പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നു സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ്. ഉത്തര്‍പ്രദേശില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ഗോവ, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലേക്കും നാളെയാണ് വോട്ടെടുപ്പ്.
ബിജെപിയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ് ഫെബ്രുവരി 14ന് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് പോകുന്ന 55 മണ്ഡലങ്ങള്‍. ഇതില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ പകുതിയിലേറെയും മുസ്ലീം വോട്ടര്‍മാരാണ്. 14 മണ്ഡലങ്ങളില്‍ ആകെ വോട്ടര്‍മാരില്‍ 40 ശതമാനത്തോളമാണ് മുസ്ലീം വോട്ടര്‍മാര്‍.
2017-ല്‍ ഈ 55 മണ്ഡലങ്ങളില്‍ 38-ലും ബിജെപി വിജയിച്ചപ്പോള്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞത്. എസ്.പിയുടെ ശക്തി കേന്ദ്രമായി വിലയിരുത്തപ്പെടുന്നവയാണ് പല മണ്ഡലങ്ങളും.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക. ഫെബ്രുവരി 10ന് നടന്ന ആദ്യ ഘട്ടത്തില്‍ 60 ശതമാനത്തിലധികമായിരുന്നു പോളിങ് ശതമാനം. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലായിരുന്നു ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിനാണ് അഞ്ച് സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം.
ഗോവ
ഗോവയില്‍ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും നാളെയാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. ഇവിടെ ഭരണത്തിലുള്ള ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ രംഗത്തുണ്ട്. 301 സ്ഥാനാര്‍ഥികളാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പനജി മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. മോദിയും അമിത് ഷായും ബിജെപിക്ക് വേണ്ടി സംസ്ഥാനത്ത് പ്രചാരണം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും പി. ചിദംബരവുമാണ് കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്.
നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. 11.6 ലക്ഷം വോട്ടര്‍മാര്‍ ഗോവയില്‍ നാളെ വിധിയെഴുതും.
ഉത്തരാഖണ്ഡ്
13 ജില്ലകളിലായി 70 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. 81 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുക. വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 632 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. 2014-2017 കാലഘട്ടത്തില്‍ റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആംആദ്മി പാര്‍ട്ടിയും ശക്തമായി തന്നെ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. അഭിപ്രായ സര്‍വേകള്‍ പറയുന്നതനുസരിച്ച് ശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്നത്. 31-35 സീറ്റുകളില്‍വരെ ബിജെപിക്കാണ് മുന്‍തൂക്കമെന്നും വിവിധ സര്‍വേകള്‍ അഭിപ്രായപ്പെടുന്നു.
Content Highlights: second phase election in uttarpradesh tomorrow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..