ഭഗവന്തിനെ സ്വീകരിക്കുന്ന കെജ്‌രിവാൾ. photo: PTI, twitter/Arvind Kejriwal
ന്യൂഡല്‍ഹി: ആം ആദ്മി നേതാവ് ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്യും. ദേശീയ പാര്‍ട്ടിയായി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എഎപി ഡല്‍ഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് 117 അംഗ നിയമസഭയില്‍ 92 സീറ്റും നേടി മിന്നും ജയത്തോടെയാണ് എഎപി അധികാരത്തിലേറുന്നത്.
ഇതിനിടെ വെള്ളിയാഴ്ച ഭഗവന്ത് മന്‍ ഡല്‍ഹിയിലെ വസതിയിലെത്തി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളിനെ കണ്ടു. കെജ്രിവാളും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒന്നിച്ചാണ് ഭഗവന്തിനെ സ്വീകരിച്ചത്. കെജ്‌രിവാളിന്റെ കാല്‍തൊട്ട് വണങ്ങിയ ഭഗവന്ത് ഇരുവരേയും കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുകയും ചെയ്തു. എഎപി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
'എന്റെ ഇളയ സഹോദരനായ ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് എന്നെ ക്ഷണിക്കാനായി ഭഗവന്ത് ഇന്നു വസതിയിലെത്തി. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പഞ്ചാബിലെ ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റാന്‍ ഭഗവന്തിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്' - ഭഗവന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
തന്റെ സത്യപ്രതിജ്ഞ തലസ്ഥാനനഗരിയിലോ രാജ്ഭവനിലോ ആയിരിക്കില്ലെന്നും സ്വാതന്ത്ര്യസമരത്തിലെ ധീരപോരാളി ഭഗത് സിങ്ങിന്റെ ജന്മനാടായ ഖട്ട്കര്‍ കലാനിലായിരിക്കുമെന്നും ഭഗവന്ത് നേരത്തെ
അറിയിച്ചിരുന്നു.
ഇതിനിടെ നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ അദ്ദേഹം കാവല്‍ മുഖ്യമന്ത്രിയായി തുടരും. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ചന്നി തോറ്റിരുന്നു.
സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ആപ് തരംഗത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 77 സീറ്റുകളില്‍നിന്ന് 18-ലേക്കും ശിരോമണി അകാലിദള്‍ 18-ല്‍നിന്ന് മൂന്ന് സീറ്റിലേക്കും കൂപ്പുകുത്തിയിരുന്നു. ചന്നിക്ക് പുറമേ മുന്‍മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, പ്രകാശ് സിങ് ബാദല്‍ എന്നിവരും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ നവജോത് സിങ് സിദ്ദു, അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവരടക്കമുള്ള വന്‍മരങ്ങളും ആപ് തരംഗത്തില്‍ വീണിരുന്നു.
Content Highlights: AAP's Bhagwant Mann to take oath as Punjab chief minister on March 16
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..