കിഷോർ ഉപാധ്യായ് |Photo:ANI
ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് തിരിച്ചടി നല്‍കികൊണ്ട് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് ബുധനാഴ്ച കിഷോര്‍ ഉപാധ്യായിയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ബിജെപിയുമായും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ ഇയാളെ നേരത്തെ തന്നെ സ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നീക്കം ചെയ്തിരുന്നു. നടപടികള്‍ക്ക് പിന്നാലെയാണ് കിഷോര്‍ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. തെഹ്രി മണ്ഡലത്തില്‍ ഇത്തവണ ബിജെപി ടിക്കിറ്റില്‍ മത്സരിക്കും.
ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ മൂന്ന് സ്ഥാനാര്‍ഥി പട്ടികയിലും കിഷോര്‍ ഉപാധ്യായ് ഇടംപിടിച്ചിരുന്നില്ല. ഇതോടെ ഇയാള്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെ തനിക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ഫലവത്തായിരുന്നില്ല.
ഫെബ്രുവരി 14-നാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുക. രാംനഗറില്‍ തുടര്‍ച്ചയായി മത്സരിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ സീറ്റ് കോണ്‍ഗ്രസ് ഇത്തവണ മാറ്റിയിട്ടുണ്ട്. ലാല്കുവയില്‍ നിന്നാണ് റാവത്ത് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മറ്റു പ്രധാന നേതാക്കള്‍ക്കും മണ്ഡലം മാറേണ്ടി വന്നിട്ടുണ്ട്.
രാംനഗര്‍ മണ്ഡലത്തില്‍ ഹരീഷ് റാവത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളായ രഞ്ജിത് റാവത്ത് അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് മണ്ഡലങ്ങളില്‍ മാറ്റം വരുത്തിയത്.
അതേ സമയം ഒരു കുടുംബത്തിന് ഒരു സീറ്റെന്ന കോണ്‍ഗ്രസിന്റെ നയം തെറ്റിച്ചുകൊണ്ട് ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്തിന് ഹര്‍ദ്വാര്‍ റൂറലില്‍ സീറ്റ് നല്‍കി.
Content Highlights : Former Uttarakhand PCC chief expelled from party; Likely to join with BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..