പ്രക്ഷോഭങ്ങളിൽ നിന്ന് | Photo: ANI
ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബീരന്‍ സിങ് എന്നിവരുടെ കോലം കത്തിച്ചും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തുമായിരുന്നു പ്രതിഷേധം. വിവിധ സ്ഥലങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ തടിച്ച് കൂടി.
പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പലരും പാര്‍ട്ടി വിട്ടു. എത്ര നേതാക്കളാണ് പാര്‍ട്ടി വിട്ടതെന്ന് വ്യതക്തമല്ല. 60 പേരുടെ പട്ടിക പ്രഖ്യാപിച്ചതില്‍ പത്ത് പേരെങ്കിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ്. പാര്‍ട്ടിക്കൊപ്പം നിന്നവരെ പരിഗണിക്കാതെ കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ പരിഗണിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി ബീരന്‍ സിങ് ഹെയ്ങാങ് മണ്ഡലത്തില്‍ നിന്നും ബിസ്വജത് സിങ് തോങ്യു മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. അതേസമയം പാര്‍ട്ടി പ്രഖ്യാപിച്ച 60 സീറ്റുകളില്‍ മൂന്നിടത്ത് മാത്രമാണ് വനിതകള്‍ മത്സരിക്കുന്നത്. പട്ടികയില്‍ ഒരേയൊരു മുസ്ലീം സ്ഥാനാര്‍ഥി മാത്രമാണുള്ളത്. മണിപ്പൂരില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പിസിസി അധ്യക്ഷന്‍ ഗോവിന്ദദാസ് കോന്ദോയാമിനും സീറ്റ് നല്‍കിയിട്ടുണ്ട്.
2017ല്‍ 21 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചതെങ്കിലും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നു. 16 കോണ്‍ഗ്രസ് എംഎല്‍എമാരാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂരില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന കണക്ക്കൂട്ടലില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
Content Highlights: protest by bjp workers in manipur as party announced candidate list
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..