പ്രകടനപത്രിക പ്രിയങ്ക ഗാന്ധി പുറത്തിറക്കുന്നു| ഫോട്ടോ: ടി.കെ പ്രദീപ്കുമാർ
ദെഹ്റാദൂണ്‍: രാജ്യത്തും ഉത്തരാഖണ്ഡിലും ആരെയാണ് അധികാരത്തിലിരുത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ ഇനിയെങ്കിലും തിരച്ചറിയണമെന്ന് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധി. ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പരസ്യം ഡല്‍ഹിയില്‍ വരെ കാണുന്ന തമാശയാണ് നടന്നു കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് പരസ്യത്തിനായി ചെലവിടുന്നത്. പക്ഷെ ജനങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പണമില്ലെന്നാണ് പറയുന്നത്. ഏതു സര്‍ക്കാര്‍ വന്നാലും വികസനപ്രവര്‍ത്തനങ്ങള്‍ നടന്നാലും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് തോന്നലാണ് ഉണ്ടാവുക. പക്ഷെ ഉത്തരാഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാര്‍ അഞ്ചുവര്‍ഷവും ഒന്നു ചെയ്തിട്ടില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം.
ഒരു രാഷ്ട്രീയ പാര്‍ട്ടിയും വനിതകളുടെ പ്രശ്നങ്ങള്‍ പറയുന്നില്ല. ഏറ്റവും അധികം കഷ്ടപ്പെടുന്നത് സ്ത്രീകളാണ്. ഉത്തരാഖണ്ഡില്‍ ഓരോ അഞ്ചുമണിക്കും സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്നാണ് കണക്ക്. തൊഴിലില്ലാത്തവര്‍ ഏറെയും സ്ത്രീകളാണ്. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ബി.ജെ.പി. സര്‍ക്കാരിനായിട്ടില്ല. അഞ്ഞൂറുരൂപയ്ക്ക് പാചകവാതകം ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു. എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ...ആയിരംരൂപയില്‍ ആരെത്തിച്ചു ആ വില. അഞ്ഞൂറുരൂപയ്ക്ക് പാചകവാതകം ലഭ്യമാക്കുമെന്നത് ഔദാര്യമല്ലെന്ന് മനസ്സിലാക്കുക. അത് ജനങ്ങളുടെ അവകാശമാണ്.
കോണ്‍ഗ്രസ് രാജ്യത്ത് മാറ്റം കൊണ്ടുവരണമെങ്കില്‍ ജനങ്ങള്‍ ജാഗരൂകരാകണം. അതിനായി ഇനിയെങ്കിലും കണ്ണുതുറക്കണം. അറിയണം നിങ്ങള്‍ ആരെയാണ് അധികാരത്തിലേറ്റിയിരിക്കുന്നതെന്ന്. സത്യമെന്തെന്നും മനസ്സിലാക്കണം. ഒന്നും ചെയ്യാത്തവര്‍ക്ക് ഇനി മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വോട്ടുനല്‍കരുത്. ജനങ്ങളുടെ ഏറ്റവും വലിയ ആയുധം വോട്ടാണെന്നും അവര്‍ പറഞ്ഞു.
അഞ്ഞൂറു രൂപയ്ക്കുള്ളില്‍ പാചകവാതകം, നാലുലക്ഷം പേര്‍ക്ക് തൊഴില്‍
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ അഞ്ഞൂറുരൂപയില്‍ താഴെയായിരിക്കും പാചകവാതകത്തിന്റെ വിലയെന്ന് പ്രകടനപത്രിക. ബാക്കി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നാലുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. വിനോദസഞ്ചാരത്തിന് പ്രത്യേക പാക്കേജ് ഉണ്ടാകും. ടൂറിസം പോലീസ് എന്ന പ്രത്യേകവിഭാഗം ഉണ്ടാകും. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 40 ശതമാനം സംവരണം നല്‍കും. പോലീസിലും 40 ശതമാനം സംവരണമുണ്ടായിരിക്കും. സര്‍ക്കാര്‍ ബസ്സുകളില്‍ സ്ത്രീകളുടെ യാത്ര സൗജന്യമാക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അടക്കമുള്ള പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Congress releases manifesto for Uttarakhand Assembly Election 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..