പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി രാഹുൽ ഗാന്ധിക്കൊപ്പം| ഫോട്ടോ: പി.ടി.ഐ
ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പു നേരിടുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിട്ട് ദിവസം രണ്ടായി. ആരാകും 'ഭാഗ്യതാര'മെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയനേതാക്കള്‍.
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും പി.സി.സി. അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദുവും ആ പദവിക്ക് അവകാശമുന്നയിച്ചുകൊണ്ട് ഒരുപോലെ രംഗത്തുണ്ട്. എന്നാല്‍, തുലാസില്‍ അല്പം തൂക്കക്കൂടുതല്‍ ചന്നിയുടെ തട്ടിനാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം വൈകാതെയുണ്ടാകുമെന്ന് പാര്ട്ടിവിശ്വസ്തകേന്ദ്രങ്ങള് പറയുന്നു. മാന്യമായരീതിയില്‍ അധികാരം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സിദ്ദുവുമായി ചര്ച്ചനടന്നുവരികയാണെന്നും അതു പൂര്‍ത്തിയായാലുടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
പഞ്ചാബില്‍ ഇക്കുറി കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ആംആദ്മി പാര്‍ട്ടി, ഭഗവന്ത് മാനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ടെലിവോട്ടെടുപ്പിലൂടെ ജനാഭിപ്രായം തേടിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് എ.എ.പി. പറയുന്നത്. ധുരി മണ്ഡലത്തില്‍ മാന്‍ ശനിയാഴ്ച പത്രിക സമര്‍പ്പിച്ചു. അദ്ദേഹം രണ്ടുതവണ പ്രതിനിധാനം ചെയ്ത സംഗ്രൂര്‍ ലോക്സഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ധുരി നിയമസഭാമണ്ഡലം.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായത്. ''ഞങ്ങള്‍ക്ക് ഇങ്ങനെയൊരു പതിവില്ല, തിരഞ്ഞെടുപ്പു കഴിഞ്ഞു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് കോണ്‍ഗ്രസ് ശൈലി. എന്നാല്‍, പഞ്ചാബില്‍ ഇക്കുറി മുഖ്യമന്ത്രിസ്ഥാനാര്‍ഥി വേണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ നിശ്ചയിക്കുന്നയാളെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും'' -രാഹുല്‍ ഗാന്ധി പറഞ്ഞു.
സകലവിഷയങ്ങളിലും ചേരിപ്പോരിന്റെ വഴിയിലായ ചന്നിയും സിദ്ദുവും ഇക്കാര്യത്തില്‍ ഏകോദരസഹോദരങ്ങളെപ്പോലെയാണ്. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുവേണം തിരഞ്ഞെടുപ്പുനേരിടാനെന്നാണ് ഇരുവരുടെയും നിലപാട്.
അതിനിടെ പി.സി.സി. അധ്യക്ഷന്‍ സിദ്ദു അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ശനിയാഴ്ച പത്രികനല്കി. പട്യാലയ്ക്കു പകരം അമൃത്സര്‍ ഈസ്റ്റില്‍ മത്സരിക്കാന്‍ അദ്ദേഹം മുന്‍മുഖ്യമന്ത്രി അമരിന്ദര്‍സിങ്ങിനെ വെല്ലുവിളിച്ചു. അമൃത്സര്‍ ഈസ്റ്റിനു പുറമേ മറ്റൊരു മണ്ഡലത്തില്‍ക്കൂടി പത്രികനല്‍കിയ അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയയെ അമൃത്സറില്നിന്നു മാത്രം മത്സരിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..