നിത്യാനന്ദ സ്വാമി/ ഹരീഷ് റാവത്/പുഷ്‌കർ സിങ് ധാമി | Photo: FB/PTI/ANI
മുഖ്യമന്ത്രിമാര്‍ വാഴാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ നായകന്‍മാരെ കൈവിടുന്ന ചരിത്രവും ഉത്തരാഖണ്ഡിനുണ്ട്. നിത്യാനന്ദ സ്വാമിയും ബിസി ഖണ്ഡൂരിയും ഹരീഷ് റാവതും സഞ്ചരിച്ച വഴിയിലൂടെ തന്നെയായിരുന്നു നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധാമിയുടെ യാത്രയും. മുഖ്യമന്ത്രി തോറ്റെങ്കിലും ബിജെപി വീണ്ടും അധികാരത്തിലെത്തി എന്ന വ്യത്യാസം മാത്രം.
ധാമിയെ കൈയൊഴിഞ്ഞ് ഖാതിമ
46-കാരനായ ധാമി ഉദ്ധംസിങ് നഗര്‍ ജില്ലയിലെ ഖാതിമ മണ്ഡലത്തില്‍ നിന്നാണ് പരാജയം രുചിച്ചത്. മൂന്നാം തവണയാണ് ധാമി ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്. 2017-ല്‍ 2709 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഖാതിമ തന്നെ കൈവിടില്ലെന്നായിരുന്നു ധാമിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് അടിതെറ്റി. 6932 വോട്ടുകള്‍ക്കാണ് പരാജയം.
തിരാത് സിങ് റാവത് സ്ഥാനമൊഴിഞ്ഞതോടെ മുഖ്യമന്ത്രി കസേരയിലെത്തിയ ധാമി 249 ദിവസങ്ങള്‍ മാത്രമാണ് അവിടെ ഇരുന്നത്. അതായത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും തികച്ചില്ലാത്ത സമയത്തായിരുന്നു ധാമിയുടെ സ്ഥാനാരോഹണം. വ്യക്തിപരമായി ക്ഷീണമുണ്ടാക്കിയെങ്കിലും സംസ്ഥാനത്ത് ബിജെപി ഭരണം വീണ്ടും പിടിച്ചതിന്റെ മികവ് ധാമിക്ക് കൂടി അവകാശപ്പെട്ടതാണ്. ഇതോടെ ഉത്തരാഖണ്ഡില്‍ ആദ്യമായി ഭരണത്തുടര്‍ച്ചയുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.
ഉത്തരാഖണ്ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കോഡും ധാമിക്ക് സ്വന്തമാണ്. സംസ്ഥാനത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയായ ഭഗത് സിങ് കോശ്യാരിയുടെ രാഷ്ട്രീയ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുള്ള ധാമി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അടുത്ത സുഹൃത്തു കൂടിയാണ്. തോറ്റെങ്കിലും വിശ്വസ്തനെ കൈവിടേണ്ട എന്ന നിലപാടാണ് ബിജെപിക്കുള്ളത്. ധാമിയെ വീണ്ടും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള നേതാവായ ദുഷ്യന്ത് കുമാര്‍ ഗൗതം. ഇതു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പിത്തോറഗഢ് ജില്ലയിലെ തുണ്ടി ഗ്രാമത്തില്‍ 1975-ലാണ് ധാമിയുടെ ജനനം. പിതാവ് സൈനികനായിരുന്നു. പിന്നീട് കുടുംബം ഖാതിമയിലേക്ക് താമസം മാറി. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി 2008 വരെ സംസ്ഥാന യുവമോര്‍ച്ചയുടെ പ്രസിഡന്റായിരുന്നു.
മുഖ്യമന്ത്രിയായില്ലെങ്കില്‍ വീട്ടിലിരിക്കും; ജനങ്ങള്‍ വീട്ടിലിരുത്തി
മുഖ്യമന്ത്രിയായില്ലെങ്കില്‍ വീട്ടിലിരിക്കുമെന്ന് പറഞ്ഞ് വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ ഹരീഷ് റാവത്തിനെ ജനങ്ങള്‍ വീട്ടിലിരുത്തുന്ന കാഴ്ച്ചയും ഉത്തരാഖണ്ഡില്‍ കണ്ടു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഹരീഷ് ലാല്‍കുവായില്‍ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ബിഷ്തിനോട് 14,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
വ്യാഴാഴ്ച്ച രാവിലെയടക്കം തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു ഹരീഷ് റാവത്. നാല്‍പതിലേറെ സീറ്റ് നേടി കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു റാവതിന്റെ അവകാശവാദം.
2017-ലും റാവതിന് പരാജയം തന്നെയായിരുന്നു കൂട്ട്. കിച്ചാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച റാവത് ബിജെപിയുടെ രാജേഷ് ശുക്ലയോട് തോറ്റത് 2127 വോട്ടിനായിരുന്നു.
തോറ്റു തുടങ്ങിയത് നിത്യാനന്ദ
സംസ്ഥാനത്തിന്‍റെ പ്രഥമ മുഖ്യമന്തിയായ നിത്യാനന്ദ സ്വാമിയിയില്‍ തുടങ്ങിയതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നായകന്‍മാര്‍ തോല്‍ക്കുന്ന ചരിത്രം. 2000-ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ നിത്യാനന്ദ 2002-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ലക്ഷ്മണ്‍ ചൗകില്‍ കോണ്‍ഗ്രസിന്റെ ദിനേശ് അഗര്‍വാളിനോട് തോറ്റത്.
2012-ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായ ബിസി ഖന്ധൂരിയും പരാജയപ്പെടുന്നതു കണ്ടു. കോദ്വാര്‍ മണ്‍ലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുരേന്ദ്ര സിങ് നേഗിയോട് പരാജയപ്പെട്ടു.
മുഖ്യമന്ത്രിമാര്‍ തോല്‍ക്കുന്ന ഈ പതിവിന് ഒരു അപവാദം രണ്ടാമത്തെ മുഖ്യമന്ത്രിയായ ഭഗത് സിങ് കോശിയാരി മാത്രമാണ്. 2001-ല്‍ അധികാരമേറ്റ് 122 ദിവസത്തെ ഭരണത്തിന് ശേഷം ഭഗത് സിങ് കോശിയാരി 2002-ല്‍ കപ്‌കോതെ മണ്ഡലത്തില്‍ നിന്ന് ജനവധി തേടി. എതിരാളി കോണ്‍ഗ്രസിന്റെ ചമു സിങ് ഗാസിയാലായിരുന്നു. അവിടെ 9103 വോട്ടിന് കോശിയാരി വിജയം പിടിച്ചെടുത്തു.
Content Highlights: Chief Ministers lose in Uttarakhand assembly elections
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..