അൽമോദയിലെ ജാഗേശ്വറിൽ രാഹുൽഗാന്ധി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു| പ്രധാനമന്ത്രി നരേന്ദ്രമോദി
അല്‍മോദ: ഉത്തരാഖണ്ഡിന്റെ പര്‍വതമേഖലയിലെ വോട്ടുകള്‍ എങ്ങോട്ടും മറിയാം എന്നതിനാല്‍ 'മലപിടിക്കാന്‍' ബി.ജെ.പി.യും കോണ്‍ഗ്രസും ഒരുപോലെ രംഗത്ത്. ഏറ്റവും നിര്‍ണായകമായേക്കാവുന്നത് അല്‍മോദയിലെ വോട്ടുകളായിരിക്കുമെന്ന വിലയിരുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ഒരുപോലെ ഈ പര്‍വതദേശത്തെ ലക്ഷ്യംവെക്കുന്നു.
ജാഗേശ്വറില്‍ രാഹുല്‍ഗാന്ധി വ്യാഴാഴ്ചയെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍മോദ നഗരത്തില്‍ വെള്ളിയാഴ്ചയെത്തും. തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍മാത്രം ശേഷിക്കേ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും പ്രധാന ദേശീയനേതാക്കളെല്ലാം ഉത്തരാഖണ്ഡിലേക്ക് ഒഴുകുകയാണ്.
ദെഹ്‌റാദൂണില്‍നിന്ന് മുന്നൂറിലേറെ കിലോമീറ്റര്‍ അപ്പുറമുള്ള അല്‍മോദ മോദിയെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കനത്ത സുരക്ഷാവലയത്തിലാണ് പട്ടണം. ഹേമവതി നന്ദന്‍ ബഹുഗുണ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12-നാണ് പൊതുസമ്മേളനം.
ഇവിടെ ഫെബ്രുവരി മൂന്നിന് വെര്‍ച്വല്‍ റാലി നടത്തുന്നതിനായിരുന്നു നിശ്ചയിച്ചിരുന്നത്. കാലാവസ്ഥ മോശമാണെന്ന കാരണത്താല്‍ ഇത് മാറ്റി. എന്നാല്‍, പര്‍വതപ്രദേശങ്ങളില്‍ രാഷ്ട്രീയ അടിയൊഴുക്കുകളുണ്ടെന്ന് മനസ്സിലാക്കിയാണ് മോദിയെ നേരിട്ട് ഇത്തരം പ്രദേശങ്ങളില്‍ എത്തിക്കുന്നത്.
മോദിയുടെ അന്വേഷണ ഏജന്‍സികളെ പേടിയില്ല -രാഹുല്‍ഗാന്ധി
മംഗലൗര്‍ (ഉത്തരാഖണ്ഡ്): പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ അദ്ദേഹത്തിന്റെ ഏജന്‍സികളായ ഇ.ഡി.യെയോ സി.ബി.ഐ.യെയോ തനിക്ക് ഭയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദിയുടെ അഹങ്കാരം തനിക്ക് തമാശയായാണ് അനുഭവപ്പെടുന്നതെന്നും വ്യാഴാഴ്ച ഹരിദ്വാറിലെ മംഗലൗറില്‍ തിരഞ്ഞെടുപ്പുറാലിയില്‍ അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങള്‍ക്കും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലും കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നടത്തിയ കടന്നാക്രമണത്തെക്കുറിച്ചു പറയുകയായിരുന്നു രാഹുല്‍. ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധിക്കുന്നില്ലെന്നാണ് മോദി കഴിഞ്ഞദിവസം പറഞ്ഞത്. അത് ശരിയാണ്. ഞാന്‍ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ഏജന്‍സികളായ സി.ബി.ഐ.യെയോ ഇ.ഡി.യെയോ ഭയക്കാത്തതുകൊണ്ടാണത്. കഴിഞ്ഞ 70 കൊല്ലവും രാജ്യത്ത് ഒന്നും നടന്നില്ലെന്ന് പറയുമ്പോള്‍ പ്രകടമാകുന്നത് മോദിയുടെ അഹങ്കാരമാണ് -രാഹുല്‍ പറഞ്ഞു.
Content Highlights: Assembly elections 2022: PM Modi to hold rallies in Almora
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..