ഫോട്ടോ : ടി.കെ. പ്രദീപ് കുമാർ |മാതൃഭൂമി
ദെഹ്റാദൂണ്‍: ലൗജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കര്‍ശനമാക്കുമെന്നും കുറ്റവാളികള്‍ക്ക് 10 വര്‍ഷം കഠിനതടവെന്നും ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തറിക്കിയ ബി.ജെ.പി. പ്രകടന പത്രിക. ദെഹ്റാദൂണില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിടുന്ന സംസ്ഥാനത്ത് വന്‍വാഗ്ദാനങ്ങളുമായാണ് അവസാന നിമിഷം ബി.ജെ.പി. രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ലൗജിഹാദ് അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി. നേതൃത്വം പ്രകടനപത്രികയില്‍ എടുത്തു പറയുന്നു. എത്രയും വേഗം നിയമഭേദഗതി കൊണ്ടുവരും. സ്ത്രീകളേയും മുതിര്‍ന്ന പൗരന്‍മാരേയും ലക്ഷ്യം വെച്ചുള്ളതാണ് വാഗ്ധാനങ്ങളേറെയും. പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് പാചകവാതക സിലിന്‍ഡര്‍ സൗജന്യമായി നല്‍കും. നേരത്തെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പാചകവാതകത്തിന്റെ വില 500 രൂപയില്‍ താഴെയായിരിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു.

പര്‍വതപ്രദേശങ്ങളില്‍ ജീവിക്കുന്ന ഗര്‍ഭിണികള്‍ക്ക് 40,000 രൂപ സഹാധനം നല്‍കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ 3,600 രൂപയായി ഉയര്‍ത്തും. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥയ്ക്ക് 500 രൂപ പ്രതിമാസ ധനസഹായം, സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്കായി 500 കോടിരൂപയുടെ നീക്കിവെയ്പ്പ്, മോക്ഷ് തീര്‍ഥയാത്ര പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ചാര്‍ധാം തീര്‍ഥയാത്രയ്ക്കായി 10,000 രൂപയുടെ സബ്സിഡി എന്നിങ്ങനെയാണ് സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വാഗ്ദാനങ്ങള്‍
ഹരിദ്വാര്‍ അന്താരാഷ്ട്രയോഗ തലസ്ഥാനമാക്കുന്നതിനൊപ്പം വേദപഠന സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ഒരുകോടിരൂപ നീക്കിവെയ്ക്കും. നൈനിറ്റാളില്‍ വിശ്വഭാരതി സര്‍വകലാശാലയുടെ സാറ്റ് ലൈറ്റ് കാമ്പസ് സ്ഥാപിക്കും. അരലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, കര്‍ഷകര്‍ക്ക് നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന പ്രതിവര്‍ഷ ധനസാഹായം എണ്ണായിരിത്തില്‍ നിന്നും 10,000 രൂപയാക്കി ഉയര്‍ത്തും. ഓരോ ബ്ലോക്കിലും കിസന്‍ മണ്ഡികള്‍ സ്ഥാപിക്കും. എല്ലാ ഗ്രാമവും സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും. 2025 ഓടെ എല്ലാ ഗ്രാമത്തിലും ഒരു എ.ടി.എം. യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം പി.എം. വാണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈഫൈ ഹോട്സ്പോട്ടും ലഭ്യമാക്കും. ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേ സൂപ്പര്‍ഫാസ്റ്റ് കണക്ടിവിറ്റിയുള്ളതാക്കും. സംസ്ഥാനത്തെ 20 നഗരങ്ങളിലെ വീടുകളില്‍ പാചകവാതകം പൈപ്പിലൂടെ ലഭ്യമാക്കും. എല്ലാ ജില്ലകളിലും ഒരുമെഡിക്കല്‍ കോളേജ് സ്ഥാപിക്കും.

പട്ടാളക്കാരുടെ വോട്ടുകള്‍ ഏറെയുള്ള സംസ്ഥാനത്ത് മിലിട്ടറി മെമ്മേറിയല്‍ മ്യൂസിയം സ്ഥാപിക്കുമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്യുന്നു. പട്ടാളത്തില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് അരലക്ഷം രൂപയും ജോബ് കിറ്റും ലഭ്യമാക്കുമെന്നും വാഗ്ദാനം. കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസിനെ ശക്തിപ്പെടുത്തും. ഇതിനായി മാത്രം 20 അത്യാധുനീക വാഹനങ്ങള്‍ വാങ്ങും. നാലായിരം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, തോക്കുകള്‍, ഫോര്‍വീല്‍ഡ്രൈവ് ജീപ്പുകള്‍ എന്നിവ വാങ്ങും. വനിത പോലീസ് സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കും. ഇവര്‍ക്ക് പട്രോളിങ്ങിനായി 100 പുതിയ വാഹനങ്ങള്‍ വാങ്ങും എന്നിങ്ങനെയാണ് ബി.ജെ.പിയുടെ വാഗദാന പെരുമഴ.
Content Highlights: BJP Releases Manifesto For Uttarakhand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..