ഹരീഷ് റാവത്ത് | ചിത്രം: ANI
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. സമാജ്വാദി പാര്‍ട്ടി (എസ്പി), ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതോടെ ഉത്തരാഖണ്ഡിലെ ന്യൂനപക്ഷ കോട്ടകളില്‍ വോട്ടുകള്‍ ഭിന്നിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ഒരു മണ്ഡലത്തില്‍ ഒന്നിലധികം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ വരുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണൊണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്.
ഹരിദ്വാര്‍ ജില്ലയില്‍ നിന്ന് മുസ്ലീം വിഭാഗത്തില്‍പ്പെട്ട രണ്ട് സിറ്റിംഗ് കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ മാത്രമേ മത്സരരംഗത്തുള്ളുവെങ്കിലും, അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം), എസ്പി, ബിഎസ്പി എന്നിവര്‍ ചേര്‍ന്ന് ഹരിദ്വാര്‍ ജില്ലയിലും മറ്റിടങ്ങളിലും 18 സീറ്റുകളിലാണ് മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.
സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിക്കുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ആദ്യമായി മത്സരരംഗത്ത് ഇറങ്ങുന്ന ഒവൈസിയുടെ എഐഎംഐഎം ഹരിദ്വാര്‍ (റൂറല്‍), ഹല്‍ദ്വാനി, ഖാത്തിമ, കിച്ച എന്നീ മണ്ഡലങ്ങളില്‍ നാല് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഹരിദ്വാര്‍ (റൂറല്‍), പീരന്‍ കാളിയാര്‍, ഹല്‍ദ്വാനി എന്നീ സീറ്റുകളില്‍ എസ്.പിയും. ഹരിദ്വാര്‍ ജില്ലയില്‍ ബി.എസ്.പിയും മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നു. ഹരിദ്വാര്‍ (റൂറല്‍), ലക്സര്‍, മംഗ്ലൂര്‍ സീറ്റുകളിലാണ് ബി.എസ്.പി മത്സരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ജനസംഖ്യയുടെ 14% മുസ്ലീങ്ങളാണ്. അവരില്‍ ഭൂരിഭാഗവും ഹരിദ്വാര്‍ ജില്ലയിലാണ്. കൂടാതെ, ഉധം സിംഗ് നഗര്‍ ജില്ലയിലും നൈനിറ്റാള്‍, ഡെറാഡൂണ്‍ ജില്ലകളിലും പ്രാതിനിധ്യമുണ്ട്.
എസ്പിക്ക് സംസ്ഥാന നിയമസഭയില്‍ ഇതുവരെ ഒരു സീറ്റും നേടാനായിട്ടില്ല. എന്നാല്‍ ഹരിദ്വാര്‍ ജില്ലയിലെ രണ്ട് സീറ്റുകളില്‍ ബിഎസ്പിക്ക് കാര്യമായ പിന്തുണയുണ്ട്. മുന്‍കാലങ്ങളിലെ ദളിത്-മുസ്ലിം കൂട്ടുകെട്ട് ഹരിദ്വാറില്‍ രണ്ട്-നാല് സീറ്റുകള്‍ ഒറ്റയ്ക്ക് നേടാന്‍ ബിഎസ്പിയെ സഹായിച്ചിരുന്നു. എന്നാല്‍ ശക്തമായ മോദി തരംഗത്തിനിടയില്‍, മായാവതിയുടെ പാര്‍ട്ടിക്ക് 2017ല്‍ ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. എന്നാല്‍ 7 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചിരുന്നു.
ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് മത്സരിക്കുന്ന ഹരിദ്വാര്‍ (റൂറല്‍) സീറ്റില്‍ എസ്പിയും ബിഎസ്പിയും എഐഎംഐഎമ്മും മൂന്നു പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികള്‍ മുസ്ലിം സമുദായത്തില്‍ നിന്നാണ്. ഹരിദ്വാറില്‍ (റൂറല്‍) ഗണ്യമായ മുസ്ലീം വോട്ടര്‍മാരുണ്ട്. 2017ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ മറിഞ്ഞതാണ് ഹരീഷ് റാവത്തിന്റെ പരാജയത്തിന് കാരണമായതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഖത്തിമയും ഹല്‍ദ്വാനിയുമാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്ന മറ്റ് രണ്ട് പ്രധാന മണ്ഡലങ്ങള്‍. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഖത്തിമയില്‍ നിന്നാണ് മത്സരിക്കുന്നത്.
Content Highlights: muslim candidates in minority seats in uttarakhand to weaken congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..