.jpg?$p=8a7b7b1&f=16x10&w=856&q=0.8)
ബിശ്വജിത് സിങ്, കേംചന്ദ്, ബീരെൻ സിങ് | Photo: facebook.com/Th.BiswajitSinghh, facebook.com/khemchandyum, PTI
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും മണിപ്പൂരില്‍ മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ അന്തിമ ധാരണയിലെത്താനാകാതെ ബി.ജെ.പി. കാവല്‍ മുഖ്യമന്ത്രി ബീരെന്‍ സിങ്ങും ബിശ്വജിത്തും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം തുടരുന്നു. ഇവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകുമെന്ന സൂചനകള്‍ക്കിടെ ഞായറാഴ്ചത്തെ ചര്‍ച്ചകളില്‍ പുതിയൊരു പേര് കൂടി ഉയര്‍ന്നുവന്നു. ആര്‍എസ്എസ് പിന്തുണയുള്ള നേതാവും കഴിഞ്ഞ നിയമസഭയിലെ സ്പീക്കറുമായ യുംനാം കേംചന്ദിന്റെ പേര് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
ബീരെന്‍ സിങ്ങും ബിശ്വജിത്തും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ കേംചന്ദിന് മുഖ്യമന്ത്രിയായി ഞായറാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു എന്നിവര്‍ ഇന്ന് സംസ്ഥാന തലസ്ഥാനമായ ഇംഫാലിലേക്ക് എത്തുന്നുണ്ട്. ഇന്നലെ ബീരെന്‍ സിങ്ങുമായും ബിശ്വജിത്തുമായും കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും മുഖ്യമന്ത്രി ബീരെന്‍ സിങ് ആണ് സംസ്ഥാനത്ത് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ 2017ലും മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് അവസാന നിമിഷം സ്ഥാനം നഷ്ടപ്പെട്ട ബിശ്വജിത്ത് ഇത്തവണ നിലപാട് കടുപ്പിക്കുകയായിരുന്നു.
ബിശ്വജിത്തിനെ മറികടന്നാണ് 2017ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബീരെന്‍ സിങ്ങിനെ മണിപ്പൂരില്‍ മുഖ്യമന്ത്രിയാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് ബീരെന്‍ സിങ്ങിനെ ബിജെപിയില്‍ എത്തിച്ചത് ബിശ്വജിത്തായിരുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നാണ് അന്ന് അദ്ദേഹം പ്രതചികരിച്ചത്. എന്നാല്‍ 47കാരനായ ബിശ്വജിത്ത് ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണ് വെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഉള്‍പ്പോര് കാരണം രണ്ട് പേര്‍ക്കും സ്ഥാനം ലഭിക്കില്ലെന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..