ചരൺജിത് സിങ് ചന്നി, രാഹുൽ ഗാന്ധി, സിദ്ദു |ഫോട്ടോ:ANI
ഛണ്ഡീഗഢ്:അധികാര തര്‍ക്കങ്ങള്‍ക്ക് അറുതിവരുത്താന്‍ ഒടുവില്‍ കോണ്‍ഗ്രസ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന്റൈ മുഖ്യമന്ത്രി സ്വപ്നം തകര്‍ത്തുകൊണ്ടാണ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്.
പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വ്യാഴാഴ്ച തുടക്കംകുറിച്ചിരുന്നു. പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയ ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ആരെ പ്രഖ്യാപിച്ചാലും പിന്തുണയ്ക്കുമെന്ന് നിലവിലെ മുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനും തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കുകയുണ്ടായി.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷമാണ് അമരീന്ദര്‍ സിങിന്റെ പിന്‍ഗാമിയായി ചരണ്‍ജിത്ത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നത്. നവ്ജ്യോത് സിദ്ദു, സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ തുടങ്ങി നിരവധി പേരുകള്‍ മാറി മറിഞ്ഞ ശേഷമാണ് ആദ്യഘട്ടത്തില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ചരണ്‍ജിത്ത് സിങ് ചന്നിയിലേക്ക് കോണ്‍ഗ്രസ് എത്തുകയായിരുന്നു. അമരീന്ദര്‍ സിങ്- സിദ്ദു സംഘര്‍ഷത്തിന് അയവ് വരുത്താന്‍ കൊണ്ടുവന്ന ചന്നി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പഞ്ചാബില്‍ ജനകീയനായി മാറി. ഇതാണ് അദ്ദേഹത്തെ തന്നെ മുന്നില്‍ നിര്‍ത്തികൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെ പ്രേരിപ്പിച്ചത്.
ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് 58കാരനായ ചരണ്‍ജിത്ത് സിങ് ചന്നി. പഞ്ചാബ് ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ചന്നി പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ് മുഖ്യമന്ത്രി കൂടിയാണ്. മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്തയച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സംഘത്തില്‍ ചന്നിയും ഉള്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷം ചന്നിയും സിദ്ദുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
പഞ്ചാബില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ വരുംദിവസങ്ങളില്‍ 117 സ്ഥാനാര്‍ഥികളോടൊപ്പം ദുര്‍ഗിയാന മന്ദിറും ഭഗവാന് വാല്മീകി തീര്‍ഥും സന്ദര്‍ശിക്കും. മിതാപുരിലെ വൈറ്റ് ഡയമണ്ടില്‍ 'നവി സോച്ച് നവ പഞ്ചാബ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലിയിലും പങ്കെടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷന് റാലികള്‍ തടഞ്ഞശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി പഞ്ചാബിലെത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..