പുഷ്കർ സിങ് ധാമി | Photo: ANI
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താനായാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് തയ്യാറാക്കാന്‍ ഒരു സമിതി രൂപവത്കരിക്കും. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമങ്ങളാവും ഏകീകൃത സിവില്‍ കോഡ് ഉറപ്പുവരുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ധാമി പ്രഖ്യാപിച്ചു.
ഈ പ്രഖ്യാപനം എന്റെ പാര്‍ട്ടിയുടെ പ്രമേയമാണ്, പുതിയ ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ചാലുടന്‍ അത് നിറവേറ്റപ്പെടും. 'ദേവഭൂമി'യുടെ സംസ്‌കാരവും പൈതൃകവും സൂക്ഷിക്കുക എന്നത് ഞങ്ങളുടെ പ്രധാന കടമയാണ്, ഞങ്ങള്‍ ഇതില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്രയും വേഗം ഈ നിയമം നടപ്പാക്കുന്നത് സംസ്ഥാനത്തെ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കും. യൂണിഫോം സിവില്‍ കോഡ് സാമൂഹിക സൗഹാര്‍ദം വര്‍ധിപ്പിക്കുകയും ലിംഗനീതിയും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതുവരെ ഒരു പാര്‍ട്ടിക്കും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ സഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 11 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..