ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിൽ ബി.എസ്.പി. ആസ്ഥാനം ആളൊഴിഞ്ഞ നിലയിൽ ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പായിട്ടും ഒരിക്കല്‍ സംസ്ഥാനം ഭരിച്ച മായാവതിയുടെ ബി.എസ്.പി. ആസ്ഥാനത്ത് ആളും ആരവവും ഇല്ല. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള ബി.ജെ.പി., എസ്.പി., കോണ്‍ഗ്രസ് ആസ്ഥാനങ്ങളിലൊക്കെ ദിവസവും പത്രസമ്മേളനങ്ങളും തിരഞ്ഞെടുപ്പ് പരിപാടികളും നടക്കുമ്പോഴാണ് ബി.എസ്.പി. ആസ്ഥാനത്തെ നിശ്ശബ്ദത.

ബി.ജെ.പി.ക്കു വേണ്ടിയാണ് ബി.എസ്.പി. നിശ്ശബ്ദമായിരിക്കുന്നതെന്നാണ് എസ്.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും ആരോപണം. എന്നാല്‍ എസ്.പി. ഒരു ജാതിക്കു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ഭരണ കാലത്തെല്ലാം ബാബാ അംബേദ്കറെയും ദളിതരെയും അവര്‍ വിസ്മരിച്ചെന്നും മായാവതി തിരിച്ചടിക്കുന്നു. കോവിഡും അമ്മയുടെ മരണവുമെല്ലാം കാരണം വിശ്രമത്തിലായ താന്‍ തിരഞ്ഞെടുപ്പ് രംഗത്തില്ലെന്ന വ്യാജ പ്രചാരണം മാധ്യമങ്ങള്‍ നടത്തുന്നതായും യു.പി.യുടെ ദളിത് തലസ്ഥാനമായ ആഗ്രയില്‍ നടത്തിയ ആദ്യ റാലിയില്‍ മായാവതി ആരോപിച്ചു. തൂക്കു സഭ വരുന്ന രീതിയിലാണ് ബി.എസ്.പി.യുടെ പ്രവര്‍ത്തനമെന്നും അതിനനുസൃതമായാണ് മായാവതി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തതെന്നും ബി.എസ്.പി. വൃത്തങ്ങള്‍ പറയുന്നു. തൂക്കുസഭ വന്നാല്‍ ബി.എസ്.പി. നിര്‍ണായക ശക്തിയാവുമെന്ന് ഭരണം തീരുമാനിക്കുമെന്നുമാണ് നേതാക്കളുടെ അവകാശവാദം.
2007-ല്‍ ആഗ്ര-അലിഗഢ് മേഖലയില്‍ ദളിതരെയും താക്കൂറുകളെയും ബ്രാഹ്‌മണരെയും ഒന്നിപ്പിച്ച് ബി.എസ്.പി. നടത്തിയ സാമൂഹിക ചതുരംഗക്കളി വിജയം കണ്ടിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ യു.പി.യിലെ ബി.എസ്.പി.യുടെ ബ്രാഹ്‌മിണ്‍, താക്കൂര്‍ മുഖങ്ങളായ രംവീര്‍ ഉപാധ്യായയും ജയ്വീര്‍ സിങ്ങും ഇപ്പോള്‍ ബി.ജെ.പി.യിലാണ്. എങ്കിലും മായാവതി താഴെത്തട്ടിലുള്ള കളി അറിയുന്ന ആളാണെന്നും അവരെ എഴുതിത്തള്ളാനാവില്ലെന്നും കിസാന്‍ മോര്‍ച്ച ഗവേഷണ വിഭാഗം തലവന്‍ അഭയ് സിങ് പറഞ്ഞു. ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പുകളില്‍ 26 ശതമാനം ടിക്കറ്റ് മുസ്ലിങ്ങള്‍ക്കും പിന്നാലെ പരിഗണന ഒ.ബി.സി., ദളിത് വിഭാഗങ്ങള്‍ക്കും നല്‍കിയത് ഇതിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
മുസ്ലിങ്ങള്‍ പടിഞ്ഞാറന്‍ യു.പി.യില്‍ എസ്.പി., ആര്‍.എല്‍.ഡി. മഹാ സഖ്യത്തിനൊപ്പമാണെങ്കിലും ബി.ജെ.പി. സ്ഥാനാര്‍ഥിയും മുസ്ലിമല്ലാത്ത മഹാസഖ്യ സ്ഥാനാര്‍ഥിയും ഉള്ള മണ്ഡലങ്ങളില്‍ ബി.എസ്.പി.യുടെ മുസ്ലിം സ്ഥാനാര്‍ഥിക്ക് മുസ്ലിങ്ങള്‍ വോട്ടു ചെയ്യുമെന്നാണ് ബി.എസ്.പി. പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറന്‍ യു.പി.യില്‍ ഇത്തരം സാധ്യതകളാണ് ബി.എസ്.പി. പരീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് കാലുമാറി വന്ന പ്രമുഖ നേതാക്കളായ സല്‍മാന്‍ സയീദ്, ഇമ്രാന്‍ മസൂദിന്റെ സഹോദരന്‍ നോമാന്‍ മസൂസ് എന്നിവരെയടക്കം സ്ഥാനാര്‍ഥികളാക്കിയുള്ള തന്ത്രവും ഇതിനായി ബി.എസ്.പി. പയറ്റുന്നു.
അതേസമയം, ബി.ജെ.പി.യുടെ ദളിത് ജാടവ് വോട്ടുകള്‍ കൈക്കലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണിക്കുറി ബി.ജെ.പി. നടത്തുന്നത്. ഇതിനായി പോഷക സംഘടനയിലെയും ദളിത് മഹാസഭയിലെയും പ്രവര്‍ത്തകരെ സംസ്ഥാനത്തുടനീളമുള്ള ജാടവ് വോട്ടര്‍മാരെ കാണാന്‍ നിയോഗിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ സമ്പര്‍ക്ക പരിപാടിയും തുടങ്ങി.