പഞ്ചാബിൽ തോറ്റ നേതാക്കൾ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പഞ്ചാബിനെ തൂത്തെടുത്തുകഴിഞ്ഞു. കോണ്‍ഗ്രസും ശിരോമണി അകാലിദളും മാറിമാറിഭരിച്ച പഞ്ചാബിന് ഇനി പുതുമയുടെ രാഷ്ട്രീയമാണ്.
വ്യാഴാഴ്ച വൈകീട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാമുണ്ട്. 'മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളിലും തോറ്റു, നവജോത് സിങ് സിദ്ദു തോറ്റു, പ്രകാശ് സിങ് ബാദല്‍ തോറ്റു, സുഖ്ബീര്‍ ബാദല്‍ തോറ്റു, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തോറ്റു, ബിക്രം സിങ് മജീതിയ തോറ്റു. പഞ്ചാബിലെ ജനങ്ങള്‍ അദ്ഭുതംകാട്ടി.'
പതിറ്റാണ്ടുകളായി പഞ്ചാബ് രാഷ്ട്രീയത്തെ നയിച്ചവരെല്ലാം ഇന്നലെ വന്ന ആപ്പിനുമുന്നില്‍ അടിയറവ് പറഞ്ഞു. 2017-ല്‍ 77 സീറ്റുകളോടെ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ശക്തനായ നേതാവാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പി.ക്കൊപ്പം ചേര്‍ന്ന ക്യാപ്റ്റന് നിലംതൊടാനായില്ല. ആറുതവണ പഞ്ചാബ് ഭരിച്ച ശിരോമണി അകാലിദളിനും അതിനെ നയിക്കുന്ന ബാദല്‍ കുടുംബത്തിനും വലിയ തിരിച്ചടിയാണ് നേരിട്ടത്.
മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ തോറ്റു
ന്യൂഡല്‍ഹി: പഞ്ചാബില്‍ പുതിയ രാഷ്ട്രീയചരിത്രം കുറിച്ച് ആം ആദ്മി പാര്‍ട്ടിയുടെ സര്‍വാധിപത്യം. 117 നിയമസഭാ സീറ്റുകളില്‍ 92-ലും ജയിച്ച് ആപ് അധികാരം പിടിച്ചു. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ആപ് തരംഗത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 77 സീറ്റുകളില്‍നിന്ന് 18-ലേക്കും ശിരോമണി അകാലിദള്‍ 18-ല്‍നിന്ന് മൂന്നിലേക്കും കുറഞ്ഞു.
ഭരണമാറ്റം വേണമെന്ന ശക്തമായ പൊതുവികാരം ആപ്പിന് ഗുണംചെയ്തു. പാര്‍ട്ടിയിലെ പരസ്യ ചേരിപ്പോര് കോണ്‍ഗ്രസിനു വിനയായി. ആറുതവണ സംസ്ഥാനം ഭരിച്ച അകാലിദളും നിലംപൊത്തി. ആപ്പിന് 42 ശതമാനം വോട്ട് ലഭിച്ചു. അകാലിദളിന്റെ വിഹിതം 18.38 ശതമാനത്തിലേക്കും കോണ്‍ഗ്രസിന്റേത് 22.98 ശതമാനത്തിലേക്കും ചുരുങ്ങി.
കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മുന്‍നിര്‍ത്തിയുള്ള ബി.ജെ.പി.യുടെ പോരാട്ടം രണ്ട് സീറ്റില്‍ അവസാനിച്ചു. അമരീന്ദര്‍ സിങ്ങിന് സ്വന്തം മണ്ഡലമായ പട്യാലയില്‍പ്പോലും ജയിക്കാനായില്ല. ആപ്പിന്റെ അജിത് പാല്‍ സിങ്ങിനോട് ഇരുപതിനായിരത്തോളം വോട്ടുകള്‍ക്കാണ് പട്യാല രാജകുടുംബാംഗമായ സിങ് പരാജയപ്പെട്ടത്. ബി.എസ്.പി.ക്ക് ഒരു സീറ്റ് ലഭിച്ചു. ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയും വിജയിച്ചു.
ഭഗവന്ത് മന്‍ 58,000-ലേറെ വോട്ടുകള്‍ക്കാണ് ധൂരി മണ്ഡലത്തില്‍ ജയിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, മുന്‍മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, പ്രകാശ് സിങ് ബാദല്‍ എന്നിവരും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ നവജോത് സിങ് സിദ്ദു, അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവരടക്കമുള്ള വന്‍മരങ്ങളും ആപ് തരംഗത്തില്‍ വീണു.
മുഖ്യമന്ത്രി ചന്നി മത്സരിച്ച രണ്ട് മണ്ഡലത്തിലും തോറ്റു. ബദോര്‍ മണ്ഡലത്തില്‍ ആപ്പിന്റെ ലാബ് സിങ് ഉഗോഖെയോട് 37,000-ലേറെ വോട്ടുകള്‍ക്കും ചംകോര്‍ സാഹിബില്‍ ആപ്പിന്റെതന്നെ ചരണ്‍ജീത് സിങ്ങിനോട് എണ്ണായിരം വോട്ടുകള്‍ക്കുമാണ് ചന്നി തോറ്റത്.
പഞ്ചാബ് ഉറ്റുനോക്കിയ അമൃത്സര്‍ ഈസ്റ്റിലെ വാശിയേറിയ പോരാട്ടം സിദ്ദുവും അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയയും തമ്മിലായിരുന്നെങ്കിലും ഇരുവരും എ.എ.പി. സ്ഥാനാര്‍ഥി ജീവന്‍ ജ്യോത് കൗറിനോട് തോറ്റു.
ഭരണം കടുപ്പം
പാതിസംസ്ഥാന'മായ ഡല്‍ഹിയിലേതുപോലെ എളുപ്പമാവില്ല ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിലെ ഭരണം. പാകിസ്താനുമായി 425 കിലോമീറ്റര്‍ അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനത്തിന്റെ സുരക്ഷ, ക്രമസമാധാനം, കാര്‍ഷിക പ്രശ്‌നങ്ങള്‍, ലഹരി-ഖനന മാഫിയകള്‍ എന്നിവയെല്ലാം അവര്‍ക്ക് കരുതലോടെ നേരിടേണ്ടിവരും. ഇവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്നത് അവരുടെ ദേശീയ ചുവടുവെപ്പിന്റെ ഗതിയും നിര്‍ണയിക്കും.
പൂര്‍ണസംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയില്‍ പോലീസും ക്രമസമാധാനവുമുള്‍പ്പെടെ സുപ്രധാന വകുപ്പുകളെല്ലാം ലെഫ്. ഗവര്‍ണര്‍വഴി കേന്ദ്രമാണ് കൈകാര്യം ചെയ്യുന്നത്. വൈദ്യുതി, വെള്ളം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ മാത്രമാണ് ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ളത്.
പഞ്ചാബില്‍ ഇതല്ല സ്ഥിതി. അതിര്‍ത്തികടന്നുള്ള മയക്കുമരുന്നിന്റെ വരവ്, ലഹരി-ഖനന മാഫിയകള്‍ എന്നിവയെ നേരിടണം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൂടുള്ളവിഷയവും ഇതായിരുന്നു. കര്‍ഷക സമരത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന പഞ്ചാബില്‍ കാര്‍ഷികമേഖലയുടെ പ്രശ്‌നങ്ങളും മുന്നിലുണ്ട്. വിലത്തകര്‍ച്ച, വയലുകളിലെ തീയിടല്‍ തുടങ്ങിയ കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കണം.
വെള്ളവും വൈദ്യുതിയും (നിശ്ചിത അളവുവരെ) സ്ത്രീകള്‍ക്ക് ബസ് യാത്രയും സൗജന്യമാക്കിയ ഡല്‍ഹി മോഡല്‍ പഞ്ചാബിലും ആവര്‍ത്തിക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല. 18 തികഞ്ഞ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാസം 1000 രൂപ നല്‍കുമെന്ന ആപിന്റെ വാഗ്ദാനവും പാലിച്ചേക്കാനാവും. എന്നാല്‍, ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും പ്രാധാന്യമുള്ളതും വലിയ സുരക്ഷാ-ക്രമസമാധാനം നേരിടുന്നതുമായ സംസ്ഥാനത്തെ ഭരണപരിചയമില്ലാത്ത നേതൃത്വത്തെവെച്ച് ആപ് എങ്ങനെ കൊണ്ടുപോകുമെന്നാണ് കാണേണ്ടത്.
ഹാസ്യകലാകാരനില്‍നിന്ന് രാഷ്ട്രീയത്തിലിറങ്ങി പാര്‍ലമെന്റംഗമായതാണ് മുഖ്യമന്ത്രിയാവാന്‍ പോകുന്ന ഭഗവന്ത് മനിന്റെ യോഗ്യത. ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്ക് മറ്റൊരു മുഖംപോലും പഞ്ചാബിലില്ല. ഡല്‍ഹിയിലിരുന്ന് കെജ്രിവാള്‍ പരോക്ഷമായി ഭരണം നയിച്ചാല്‍പ്പോലും കാര്യങ്ങള്‍ എളുപ്പമല്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യില്‍നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നേക്കാം. ഡല്‍ഹിയില്‍ ആപ് സര്‍ക്കാര്‍ നീക്കുന്ന ഫയലുകള്‍ പലതും ലെഫ്. ഗവര്‍ണര്‍ വഴി തടഞ്ഞുവെക്കുന്നത് വലിയ അധികാരത്തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. പഞ്ചാബില്‍ അതുനടക്കില്ലെങ്കിലും മറ്റുപലതും ആപ് പ്രതീക്ഷിക്കണം. അതിനെ അതിജീവിക്കുന്നതിനെ ആശ്രയിച്ചാകും ദേശീയരാഷ്ട്രീയത്തില്‍ അവരുടെ ഭാവി.
Content Highlights: Punjab politics is changing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..