പ്രതീകാത്മക ചിത്രം | Screengrab: മാതൃഭൂമി ന്യൂസ്
രുദ്ര പ്രയാഗ് : കേരള മാതൃകയില്‍ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രണ ബോര്‍ഡിന്റെ കീഴിയിലാക്കാന്‍ നടത്തിയ നീക്കം ബിജെപിക്ക് ഉത്തരാഖണ്ഡില്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. തീരുമാനം പുഷ്‌കര്‍ സിംഗ് ധാമി സര്‍ക്കാര്‍ പിന്‍വലിച്ചുവെങ്കിലും ഒരു വിഭാഗം പൂജാരിമാരും, ഭക്തരും ബിജെപിക്ക് എതിരെ പരസ്യ നിലപാട് സ്വീകരിക്കുകയാണ്. എന്നാല്‍ തീരുമാനം പിന്‍വലിക്കാനുള്ള പുഷ്‌കര്‍ സിംഗ് ധാമിയുടെ തീരുമാനം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
ചാര്‍ ദാമുകളായ ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാര്‍നാഥ് എന്നിവയ്ക്ക് പുറമെ 45 ക്ഷേത്രങ്ങളുടെ ഭരണമാണ് ദേവസ്ഥാനം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിനാണ് ചാര്‍ ധാം ദേവസ്ഥാനം ബോര്‍ഡ് 2020 ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും, വൈസ് ചെയര്‍മാന്‍ സംസ്ഥാന സാംസ്‌കാരിക മന്ത്രിയും ആയിരുന്നു. ബോര്‍ഡ് രൂപീകരണം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു.
എന്നാല്‍ ബോര്‍ഡ് രൂപീകരണത്തിനെതിരെ പൂജാരിമാര്‍, ഭക്തര്‍ എന്നിവരില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. വിശ്വഹിന്ദു പരിഷത്, ആര്‍ എസ് എസ് എന്നി സംഘടനകള്‍ ബോര്‍ഡ് രൂപീകരണത്തെ ശക്തമായി എതിര്‍ത്തു. ക്ഷേത്രങ്ങളുടെ സ്വത്ത്, ആസ്തി എന്നിവ ബോര്‍ഡിന്റെ കീഴില്‍ ആക്കാനുള്ള നീക്കമാണ് പൂജാരിമാര്‍ ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പിന് വഴി വച്ചത്.
ക്ഷേത്രത്തിന്റെ പണം കൈക്കലാക്കനാണ് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നതെന്ന് കേദാര്‍ നാഥ്, ബദരീനാഥ് ക്ഷേത്ര മുന്‍ ഭരണസമിതി അംഗം ദിന്‍കര്‍ ബാബുല്‍ക്കര്‍ ആരോപിച്ചു. ഒരു കൂടിയാലോചനയും നടത്താതെയാണ് ത്രിവേന്ദ്ര സിംഗ് റാവത്ത് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാബുല്‍ക്കര്‍ പറഞ്ഞു.
എന്നാല്‍ ജനം ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടേയെന്ന് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. പലരും ആവശ്യപെട്ടിട്ടാണ് ബോര്‍ഡ് രൂപീകരിച്ചത് എന്നും റാവത്ത് പറഞ്ഞു. പുഷ്‌കര്‍ സിംഗ് ധാമി സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനം പിന്‍വലിച്ചുവെങ്കിലും ഒരു വിഭാഗം പൂജാരിമാര്‍ ഇപ്പോഴും ബിജെപിക്ക് എതിരാണ്.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തരാഖണ്ഡില്‍ വന്‍ വിജയം നേടാന്‍ കഴിഞ്ഞത് ഹിന്ദു വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് കേന്ദ്രീകരിച്ചത് കൊണ്ടാണ്. ഹിന്ദു വോട്ട് ബാങ്കില്‍ ലക്ഷ്യം വച്ച് കോണ്‍ഗ്രസ് ഇത്തവണ ചാര്‍ ധാം വിഷയം തെരെഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ച വിഷയം ആകുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..