ഹരിദ്വാറിലെ ഹർകി പൗഡിയിൽ ഗംഗാ ആരതിയിൽ സന്ന്യാസി ശ്രേഷ്ഠരോടൊപ്പം പങ്കുചേരുന്ന രാഹുൽ ഗാന്ധി |-ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ|മാതൃഭൂമി
ഭക്തിസാന്ദ്രമായ സന്ധ്യയില്‍ ശ്രേഷ്ഠ സന്യാസിമാര്‍ക്കൊപ്പം ഹരിദ്വാറിലെ ഹര്‍കി പൗഡിയില്‍ ഗംഗയെ നമിച്ച് രാഹുല്‍ ഗാന്ധി. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിയ അദ്ദേഹം വൈകുന്നേരത്തോടെയാണ് ഹരിദ്വാറിലെത്തിയത്. വസന്ത പഞ്ചമിനാളിലെ ഗംഗാ ആരതി ഏറെ വിശേഷപ്പെട്ടതാണ്. ഈ ദിവസം മുതലാണ് ഉത്തരേന്ത്യയില്‍ വസന്തകാലം ആരംഭിക്കുന്നത്. കനത്ത സുരക്ഷയില്‍ ബ്രഹ്‌മകുണ്ഡിന് സമീപമുള്ള ഹര്‍കി പൗഡിയിലെത്തിയ അദ്ദേഹം ഗംഗാതീരത്ത് പൂജാ കര്‍മങ്ങളില്‍ പങ്കെടുത്തു. ഗംഗയില്‍ പുഷ്പങ്ങളുള്‍പ്പടെ അര്‍പ്പണം ചെയ്യുകയും ദീപം ഒഴുക്കുകയും ചെയ്തു.
മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ അഞ്ചാം ദിവസമാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. ഗംഗാസ്നാനത്തിന് ആയിരക്കണക്കിന് ഭക്തരാണ് ഹരിദ്വാറില്‍ എത്തിയത്. ഒരുമണിക്കൂറോളം നീണ്ട ഗംഗാ ആരതിയില്‍ മുഴുവന്‍ സമയം പങ്കെടുത്ത ശേഷമാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തോടൊപ്പം ഹരിദ്വാറിലെത്തിയിരുന്നു.
കര്‍ഷകരോട് മോദി ചെയതത് കോണ്‍ഗ്രസ് ഒരിക്കലും ചെയ്യില്ല
രാജ്യത്തെ കര്‍ഷകരോട് നരേന്ദ്രമോദി ചെയ്തത് പാര്‍ട്ടി തന്നെ ഇല്ലാതായാലും കോണ്‍ഗ്രസ് ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി. ഉത്തരാഖണ്ഡില്‍ കര്‍ഷകരുമായുള്ള സംവാദത്തിനിടെയായിരുന്നു മോദിയെ ലക്ഷ്യമിട്ടുള്ള രാഹുലിന്റെ പ്രസംഗം. ഉധംസിങ് നഗര്‍ ജില്ലയിലെ കിച്ചയിലെ മാണ്ഡി കോംപ്ലക്സിലും ഹരിദ്വാറിലെ ഭഗത്സിങി ചൗക്കില്‍ സ്ഥിതി ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ യൂത്ത് സെന്ററിലുമായിരുന്നു രാഹുലിന്റെ വെര്‍ച്വല്‍ റാലി.
രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകരെ ഒരുവര്‍ഷത്തോളം കോവിഡനിടയിലും കടുത്ത തണുപ്പിലും തെരുവില്‍ നിര്‍ത്തുകയാണ് മോദി ചെയ്തത്. കര്‍ഷകരോട് നേരിട്ട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മോദി പ്രധാനമന്ത്രിയല്ല, രാജാവായി മാറിക്കഴിഞ്ഞു. രാജാവ് ജനങ്ങളെ കേള്‍ക്കില്ല, സംസാരിക്കില്ല. തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രം ചെയ്യും. ജനങ്ങള്‍ മിണ്ടാതിരിക്കണം. അതിനെതിരേ നില്‍ക്കുന്നവര്‍ക്ക് നേരേ സി.ബി.ഐ., ഇ.ഡി, പെഗാസസ് എല്ലാം വരും.
കേന്ദ്രസര്‍ക്കാരിനെതിരേ നടന്ന കര്‍ഷകസമരം ഇന്ത്യയുടെ ചരിത്രമാണ്. ആ സമരത്തിനായി പര്‍വതം പോലെ ഉറച്ചു നിന്ന എല്ലാ കര്‍ഷകരേയും അഭിനന്ദിക്കുന്നു. ബി.ജെ.പി. സര്‍ക്കാരിന് സത്യം ഏതുഭാഗത്താണെന്നത് നിങ്ങള്‍ കാണിച്ചു കൊടുത്തു. കര്‍ഷകരെഭയപ്പെടുത്താനും വിലയ്ക്കുവാങ്ങാനും കഴിയില്ലെന്ന് നിങ്ങള്‍ കാണിച്ചു കൊടുത്തു. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന് ഇതാവശ്യമായിരുന്നു.
രാജ്യത്തെ 40 ശതമാനം ജനങ്ങളുടെ കൈവശമുള്ളത്ര ധനം അതിസമ്പന്നരായ നൂറുപേരുടെ കൈയിലുണ്ട്. ഇന്ത്യ കടുത്ത സാമ്പത്തിക അന്തരത്തിലേക്ക് നീങ്ങുന്നു. സമ്പന്നരുടേ ഇന്ത്യയെന്നും ദരിദ്രരുടെ ഇന്ത്യയെന്നുമായി മാറുന്നു. നിങ്ങള്‍ക്ക് തൊഴിലുണ്ടാവില്ല, നിങ്ങളുടെ ഭൂമി അവര്‍ തട്ടിപ്പറിക്കും, പെട്രോളിനും ഡീസലിനും വിലകൂട്ടി വിലക്കയറ്റമുണ്ടാക്കും. നമുക്ക് രണ്ട് ഇന്ത്യ വേണ്ട എല്ലാവരുടേതുമായ ഒരൊറ്റ ഇന്ത്യമതി.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളി. അതൊരു ഔദാര്യമായിരുന്നില്ല, കര്‍ഷകര്‍ രാജ്യത്തിന്റെ അടിത്തറയാണ്. അവര്‍ ബുദ്ധിമുട്ടിലായാല്‍ രാജ്യം നിലനില്‍ക്കില്ല. കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി എല്ലാ വാതിലുകളും തുറന്നിടും. സംസാരിക്കും. ജനങ്ങളുമായി പങ്കാളിത്തമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights : Rahul Gandhi performs ganga aarti in Haridwar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..