അഞ്ചുകൊല്ലത്തിനുള്ളില്‍ രണ്ടു മുഖ്യമന്ത്രിമാരെ മാറ്റുന്ന സാഹചര്യമുണ്ടായി. മൂന്നാമത്തെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഭരണകക്ഷി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

22 വര്‍ഷങ്ങള്‍ 11 മുഖ്യമന്ത്രിമാര്‍

ഉത്തരാഖണ്ഡ് നിയമസഭയുടെ 22 വര്‍ഷത്തെ ചരിത്രമെടുത്താല്‍ 11 മുഖ്യമന്ത്രിമാര്‍ സംസ്ഥാനം ഭരിച്ചിട്ടുള്ളതായി കാണാം. ചുരുങ്ങിയ കാലയളവില്‍ ഇത്രയധികം മുഖ്യമന്ത്രിമാരെ കണ്ട മറ്റൊരു സംസ്ഥാനവും ഇല്ലെന്നുതന്നെ പറയാം. 2002-ല്‍ ആദ്യ ഉത്തരാഖണ്ഡ് അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായ നാരായണ്‍ ദത്ത് തിവാരിയൊഴികെ മറ്റൊരു മുഖ്യമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

2000-ല്‍ സംസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാരില്‍ മുഖ്യമന്ത്രി പദം അലങ്കരിച്ച നിത്യാനന്ദ സ്വാമിയായിരുന്നു ഉത്തരാഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രി. ആദ്യ അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഭഗത് സിങ് ഘോഷ്യാരിയും ഇടക്കാല മന്ത്രിസഭയുടെ തലപ്പത്തെത്തി. ഏറ്റവും ഒടുവിലായി 2017 ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം തന്നെ മൂന്നു മുഖ്യമന്ത്രിമാര്‍ വന്നുപോയി. 2017 മുതല്‍ 2021 വരെ ത്രിവേന്ദ്ര സിങ് റാവത്ത് ആയിരുന്നു മുഖ്യമന്ത്രി. പിന്നീട് 2021 തിരാത് സിങ് റാവത്ത് മുഖ്യമന്ത്രിയായി. 2021ല്‍ തന്നെയാണ് നിലവിലെ മുഖ്യമന്ത്രിയായ പുഷ്‌കര്‍ സിങ് ധാമി മന്ത്രിസഭയുടെ തലപ്പത്തെത്തുന്നത്.

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

ഉത്തരാഖണ്ഡില്‍ ഭരണത്തുടര്‍ച്ചയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഇതുവരെ കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറിയാണ് സംസ്ഥാനം ഭരിച്ചത്. ആ പതിവ് തിരുത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ പോരും ഗ്രൂപ്പ് കളിയും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മൂന്ന് തവണയാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയത്. കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനാണ് ആദ്യം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. പകരം വന്ന തീരഥ് സിങ് റാവത്തിനും അധികകാലം മുഖ്യമന്ത്രി കസേരയിലിരിക്കാനായില്ല.

uttarakhand

കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പിന്‍ഗാമിയായാണ് തീരഥ് സിങ് റാവത്ത് ചുമതലയേറ്റത്. എം.എല്‍.എ.യല്ലായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമാകാന്‍ തീരഥ് സിങ്ങിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തുവരെ സമയമുണ്ടായിരുന്നു. എന്നാല്‍, കോവിഡ്മൂലം ഉപതിരഞ്ഞെടുപ്പുകള്‍ ഉടനെ നടത്തേണ്ടതില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് റാവത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. തുടര്‍ന്നാണ് പുഷ്‌ക്കര്‍ സിംഗ് ധാമി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

57 സീറ്റുകള്‍ എന്ന ചരിത്രത്തിലെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി സംസ്ഥാനത്ത് ഭരണത്തിലേറിയത്. പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനാകട്ടെ 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നിലവില്‍, ആറ് നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ള 53 ബി.ജെ.പി. എംഎല്‍എമാരില്‍ 14 പേരോളം കോണ്‍ഗ്രസ് വിട്ടു വന്നവരാണ്. ഇവര്‍ ഏത് നിമിഷവും മറുകണ്ടം ചാടിയേക്കുമെന്നുള്ള ഭയം ബി.ജെ.പിക്കുണ്ട്. അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ രാജിനാടകങ്ങള്‍ ബിജെപിയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നുമുണ്ട്.

തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസാകട്ടെ, ഏറ്റവും പ്രതീക്ഷ വെച്ചുപുലർത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. അതിന് ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രവും അവര്‍ക്ക് അനുകൂലമാണ്. ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഒപ്പം, ബി.ജെ.പി സര്‍ക്കാരിന്റെ സ്ഥിരതയില്ലാത്ത ഭരണം മുഖ്യ പ്രചാരണ ആയുധമാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെ മാറ്റിയ ബിജെപിയെ പരിഹസിക്കുന്ന രീതിയിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനുള്ള ഗാനം ഒരുക്കിയിരിക്കുന്നത്. 'തീന്‍ തിഗാര, കാം ബിഗാഡ' എന്നാണ് കോണ്‍ഗ്രസിന്റെ ഗാനം.

Uttarakhand

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പഞ്ചാബിനു പുറമേ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ബിജെപിക്കുള്ളിലെ പ്രശ്നങ്ങള്‍ മുതലെടുക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇതുവരെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെ തിരിച്ചെത്തിക്കാമനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നു. അതിന്റെ ഭാഗമായാണ് കാബിനറ്റ് മന്ത്രിയും പ്രമുഖ ദളിത് നേതാവുമായ യശ്പാല്‍ ആര്യയെയും അദ്ദേഹത്തിന്റെ എം.എല്‍.എയായ മകനെയും കോണ്‍ഗ്രസിലേക്ക് തിരികെ എത്തിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഹരീഷ് റാവത്ത് തന്നെയാകും പാര്‍ട്ടിയെ നയിക്കുക. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കണമെന്നും റാവത്ത് നിരന്തരമായി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കീഴ്വഴക്കം ഇല്ലാത്തതിനാല്‍ നേതൃത്വം വഴങ്ങിയിയിരുന്നില്ല. തുടര്‍ന്ന് റാവത്ത് നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് താല്ക്കാലിക വെടിനിര്‍ത്തെലെന്നോണം കോണ്ഡഗ്രസ് തീരുമാനത്തിലേക്ക് എത്തിയത്.

Made with Flourish
കര്‍ഷക സമരം ബിജെപിയുടെ പ്രതീക്ഷ തെറ്റിക്കുമോ?

മുഖ്യമന്ത്രിമാരുടെ മാറ്റങ്ങളും പാര്‍ട്ടിയിലെ മുറുമുറുപ്പും മാത്രമല്ല, ബി.ജെ.പി. നേരിടുന്ന പ്രശ്‌നം. പശ്ചിമ യു.പി.യില്‍ നടന്ന കര്‍ഷകസമരം ആ പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന ഉത്തരാഖണ്ഡിലും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ഇക്കുറി കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നാണ് ചില അഭിപ്രായസര്‍വേകള്‍ പറയുന്നത്. പാര്‍ട്ടിയെ സജീവമാക്കാന്‍ ഫലപ്രദമായ നീക്കങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് ഹരീഷ് റാവത്തിന്റെയും കൂട്ടരുടെയും പരാതി. ഈയിടെ കേന്ദ്രനേതൃത്വത്തിനെതിരേ പരസ്യമായി പ്രതികരിച്ച റാവത്തിനെ ഹൈക്കമാന്‍ഡ് അനുനയിപ്പിച്ച് കൂടെ നിര്‍ത്തിയിരിക്കയാണ്.

ഇതുവരെ ഒരു പാര്‍ട്ടിക്കും ഉത്തരാഖണ്ഡിലെ വോട്ടര്‍മാര്‍ തുടര്‍ഭരണം നല്‍കിയിട്ടില്ല. അതുതന്നെയാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷയും. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഹരീഷ് റാവത്തും തുടര്‍ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയായി തുടരാമെന്ന് പ്രതീക്ഷയുമായി പുഷ്‌കര്‍ സിങ് ധാമിയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ എന്ത് സസ്പെന്‍സാണ് ഉത്തരാഖണ്ഡ് വോട്ടര്‍മാര്‍ കരുതിവെച്ചിരിക്കുന്നതെന്ന് കണ്ടുതന്നെ അറിയണം.

Content Highlights: Uttarakhand Assembly Election 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented