ഹരിദ്വാറിൽ മാതൃഭൂമി സംഘടിപ്പിച്ച മലയാളി കുടുംബസദസ്സിന്റെ രാഷ്ട്രീയ ചർച്ചയിൽ നിന്ന് | ചിത്രം: ടി.കെ.പ്രദീപ്കുമാർ|മാതൃഭൂമി
ഹരിദ്വാര്‍: ദേവഭൂമിയില്‍ മലയാളികള്‍ അത്രയധികമൊന്നുമില്ല. ഉള്ളവരാകട്ടെ രാഷ്ട്രീയത്തില്‍ നിന്നും അകന്ന് സ്വന്തം കാര്യം നോക്കുന്നവര്‍. രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങള്‍ക്ക് തയ്യാറാകുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. പക്ഷെ ഗംഗാതീരത്തെ ഹരിദ്വാറില്‍ 'മാതൃഭൂമി'ക്കായി മലയാളി കുടുംബസദസ്സ് ഒത്തുചേര്‍ന്നു രാഷ്ട്രീയം പറയാന്‍. ഏറെകാലമായി കേരളം വിട്ട് ഉത്തരാഖണ്ഡില്‍ താമസിക്കുന്ന ഇവരുടെ വോട്ടും ഇവിടെയാണ്.
മാതൃഭൂമിക്കായി ഹരിദ്വാറിലെ ശിവമൂര്‍ത്തി ഗള്ളിയിലാണ് മലയാളി കുടുംബസദസ്സ് ഒത്തു ചേര്‍ന്നത്. ഒന്നാം സ്ഥാനത്ത് ബി.ജെ.പി.യാണെങ്കിലും കോണ്‍ഗ്രസ് തിരിച്ചുവരാനുള്ള സാധ്യത ഏറെയാണെന്ന് ചര്‍ച്ചയില്‍ ഒരുമനസ്സോടെ ഇവര്‍ പറയുന്നു. ബി.ജെ.പി.ക്ക് ഉള്ളിലെ പോരും സര്‍ക്കാരിലെ അഴിമതിയും അവര്‍ക്ക് തിരച്ചടിയാകും. എന്നിരുന്നാലും ഇരുകൂട്ടര്‍ക്കും 50-50 ശതമാനം സാധ്യതയാണ് ഉള്ളത്. ആംആദ്മി പാര്‍ട്ടി അടിത്തറ ഒരുക്കുകയാണ്, ഈ തിരഞ്ഞെടുപ്പില്‍ കാര്യമായ സീറ്റൊന്നും കിട്ടാന്‍ സാധ്യയില്ലെന്നും മലയാളികള്‍ പറയുന്നു.
നിലവിലെ ബി.ജെ.പി. സര്‍ക്കാര്‍ റോഡ്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാന്‍ അവരുടെ എം.എല്‍.എ.മാര്‍ക്ക് സാധിച്ചിട്ടില്ലാത്തത് പ്രശ്‌നമാണ്. സര്‍ക്കാരിന്റെ പല സഹായപദ്ധതികളും ജനങ്ങളിലേക്ക് പൂര്‍ണമായി എത്തിയില്ല. കോവിഡ് സമയത്ത് ബി.ജെ.പി. സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമായിരുന്നു. പക്ഷെ ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അമിത ആത്മവിശ്വാസത്തിലാണ്. തങ്ങളുടെ അടുത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വോട്ടു ചോദിച്ചെത്തിയെങ്കിലും ബി.ജെ.പിയുടെ ഒരാള്‍ പോലും വന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറയുന്നു.
കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ജനീകയനായ ഹരീഷ് റാവത്തിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു എന്നത് പ്രയോജനം ചെയ്യും. ഹരീഷ് റാവത്തിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ നിന്നും നല്ല 'പാര'കള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. ഏതു സര്‍ക്കാര്‍ വന്നാലും ഇന്‍ഡസ്ട്രിക്ക് ഗുണകരമായത് ചെയ്താലേ ഉത്തരാഖണ്ഡിലെ മലയാളികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുകയുള്ളു എന്ന് ഈ കുടുംബസദസ്സ് ഒരുപോലെ പറയുന്നു.
ഹരിദ്വാറിലെ മലയാളി സമാജം പ്രസിഡന്റും കൊല്ലം മുഖത്തല സ്വദേശിയും ബിസിനസ്സുകാരനുമായ പി. പ്രകാശ് കുമാര്‍, ഭാര്യ മിനി, കൊട്ടാരക്കര തലവൂര്‍ സ്വദേശിയായ ബിജു കെ. പിള്ള, ഭാര്യ ബിന്ദു, പയ്യന്നൂര്‍ പിലാത്തറ സ്വദേശിയും ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തിലെ പൂജാരിയുമായ വിഷ്ണു നമ്പൂതിരി, ഭാര്യ ബിന്ദു, കുളത്തൂപ്പുഴ സ്വദേശി ശ്രീഹര്‍ഷന്‍, കോട്ടയം സ്വദേശി ഉഷയും ഹിന്ദിക്കാരനായ ഭര്‍ത്താവ് പിയൂഷുമാണ് മാതൃഭൂമി സംഘടിപ്പിച്ച ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്.
Content Highlights: congress and bjp has equal chances in uttarakhand elections says malayalis at the state
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..