ഉത്തരാഖണ്ഡിന്റെ വിധിയെഴുത്ത് ഇന്ന്


ടി.ജെ.ശ്രീജിത്ത്

ഫോട്ടോ : ടി.കെ. പ്രദീപ് കുമാർ |മാതൃഭൂമി

നൈനിറ്റാള്‍: ലോക പ്രണയദിനത്തിലാണ് കൂടുതലിഷ്ടം ആരോടെന്ന് രഹസ്യമായി പറയാന്‍ ഉത്തരാഖണ്ഡ് പോളിങ് ബൂത്തിലേക്ക് നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശനിയാഴ്ച ഉച്ചയ്ക്ക് യുവമിഥുനങ്ങളുടെ ഇഷ്ടഇടമായ നൈനിറ്റാള്‍ തടാകക്കാരയില്‍ കോണ്‍ഗ്രസിന്റെ റാലിയായിരുന്നു. നൈനിറ്റാള്‍ മണ്ഡലത്തിന്റെ പലേയിടങ്ങളില്‍ നിന്നെത്തിയ വലിയകൂട്ടം വിനോദസഞ്ചാരികളുള്‍പ്പടെയുള്ളവരെ ഞെരുക്കി കളഞ്ഞു. നൈനിറ്റാള്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കണ്ട യു.പി.യില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ 'വോട്ടര്‍മാര്‍ വലിയ സൂത്രക്കാരാണ്, അവര്‍ ഒരിക്കലും സത്യം പറയില്ല... നമ്മളോടു പറയുന്നതും ബൂത്തില്‍ ചെയ്യുന്നതും രണ്ടായിരിക്കും...' കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടേയും അങ്കലാപ്പും അതു തന്നെ. ഇതുവരെ ഉത്തരാഖണ്ഡിലെ വോട്ടര്‍മാരുടെ മനസ്സു പിടികിട്ടിയിട്ടില്ല.

ഉത്തരാഖണ്ഡിലെ 70 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. യുവാക്കളായിരിക്കും ആരു ഭരിക്കണമെന്നതില്‍ നിര്‍ണായക തീരുമാനമെടുക്കുക. ആകെയുള്ള 81.72 ലക്ഷം വോട്ടര്‍മാരില്‍ 22.27 ലക്ഷവും 30നും 39നും ഇടയില്‍ പ്രായമുള്ളവരാണ്. ഇതിനോട് 18 മുതല്‍ 29 വരെയുള്ളവരെ ചേര്‍ത്തു വെച്ചാല്‍ (19.17 ലക്ഷം) 41.44 ലക്ഷമാകും. അതായത് സംസ്ഥാനത്തെ പകുതിയിലേറെ വോട്ടര്‍മാര്‍. ദെഹ്റാദൂണിലും റൂര്‍ക്കിയിലും ഹരിദ്വാറിലും നൈനിറ്റാളിലും അല്‍മോദയിലുമെല്ലാം കണ്ട യുവ വോട്ടര്‍മാരെല്ലാം ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ അസംതൃപ്തരാണ്. ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന നേതാക്കള്‍, വാഗ്ദാനങ്ങളെല്ലാം തിരഞ്ഞെടുപ്പോടെ മറക്കുന്നവര്‍.. അല്‍മോദയില്‍ നിന്നും നൈനിറ്റാളിലേക്കുള്ള യാത്രയില്‍ ഒപ്പം വന്ന ഡ്രൈവര്‍ പ്രതാപ് സിങ് പറഞ്ഞതിങ്ങനെ; 'ആരു ഭരിച്ചാലും എന്റെ തൊഴിലിനും വരുമാനത്തിനും മാറ്റമുണ്ടാകുന്നില്ലല്ലോ... ഈ വഴി കണ്ടോ എട്ടുവര്‍ഷമായി ഇങ്ങനെ ഒരുമാറ്റവുമില്ല' മലയിടിഞ്ഞ് വീണ് റോഡില്ലാതായത് ചൂണ്ടി അയാള്‍ പറഞ്ഞു.

വോട്ടര്‍മാരില്‍ ആരോടു ചോദിച്ചാലും പറയുന്ന ഒന്നുണ്ട് 'ഇത്തവണ ഒന്നും പറയാന്‍ പറ്റില്ല, കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും സാധ്യത ഒരുപോലെയാണ്'. ഇതേ കാര്യമാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാന്റെ വായില്‍ നിന്നും അറിയാതെ വീണു പോയത്, 'ഉത്തരാഖണ്ഡില്‍ ബി.ജെ.പി. ശക്തമായ പോരാട്ടം നേരിടുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. വീഡിയോ വൈറലായി, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന ഹരിഷ് റാവത്ത് തന്നെ അത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു.

കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രമല്ല, ഇത്തവണ ആംആദ്മി പാര്‍ട്ടി വലിയ രീതിയില്‍ വോട്ടുപിടിക്കുകയും ഒന്നോ രണ്ടോ സീറ്റെങ്കിലും നേടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുന്നു. ഉദ്ദംസിങ്നഗര്‍ ജില്ലയിലെ ബാജ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ ആംആദ്മിയുടെ കൊടിയുമായി ബൈക്കില്‍ പോകുന്ന ബല്‍ക്കാര്‍ സിങിന്റെ വാക്കുകളിങ്ങനെ; 'കോണ്‍ഗ്രസും ബി.ജെ.പിയുമല്ലേ മാറി മാറി ഭരിക്കുന്നത്. വോട്ടര്‍മാര്‍ ഇപ്പോള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട്. ഡല്‍ഹിയില്‍ കെജ്രിവാള്‍ ചെയ്യുന്നതും വോട്ടര്‍മാര്‍ അറിയുന്നു....'

ഉത്തരാഖണ്ഡില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനം കുറയാറാണ് പതിവ്. പ്രത്യേകിച്ച് മഞ്ഞും മണ്ണിടിച്ചിലുമുണ്ടാകുന്ന പര്‍വതപ്രദേശങ്ങളില്‍. അതിന് രാഷ്ട്രീയക്കാര്‍ ഒരു സൂത്രപ്പണി ചെയ്തിട്ടുണ്ട്. പര്‍വതപ്രദേശങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കുകയും സമതലങ്ങളെന്നറിയപ്പെടുന്നവയില്‍ കൂട്ടുകയും ചെയ്തു. പര്‍വതപ്രദേശങ്ങളില്‍ 2002ലും 2007ലും 40 മണ്ഡലങ്ങളുണ്ടായിരുന്നു. ഇത് 34 ആക്കി കുറച്ചു. സമതലങ്ങളില്‍ 30 ഉണ്ടായിരുന്ന് 36 ആക്കുകയും ചെയ്തു.

ഉത്തരാഖണ്ഡില്‍ ഇത്തവണ വോട്ടര്‍മാരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് സന്നദ്ധസംഘടനയായ എസ്.ഡി.സി. ഫൗണ്ടേഷന്റെ ഉപജ്ഞാതാക്കളിലൊരാളും രാഷ്ട്രീയ നിരീക്ഷകനുമായ അനൂപ് നൗട്ടിയാല്‍ പറയുന്നു. 2012ലെ വോട്ടര്‍ പട്ടികയില്‍ നിന്നും 2022ലേക്കെത്തുമ്പോള്‍ 19 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഉണ്ടായിരിക്കുന്നത്. 10 വര്‍ഷത്തിനിടെ 30 ശതമാനം വര്‍ദ്ധന. ഇതില്‍ സമതലപ്രദേശങ്ങളിലെ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധന. പര്‍വതങ്ങളില്‍ നിന്നും പണി തേടി സമതലങ്ങളിലേക്കുള്ള പലായനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അനൂപ് നൗട്ടിയാല്‍ പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പി.യും പ്രകടനപത്രികയില്‍ ഒരുപോലെ അവകാശപ്പെടുന്നതും പലായനം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നാണ്. എന്തായാലും ഭരിക്കാന്‍ വേണ്ട 36 സീറ്റെന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തുമെന്ന് കോണ്‍ഗ്രസും ബി.ജെ.പി.യും ഒരു പോലെ അവകാശപ്പെടുന്നു. ഇരുകൂട്ടരും എത്തിയില്ലെങ്കില്‍ ആംആദ്മിയും സ്വതന്ത്രരും മറ്റു പാര്‍ട്ടികളുമായി മാറും കിങ് മേക്കേഴ്സ്.

ഉത്തരാഖണ്ഡ് പോളിങിന് പോകുമ്പോള്‍

  • ആകെ സീറ്റ് - 70
  • കേവല ഭൂരിപക്ഷം - 36
  • സ്ഥാനാര്‍ഥികള്‍ - 632
2017 തിരഞ്ഞെടുപ്പില്‍

  • ബി.ജെ.പി.: 57
  • കോണ്‍ഗ്രസ്: 11
  • സ്വതന്ത്രര്‍: രണ്ട്
2012 തിരഞ്ഞെടുപ്പില്‍

  • കോണ്‍ഗ്രസ്: 32
  • ബി.ജെ.പി.: 31
  • മറ്റു പാര്‍ട്ടികള്‍: നാല്
  • സ്വതന്ത്രര്‍: മൂന്ന്
Content Highlights: BJP, Cong fight for Uttarakhand in Valentine's Day vote

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented