.jpg?$p=d5c371f&f=16x10&w=856&q=0.8)
സുവർണ ക്ഷേത്ര സന്ദർശനത്തിനിടെ അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് മന്നും | Photo: ANI
ഛണ്ഡിഗഡ്: പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെ പതിനേഴംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഇതില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിന്റെ ജന്മസ്ഥലമായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ബാക്കിയുള്ള മന്ത്രിമാര്‍ മറ്റൊരു ദിവസം സത്യവാചകം ചൊല്ലും. ഇപ്പോള്‍ പഞ്ചാബിലുള്ള പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ച നടത്തിയശേഷമേ മന്ത്രിമാര്‍ ആരെല്ലാമെന്ന് തീരുമാനമെടുക്കൂ. ചരണ്‍ജിത് സിങ് ചന്നി, നവ്‌ജ്യോത് സിങ് സിദ്ദു തുടങ്ങി പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയവരെല്ലാം മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഭവന്ത് മന്നും അരവിന്ദ് കേജ്‌രിവാളും സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് അമൃത്സറില്‍ റോഡ് ഷോയും നടത്തി.
ദേശീയ പാര്‍ട്ടിയായി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എഎപി ഡല്‍ഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് 117 അംഗ നിയമസഭയില്‍ 92 സീറ്റും നേടി മിന്നും ജയത്തോടെയാണ് എഎപി അധികാരത്തിലേറുന്നത്. വിന്‍ വിജയത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഭഗവന്ത് മന്‍ ഡല്‍ഹിയിലെ വസതിയിലെത്തി അരവിന്ദ് കെജ്‌രിവാളിനെ കണ്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..