കുടിച്ച് പൂസായി വേദികളില്‍, ഇറക്കിവിടല്‍; ഹാസ്യനടനില്‍ നിന്ന്‌ മുഖ്യമന്ത്രിപദത്തിലേക്ക് മൻ


2 min read
Read later
Print
Share

ഭഗവന്ത് മാൻ അരവിന്ദ് കെജ്രിവാളിനൊപ്പം |ഫോട്ടോ:PTI

'മദ്യപാനിയും നിരക്ഷരനുമായിരുന്നു. മൂന്ന് വര്‍ഷം കൊണ്ടാണ് 12-ാം ക്ലാസ് പാസായത്. അങ്ങനെയൊരാള്‍ക്ക് എങ്ങനെയാണ് പഞ്ചാബിന്റെ നയിക്കാനാകുക' തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭഗവന്ത് മനെ കുറിച്ച് മുഖ്യമന്ത്രി ഛരണ്‍ജിത് സിങ് ചന്നി പറഞ്ഞ വാക്കുകളാണിത്. ഇപ്പോള്‍ പഞ്ചാബ് ജനത തീരുമാനിച്ചിരിക്കുന്നു തങ്ങളെ നയിക്കാന്‍ 12-ാം ക്ലാസ് മൂന്ന് വര്‍ഷം കൊണ്ട് പാസായ ഭഗവന്ത് മന്‍ മതിയെന്ന്.

ആം ആദ്മി പാര്‍ട്ടിക്ക് ചരിത്രനേട്ടം നല്‍കിക്കൊടുത്ത ഭവന്ത് മന്‍ പഞ്ചാബില്‍ പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2011-ല്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നത് വരെ ഒരു ടെലിവിഷന്‍ കൊമേഡിയനായിട്ടാണ് മന്‍ അറിയിപ്പെട്ടിരുന്നത്. രാഷ്ട്രീയത്തില്‍ എത്തിയതോടെ വിവാദങ്ങളുടെ തോഴനായി മാറി. കുടിച്ചു പൂസായി രാഷ്ട്രീയ വേദികളിലെത്തി. പാര്‍ലമെന്റില്‍ പോലും രണ്ടെണ്ണം അടിച്ചാണ് എത്തുകയെന്ന എഎപി എംപിമാര്‍ തന്നെ തുറന്നടിച്ചു. കള്ള് മണത്ത് അടുത്തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഹരീന്ദര്‍ സിങ് കല്‍സ ഒരിക്കല്‍ പറയുകയുണ്ടായി. ശവസംസ്‌കാര ചടങ്ങിലും ഗുരുദ്വാരയിലും കുടിച്ചെത്തിയ മാനെ അവിടെ നിന്നെല്ലാം പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. 2017 ഒരു റാലിക്ക് അടിച്ച് പൂസായി എത്തി താഴെ വീഴുന്ന സ്ഥിതിയും ഉണ്ടായി.

എതിരാളികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭവന്ത് മന്റെ വെള്ളമടി വലിയ ചര്‍ച്ചയാക്കി. ഒടുവില്‍ 2019-ല്‍ ബര്‍ണാലയിലെ ഒരു റാലിയില്‍ വെച്ച് മന്‍ പ്രഖ്യാപനം നടത്തി. താന്‍ ഇനി ഒരിക്കലും മദ്യം തൊടില്ലെന്ന് അദ്ദേഹം അവിടെ വെച്ച് സത്യം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും മന്‍ ഇനി കുടിക്കില്ലെന്ന് പ്രഖ്യാപിച്ചു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മന്റെ മദ്യപാനം ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിലെ തമ്മില്‍ തല്ലില്‍ മനംമടുത്ത ജനത്തിന് മാന്റെ മദ്യപാനമൊന്നും വലിയ കാര്യമായി തോന്നിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

2011-ല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിലൂടെയാണ് മന്‍ രാഷ്ട്രീയ പ്രവേശം നടത്തിയത്. കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. 2014-ല്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഗ്രൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സസരിച്ച ഭവന്ത് മന്‍ രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് നാല് എംപിമാരെ പഞ്ചാബില്‍ നിന്ന് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചു. 2019-ലെ തിരഞ്ഞെടുപ്പില്‍ സംഗ്രൂറില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാന്റെ ഭൂരിപക്ഷം പക്ഷേ പകുതിയായി കുറഞ്ഞു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിലും രാജ്യത്ത് ആകെയും നിലവില്‍ ഏക ലോക്സഭാ എംപി മാത്രമായിട്ട് മാന്‍ മാത്രമാണുള്ളത്. ഇതിനിടെ 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജലാദാബാദ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ശിരോമണി അകാലിദളിന്റെ സുഖ്ബീര്‍ സിങ് ബാദലിനോട് പരാജയപ്പെട്ടു. ഇത്തവണ ധുരി മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച 43-കാരനായ മന്‍ അവിടെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്.

ജനാഭിപ്രായം തേടിയാണ് ഭഗവന്ത് മനെ എഎപി കണ്‍വീനര്‍ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനും ഇത് മാതൃകയാക്കേണ്ടിവന്നു. ജനാഭിപ്രായത്തില്‍ 90 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ നേടി മുന്നിലെത്തിയ മന്‍ എഎപിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. മുന്നില്‍ നിന്ന നയിച്ച് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 117-ല്‍ 90 സീറ്റുകളോളം നേടി ഇനി പഞ്ചാബിനെ മന്‍ നയിക്കും.

ഭഗവന്ത് മനിലൂടെ എഎപിക്ക് രാജ്യത്ത് രണ്ടാമതൊരു മുഖ്യമന്ത്രി കൂടി ഉണ്ടായിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന മുന്നേറ്റമാണ് എഎപി പഞ്ചാബില്‍ നേടിയിരിക്കുന്നത്. 2017-ലാണ് പഞ്ചാബില്‍ ആദ്യമായി എഎപി രംഗപ്രവേശം നടത്തുന്നത്. മന്‍ തന്നെയായിരുന്നു നയിച്ചിരുന്നത്. എന്നാല്‍ മാന്‍ തോറ്റെങ്കിലും അരങ്ങേറ്റ തിരഞ്ഞെടുപ്പില്‍ തന്നെ 20 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷമാകാന്‍ എഎപിക്ക് കഴിഞ്ഞു. രണ്ടാമങ്കത്തില്‍ മാന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധികാരത്തിലുമെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്.

Content Highlights: Bhagwant Mann,Punjab Election Results 2022,Punjab Elections,Aam Aadmi Party,AAP

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented