ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ദെഹ്‌റാദൂണിലെ ഔദ്യോഗികവസതിയുടെ രാത്രിക്കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ
‘നിർഭാഗ്യത്തിന്റെ അടയാളമാണിത്, ഈ ബംഗ്ലാവിൽ താമസിച്ച ഒരു മുഖ്യമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല...’ -ദെഹ്‌റാദൂൺ കന്റോൺമെന്റ് ഏരിയയിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കു മുന്നിൽ ടാക്സി നിർത്തുമ്പോൾ ഡ്രൈവർ ശൈലേന്ദർ സിങ് നേഗി പറഞ്ഞു. രണ്ടാൾ പൊക്കത്തോളമുള്ള മതിൽക്കെട്ടിനുള്ളിലാണ് പത്ത് ഏക്കറിലെ പഹാഡി ശൈലിയിലുള്ള (പർവതപ്രദേശ ശൈലി) ബംഗ്ലാവ്. അറുപതോളം മുറികൾ, സ്വിമ്മിങ് പൂൾ, ലോണുകൾ അങ്ങനെ ഈ പത്തേക്കറിൽ ഇല്ലാത്തതൊന്നും ഉത്തരാഖണ്ഡിലില്ല.
ദേവഭൂമിയെന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് ഭരിച്ച മുഖ്യമന്ത്രിമാരിൽ പലരും ഈ ‘നിർഭാഗ്യ’ ബംഗ്ലാവിൽ താമസിച്ചില്ല. കഷ്ടിച്ച് ഏഴരമാസംമാത്രം പദവിയുള്ള ഇപ്പോഴത്തെ മുഖ്യമന്ത്രി, പുഷ്‌കർ സിങ് ധാമി അന്ധവിശ്വാസങ്ങളിൽ ‘വിശ്വാസമില്ല’ എന്നുപ്രഖ്യാപിച്ച് ഈ ബംഗ്ലാവിലാണ് താമസം. തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ആരാകും ഈ ബംഗ്ലാവിന്റെ പുതിയ നാഥനെന്നാണ് ഉത്തരാഖണ്ഡിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച. ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരുകയും ധാമി മുഖ്യമന്ത്രിയാവുകയും ചെയ്താൽ ബംഗ്ലാവിന്റെ കാര്യത്തിലും അതൊരു ചരിത്രമാകും. കാലാവധി പൂർത്തിയാക്കുകകൂടിയായാൽ ‘നിർഭാഗ്യ ബംഗ്ലാവ്’ ഭാഗ്യത്തിന്റെ അടയാളമായിമാറും.
ഉത്തരാഖണ്ഡ് സംസ്ഥാനമായി പ്രഖ്യാപിച്ച രണ്ടായിരത്തിൽ മുഖ്യമന്ത്രിയായ നിത്യാനന്ദ് സ്വാമി ദെഹ്‌റാദൂണിലെ അദ്ദേഹത്തിന്റെ സ്വന്തം വസതിയിലാണ് താമസിച്ചത്. 2002-ൽ എൻ.ഡി. തിവാരി മുഖ്യമന്ത്രിയായപ്പോൾ ബ്രിട്ടീഷ് കാലത്ത് നിർമിച്ച ബംഗ്ലാവിലേക്കാണ് താമസംമാറിയത്. 2007 വരെ ഇതായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരുടെ ഔദ്യോഗികവസതി. കാലപ്പഴക്കംകാരണം സുരക്ഷിതമല്ലെന്നു വന്നതോടെ ‘മുഖ്യവസതി’ മാറേണ്ടിവന്നു. തിവാരിക്കുശേഷം വന്ന ബി.സി. ഖണ്ഡൂരി സർക്യൂട്ട് ഹൗസിലാണ് താമസിച്ചത്.
ഇതിനിടയിൽ 2010-ൽ ആണ് 16 കോടി രൂപ ചെലവിൽ കന്റോൺമെന്റിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയുടെ നിർമാണം പൂർത്തിയായത്. ബംഗ്ലാവിന്റെ ചരിത്രം പരിശോധിച്ചാൽ അഞ്ചു മുഖ്യമന്ത്രിമാർ താമസിച്ചതിൽ മൂന്നുപേരും ആറുമാസത്തിൽക്കൂടുതൽ പദവിയിൽ ഇരുന്നില്ല. ഒരാൾമാത്രം രണ്ടുവർഷത്തോളം ഇരുന്നു. പക്ഷേ, അഞ്ചുവർഷം പൂർത്തിയാക്കിയ ആരുമില്ല.
ആദ്യമായി ഈ ബംഗ്ലാവിൽ താമസിക്കാനെത്തിയത് ബി.ജെ.പി.യുടെ രമേഷ് പൊഖ്രിയാൽ ആയിരുന്നു. പക്ഷേ, നാലുമാസമേ താമസിക്കാൻ യോഗമുണ്ടായുള്ളൂ. സ്ഥാനമൊഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകേണ്ടിവന്നു. 2012-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ വിജയ് ബഹുഗണ മുഖ്യമന്ത്രിയായി ബംഗ്ലാവിലേക്കെത്തി. രണ്ടുവർഷംപോലും കാലാവധി തികയ്ക്കാനായില്ല. ഹരീഷ് റാവത്ത് അദ്ദേഹത്തിന് പിന്നാലെ അധികാരത്തിലെത്തി. ‘ഇഷ്ടമല്ല’ എന്ന കാരണംപറഞ്ഞ് ഈ ബംഗ്ലാവിൽ താമസിക്കാൻ തയ്യാറായില്ല.
വൻഭൂരിപക്ഷത്തോടെ 2017-ൽ ബി.ജെ.പി. അധികാരത്തിൽ വന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഈ ബംഗ്ലാവിലാണ് താമസിച്ചത്. പക്ഷേ, നാലുവർഷം പൂർത്തിയാക്കാൻ ഒമ്പതുദിവസം ബാക്കിനിൽക്കേ സ്ഥാനമൊഴിയേണ്ടി വന്നു. പിന്നാലെ മുഖ്യമന്ത്രിയായ തീരഥ് സിങ് റാവത്ത് ഈ ബംഗ്ലാവിൽ താമസിക്കാൻ തയ്യാറായില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി ധാമി താമസിക്കാനെത്തുംവരെ ഒരുവർഷത്തോളം ബംഗ്ലാവ് നാഥനില്ലാതെ കിടന്നു.
പുഷ്‌കർ ധാമി ബംഗ്ലാവിലേക്ക് മാറുംമുമ്പ് എട്ട് പൂജാരികൾ ചേർന്ന് ആറുദിവസം പൂജ നടത്തിയിരുന്നു. വാസ്തുദോഷം മാറാനുള്ള ചില ‘വിദ്യ’കളും ബംഗ്ലാവിൽ ചെയ്തുവെന്നാണ് കേൾവി. മാർച്ച് 10-ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ ബി.ജെ.പി.ക്ക് പകരം കോൺഗ്രസ് ആണ് അധികാരത്തിലെത്തുന്നതെങ്കിൽ ഇപ്പോഴത്തെ ധാരണകളനുസരിച്ച് ഹരീഷ് റാവത്ത് മുഖ്യമന്ത്രിയാകും. അങ്ങനെയെങ്കിൽ ആളും ആരവവുമൊഴിഞ്ഞ്, ഭാഗ്യക്കേടിന്റെ ചിഹ്നമായി ‘മുഖ്യബംഗ്ലാവ്’ വീണ്ടും തലതാഴ്ത്തിനിൽക്കും.
Content Highlights: chief ministers residence in uttarakhand and stories about it
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..