ജോസഫ് മാത്യു, വർഗ്ഗീസ് ജോസഫ്, ജോൺ പള്ളിക്കമാലിൽ എന്നിവർ ചർച്ചയിൽ | Photo: Mathrubhumi
മലയാളികളുടെ എണ്ണം നന്നെ കുറവാണ് മണിപ്പൂരില്‍. എങ്കിലും മലയാളി ലോകത്തെവിടെയെന്നതു പോലെ ചുറ്റും നടക്കുന്ന രാഷ്ട്രീയ സാമൂഹിക ചലനങ്ങളില്‍ ബദ്ധശ്രദ്ധനാണ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ കൊച്ചുസംസ്ഥാനത്തും. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘനാളത്തെ തങ്ങളുടെ അനുഭവവും നിരീക്ഷണവും കൊണ്ട് എത്തിച്ചേര്‍ന്നിട്ടുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് മൂന്ന് മലയാളികള്‍ ഈ ചര്‍ച്ചയില്‍.
ഇംഫാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ മാനേജറും സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സെന്ന രാഷ്ടീയ സംഘടനയുടെ അധ്യക്ഷനുമായ കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ജോണ്‍ പള്ളിക്കമാലില്‍, ഇതേ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ പെരിന്തല്‍മണ്ണ പരിയാപുരം സ്വദേശി ജോസഫ് മാത്യു(സോജന്‍), മണിപ്പൂര്‍ ദ ഉഷസ് സ്‌കൂള്‍ ഡയറക്ടര്‍ എരുമേലി മുക്കൂട്ടുതറ സ്വദേശി വര്‍ഗീസ് ജോസഫ്(ഷാജി) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
മണിപ്പൂരില്‍ ഇത്തവണ ആര് ജയിക്കുമെന്നാണ് തോന്നുന്നത്?
ജോണ്‍ പള്ളിക്കമാലില്‍: എന്റെ അഭിപ്രായത്തില്‍ ബി.ജെ.പി തന്നെ വരാനാണ് സാദ്ധ്യത.കേന്ദ്രം ആര് ഭരിക്കുന്നുവോ അവരുടെ കൂടെ നില്‍ക്കുക എന്നതാണ് മണിപ്പൂരികളുടെ രീതി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബി.ജെ.പിയുടേതാണ്. അതു പോലെ തന്നെ ആയിരിക്കും തിരഞ്ഞെടുപ്പ് കഴിയുമ്പോഴും എന്നാണ് തോന്നുന്നത്.
വര്‍ഗ്ഗീസ് ജോസഫ്:എന്റെ അഭിപ്രായവും ഇദ്ദേഹം പറഞ്ഞതു തന്നെയാണ്. ഇപ്പോള്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നുവെന്ന് കരുതുക. മറ്റന്നാള്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിരിക്കും. അതാണ് ഇവിടെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ജോസഫ് മാത്യു: ഈ മണിപ്പൂര്‍ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ മൂല്യാധിഷ്ഠിത രാഷ്ട്രീയമോ പ്രശ്നാധിഷ്ഠിത രാഷ്ട്രീയമോ ഒന്നുമില്ല എന്നതാണ്. ഇവിടെ ആകെ ഒരു ഘടകം മാത്രം. പണം. വെറും പണം. ഒരു രാഷ്ട്രീയപാര്‍ട്ടിയും തങ്ങള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രചാരണം നടത്താറില്ല. വലിയ റാലികളോ പൊതുയോഗങ്ങളോ നടത്തി അക്കാര്യങ്ങള്‍ പറയാറില്ല. പ്രധാനമായും നടക്കുന്നത് വീടുവീടാന്തരമുള്ള പ്രചാരണമാണ്. അതിന്റെ തന്നെ പ്രധാന ഉദ്ദേശം പൈസ കൊടുക്കുക എന്നതാണ്. അങ്ങിനെ വരുമ്പോള്‍ ഇത്തവണ ഇവിടെ കയ്യില്‍ കൂടുതല്‍ പൈസ ഉള്ള ബി.ജെ.പി തന്നെ വരാനാണ് സാദ്ധ്യത.
വര്‍ഗ്ഗീസ് ജോസഫ്: ഇവിടത്തെ വാംഗ്ഖേയി മണ്ഡലത്തിലുള്ള ഒരു സ്ത്രീ ഈയിടെ സ്‌കൂളില്‍ വന്നിരുന്നു. അവിടത്തെ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഒക്രം ഹെന്റ്രി പണ്ട് കോണ്‍ഗ്രസ്സിലുണ്ടായിരുന്നതാണ്. ഇബോബി സിംഗിന് മകനെപ്പോലെയായിരുന്നു. ഇയാളുടെ പ്രധാന എതിരാളി ജെ.ഡി.യു സ്ഥാനാര്‍ത്ഥി അരുണ്‍കുമാറാണ്. അരുണ്‍കുമാര്‍ അയ്യായിരം തരാമെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ആറായിരം തരാമെന്നാണ് ഹെന്റി പറഞ്ഞതെന്നാണ് സ്ത്രീ പറഞ്ഞത്. തിരഞ്ഞെടുപ്പിന് തലേന്നാണ് പണം കൈമാറുക. ആരാണ് വാക്കു പാലിക്കുന്നതെന്ന് നോക്കട്ടെ,എന്നിട്ടു തീരുമാനിക്കാം എന്നാണ് അവര്‍ പറയുന്നത്. ഇതാണ് അവസ്ഥ. നാല്‍പ്പതിലധികം സീറ്റുകള്‍ ബി.ജെ.പിക്ക്,എട്ടു സീറ്റ് വരെ എന്‍.പി.പി അടക്കമുള്ള ചെറിയ കക്ഷികള്‍ക്ക്്,പിന്നെ ബാക്കി കോണ്‍ഗ്രസ്സിന് എന്നാണ് എന്റെ വിലയിരുത്തല്‍.
മണിപ്പൂരില്‍ നിങ്ങള്‍ക്ക് വോട്ടുണ്ടോ?വോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ?
ജോണ്‍: ഞാന്‍ മണിപ്പൂരില്‍ 32 വര്‍ഷമായി താമസിക്കുന്നു.പക്ഷെ രണ്ടുമാസം കൂടുമ്പോള്‍ നാട്ടില്‍ പോകാറുണ്ട്.അവിടെ വോട്ടര്‍പ്പട്ടികയില്‍ പേരുമുണ്ട്. അതുകൊണ്ട് ഇവിടെ ചേര്‍ത്തിട്ടില്ല. പിന്നെ പുറം നാട്ടുകാരുടെ പേരുകള്‍ ചേര്‍ക്കാന്‍ ഇവര്‍ താത്പര്യം കാണിക്കാറില്ല. എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകും.
വര്‍ഗ്ഗീസ്: മണിപ്പൂരില്‍ കുറഞ്ഞത് 100 വര്‍ഷങ്ങള്‍ മുന്‍പെങ്കിലും വന്ന് താമസിച്ചിട്ടുള്ള ബിഹാറികള്‍ക്കല്ലാതെ മറ്റുള്ള നാട്ടുകാര്‍ക്ക് ഇവിടെ വോട്ടവകാശം ലഭിക്കാന്‍ എളുപ്പമല്ല. പഞ്ചാബികള്‍,മാര്‍വാഡികള്‍,മലയാളികള്‍,കര്‍ണാടകക്കാര്‍ ഒക്കെ കുറേശ്ശെയായി ഇവിടെയുണ്ട്. ഇവര്‍ക്കൊന്നും വോട്ടില്ല.
ജോസഫ്: ഒരിക്കല്‍ മാത്രം അത് അനുവദിച്ചിരുന്നു. തൊണ്ണൂറുകളില്‍ ഒരിക്കല്‍. പക്ഷെ വോട്ട് ചെയ്യാന്‍ വരിനിന്നപ്പോള്‍ ഇവിടത്തുകാര്‍ തടഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പാണ്,നിങ്ങള്‍ വോട്ട് ചെയ്യേണ്ട കാര്യമില്ല,വേണമെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തോ എന്നു പറഞ്ഞു. അങ്ങിനെ മടങ്ങിപ്പോന്നു. പിന്നെ ശ്രമിച്ചിട്ടില്ല.
2017 വരെ പറയത്തക്ക യാതൊരു സ്വാധീനവുമില്ലാതിരുന്ന ബി.ജെ.പി എങ്ങിനെയാണ് ഇത്ര വലിയ ശക്തിയായത്?
ജോണ്‍: ഒക്രം ഇബോബി സിങ്ങിന്റെ സര്‍ക്കാരുകളുടെ കാലത്ത് ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ഉണ്ടായിരുന്നില്ല. 2017-ല്‍ അവര്‍ക്ക് കുറെ സീറ്റുകള്‍ കിട്ടാന്‍ കാരണം മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നവരാണ്. പിന്നെ ചില ചെറിയ സംഘടനകളെക്കൂടി ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കി. ഒരു എം.എല്‍.എയെ വിമാനത്താവളത്തില്‍ നിന്ന് പട്ടാളക്കാരുടെ സഹായത്തോടെ കടത്തിക്കൊണ്ടുപോവുക വരെ ചെയ്തിട്ടാണ് സര്‍ക്കാരുണ്ടാക്കിയത്. പക്ഷെ ഇത്തവണ അതൊന്നുമില്ലാതെ തന്നെ അവര്‍ക്ക് ഭരണത്തിലെത്താന്‍ കഴിയുന്ന അവസ്ഥയാണ്.
വര്‍ഗ്ഗീസ്: തുടക്കത്തില്‍ പറഞ്ഞതു തന്നെയാണ് ഈ ചോദ്യത്തിനും ഉള്ള ഉത്തരം. കേന്ദ്രഭരണം ഉളള കക്ഷിയോട് അടുത്തു നില്‍ക്കാനുള്ള പ്രവണത.
ജോസഫ്: ബി.ജെ.പി ടിക്കറ്റ് കിട്ടാന്‍ ഇത്തവണ കടുത്ത മത്സരമായിരുന്നു. ടിക്കറ്റ് കിട്ടാത്തവര്‍,സ്ത്രീകളടക്കം ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ വന്‍ അക്രമമാണ് നടത്തിയത്. ഇവിടെ പലതരം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രഫണ്ട് വരുന്നുണ്ട്. ആദിവാസി വികസനത്തിനും നല്ല തോതില്‍ ഫണ്ട് വരുന്നുണ്ട്. സ്വാഭാവികമായും കേന്ദ്രം ഭരിക്കുന്ന കക്ഷിയോട് താത്പര്യം കൂടും.
വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാറുണ്ടോ?
ജോണ്‍: വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി രാഷ്ട്രീയസംഘടനകള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇവിടെ നേരത്തെ രണ്ടും മൂന്നും മാസം നീളുന്ന ഉപരോധങ്ങള്‍ ഉണ്ടായിരുന്നു. അപ്പോള്‍ സാധനങ്ങള്‍ക്ക് നാലിരട്ടിയും അഞ്ചിരട്ടിയും വരെ വില ഉയരുമായിരുന്നു. ഇത് തങ്ങള്‍ ഒഴിവാക്കിയെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. അത് ഏതാണ്ട് ശരിയുമാണ്. പിന്നെ സമാധാനം സ്ഥാപിച്ചുവെന്നും ബി.ജെ.പി പ്രചരിപ്പിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പറയുന്ന കാര്യം അവര്‍ നടത്തിയിടത്തോളം വികസനം ബി.ജെ.പിക്ക് കൊണ്ടുവരാനായില്ല എന്നതാണ്.
ഇവിടത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ അത് അത്രയ്ക്ക് പ്രതിഫലിച്ചുകാണാറുമില്ല. എന്തായിരിക്കും കാരണം?
ജോസഫ്: അത് ഇത്തവണത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നപ്പോള്‍ ഞാനും ശ്രദ്ധിച്ച കാര്യമാണ്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് സ്ത്രീകള്‍. മറ്റ് പാര്‍ട്ടികളിലും കുറവാണ്. ഇവിടെ സ്ത്രീകളുടെ കൂട്ടായ്മകളുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി സമൂഹത്തില്‍ ആരും പ്രവര്‍ത്തിക്കാറില്ല. എന്നാലും രാഷ്ട്രീയത്തില്‍ അവര്‍ കുറവാണ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ ഒരു സ്ത്രീയാണ്. പൊതുവില്‍ സ്ത്രീകളാണ് ഇവിടെ കച്ചവടവും കുടുംബകാര്യങ്ങളും നോക്കുന്നത്. അവര്‍ വളരെ ബിസിയാണ്. അതൊക്കെ മാറ്റിവെച്ച് ഇറങ്ങാന്‍ മാത്രം പ്രാധാന്യം അവര്‍ രാഷ്ട്രീയത്തിന് കല്‍പ്പിക്കുന്നുണ്ടാവില്ല. പിന്നെ ഇറോം ശര്‍മ്മിളയൊക്കെ ഇറങ്ങിയിട്ടും അതിദയനീയമായ തോല്‍വിയായിരുന്നു ഫലം. എത്രയോ നാള്‍ അവര്‍ ഏതു ജനതയ്ക്ക് വേണ്ടിയാണോ പട്ടിണി കിടന്നത് അവര്‍ തന്നെ ശര്‍മ്മിളയെ കയ്യൊഴിയുകയായിരുന്നു.
സ്ഥാനാര്‍ത്ഥികള്‍ പൊതുവേ കോടീശ്വരന്‍മാരും ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ളവരുമായിട്ടാണല്ലോ കാണപ്പെടുന്നത്?
ജോണ്‍: ഇവിടെ ഏതു സ്ഥാനാര്‍ത്ഥിയായാലും ജയിക്കണമെങ്കില്‍ കാശുണ്ടാവണം.അത് ഏതു കക്ഷിയായാലും അങ്ങിനെതന്നെയാണ്. വോട്ടര്‍മാര്‍ക്ക് പണം കൊടുക്കണമെങ്കില്‍ നില്‍ക്കുന്നവന്‍ അതിന് കഴിയുന്നവനാവണമല്ലോ.
ജോസഫ്: സ്ഥാനാര്‍ത്ഥി നേരിട്ട് പണം മുടക്കുന്നത് കൂടാതെ മറ്റൊരു ഏര്‍പ്പാടുമുണ്ട്. താന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന നാട്ടുകാരെക്കൊണ്ടും അവര്‍ പണം ഇറക്കിക്കാറുണ്ട്. എനിക്ക് പരിചയമുള്ള ഒരു കരാറുകാരനുണ്ട്. അയാള്‍ പറഞ്ഞത് ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ ഇതിനകം ചെലവിട്ടുകഴിഞ്ഞുവെന്നാണ്. അങ്ങിനെ അയാള്‍ ചിലവാക്കണമെങ്കില്‍ ഭാവിയില്‍ അതിനുള്ള പ്രയോജനവും മനസ്സില്‍ കണ്ടിട്ടുണ്ടാവുമല്ലോ.
വര്‍ഗ്ഗീസ്: ഞാന്‍ മണിപ്പൂരികളെ ഇകഴ്ത്തി സംസാരിക്കുകയാണെന്ന് കരുതരുത്. ഇവിടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇറക്കുന്ന മാനിഫെസ്റ്റോ വെച്ച് നമ്മുടെ നാട്ടില്‍ നടക്കുന്ന പോലെ ചര്‍ച്ചയൊന്നും ഉണ്ടാകാറില്ല. ഒരു സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിച്ചയയ്ക്കുന്ന ചടങ്ങുണ്ട്.അതിന് പരമാവധി ആള്‍ക്കാര്‍ വരണമെങ്കില്‍ വീട്ടില്‍ ചെന്ന് കാശ് കൊടുത്തു വേണം കൊണ്ടുവരാന്‍. ആര് കാശ് കൂടുതല്‍ കൊടുക്കുന്നുവോ അവര്‍ക്കാണ് വോട്ട് എന്നതു തന്നെ യാഥാര്‍ത്ഥ്യം.
തൂക്കുനിയമസഭയാണ് വരുന്നതെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പുള്ള പോരൊക്കെ മറന്ന് കുതിരക്കച്ചവടത്തിനുള്ള സാദ്ധ്യത കാണുന്നുണ്ടോ?
ജോണ്‍: സാദ്ധ്യതയുണ്ട്.ബി.ജെ.പിക്ക് വേണ്ട എണ്ണം തികയുന്നില്ലെങ്കില്‍ എന്‍.പി.പിയെ കൂട്ടിയേക്കാം. അവര്‍ക്ക് അഞ്ചാറു സീറ്റുകള്‍ കിട്ടാന്‍ സാദ്ധ്യതയുണ്ട്. പിന്നെ നാഗാ പീപ്പിള്‍സ് ഫ്രണ്ടുണ്ട്. ആദിവാസി മേഖലയില്‍ ശക്തരായ അവര്‍ ബി.ജെ.പിക്കൊപ്പമാണ് നില്‍ക്കാന്‍ സാദ്ധ്യത. ജെ.ഡി.യുവും മത്സരരംഗത്തുണ്ടെങ്കിലും അവര്‍ക്ക് കാര്യമായി സീറ്റുകള്‍ കിട്ടുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കാന്‍ അധികം കക്ഷികള്‍ ഇല്ല.
തീവ്രവാദികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കാറുണ്ടോ?
ജോണ്‍: പൊതുവില്‍ അവര്‍ തടസ്സം സൃഷ്ടിക്കാറില്ല. എന്നാല്‍ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവര്‍ ഇടപെടുകയും എതിര്‍സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയുണ്ട്.
താഴ്വരയിലെയും കുന്നുകളിലെയും പ്രചാരണ രീതികളില്‍ വ്യത്യാസമുണ്ടോ?
വര്‍ഗ്ഗീസ്:കുന്നുകളില്‍ നാഗാ തീവ്രവാദികളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ പറയുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ വോട്ടു ചെയ്തേ പറ്റൂ. താഴ്‌വരയില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്.പണ്ടൊക്കെ തീവ്രവാദികള്‍ എന്തു പറയുന്നോ അതുപോലെ മാത്രമാണ് മണിപ്പൂരില്‍ കാര്യങ്ങള്‍ നടന്നിരുന്നത്.താഴ്‌വരയില്‍ അതിന് മാറ്റം വന്നിട്ടുണ്ട്. പക്ഷെ കുന്നുകളില്‍ കാര്യങ്ങള്‍ പഴയപടി തന്നെയാണ്.
ജോസഫ്: ആദിവാസികള്‍ എന്ന് പൊതുവേ പറയുന്ന നാഗാ,കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ ഓരോ കുന്നുകളിലും വ്യത്യസ്തവിഭാഗങ്ങളുണ്ട്. പലപ്പോഴും ഒരു കൂട്ടരുടെ ഭാഷയായിരിക്കില്ല മറ്റുള്ളവര്‍ക്ക്. പല കുന്നുകളിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് വാഹനമെത്തുന്ന അവസാനസ്ഥലത്തു നിന്നും മണിക്കൂറുകള്‍ നടന്നാലാണ് എത്തുക. അങ്ങിനെ ഒറ്റപ്പെട്ട് കഴിയുന്ന മനുഷ്യര്‍ക്ക് തീവ്രവാദികള്‍ വന്ന് പറഞ്ഞാല്‍ അനുസരിക്കാനേ കഴിയൂ.
ജോണ്‍:താഴ്‌വരയില്‍ എല്ലാ പാര്‍ട്ടികളും സ്വതന്ത്രമായി പ്രചാരണം നടത്താറുണ്ട്.പക്ഷെ കുന്നുകളില്‍ തീവ്രവാദികള്‍ ഇത് അനുവദിക്കാറില്ല.കഴിഞ്ഞ തവണ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ റിഷാംഗ് കെയ്ഷിംഗിന്റെ മകന്‍ വിക്ടര്‍ കെയ്ഷിങ്ങിന് സ്വന്തം മണ്ഡലത്തില്‍ പ്രചാരണം നടത്താനായില്ല. മണ്ഡലത്തില്‍ പ്രവേശിക്കരുതെന്ന് അദ്ദേഹത്തിനെ തീവ്രവാദികള്‍ വിലക്കിയിരുന്നു. വിക്ടര്‍ തോറ്റുപോയി.
മണിപ്പൂരിന്റെ വികസനത്തിനായി രാഷ്ട്രീയപാര്‍ട്ടികള്‍ ഏതു രീതിയില്‍ മാറണമെന്നാണ് തോന്നുന്നത്?
ജോണ്‍: എന്റെ ഇത്രയും നാളത്തെ മണിപ്പൂര്‍ അനുഭവത്തില്‍ ഒരു പ്രത്യയശാസ്ത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു കക്ഷിയെയും കണ്ടിട്ടില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എ്ല്ലാ പാര്‍ട്ടികളും പ്രത്യയശാസ്ത്രമൊക്കെ പറയുമെങ്കിലും സ്വന്തം കാര്യം മാത്രം മുന്‍നിര്‍ത്തിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വികസനത്തിന്റെ കാര്യത്തിലാണെങ്കില്‍ മണിപ്പൂരില്‍ വിനോദസഞ്ചാരം വലിയൊരു സാദ്ധ്യതയാണ്. ലോക്താക്ക് തടാകവും അതിനുള്ളില്‍ വരുന്ന കെയ്ബുള്‍ ലഞ്ചാവോ എന്ന പാര്‍ക്കും സംഗായ് മാനുകളുമൊക്കെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഇവിടത്തെ പ്രത്യേകതരം നെല്ലില്‍ നിന്നുണ്ടാക്കുന്ന അരി കൂടുതലായി ഉത്പാദിപ്പിച്ചാല്‍ നല്ല വിപണനസാദ്ധ്യതയുണ്ട്. ബസ്മതി അരിയെക്കാള്‍ മികച്ചതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണോ ഇവിടത്തെ ബി.ജെ.പിയുടെ പ്രചരണ ശൈലി?
തികച്ചും വ്യത്യസ്തമാണ്. ഗോവധനിരോധനം ബി.ജെ.പിയുടെ പ്രധാന വിഷയമാണല്ലോ മറ്റ് സംസ്ഥാനങ്ങളില്‍. പക്ഷെ മണിപ്പൂരില്‍ അത്തരം കാര്യങ്ങളൊന്നും മിണ്ടാറില്ല. ഇവിടെ പശുവും കാളയുമടക്കം എല്ലാ കന്നുകാലികളുടെയും കശാപ്പുണ്ട്. ഇറച്ചിയുംസുലഭമാണ്. ഗോവധ നിരോധനമൊക്കെ നടപ്പാക്കിയാല്‍ ഇവിടെ വോട്ട് കിട്ടില്ല.
മണിപ്പൂരിലെ മലയാളികളുടെ പൊതു അവസ്ഥയും ഇവിടത്തെ സാഹചര്യങ്ങളോട് എങ്ങിനെ പൊരുത്തപ്പെട്ട് പോകുന്നുവെന്ന കാര്യവും പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാമെന്ന് തോന്നുന്നു.
ജോണ്‍: കഷ്ടിച്ച് ഇരുപതോളം മലയാളികളേ മണിപ്പൂരില്‍ ഇപ്പോള്‍ സ്ഥിരമായി താമസിക്കുന്നുള്ളൂ. ഇവര്‍ അധികവും സ്‌കൂള്‍ അദ്ധ്യാപകരോ സ്‌കൂള്‍ നടത്തിപ്പുകാരോ ആണ്. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് വന്നിട്ടുള്ള കുറച്ചുപേരും ഉണ്ട്. മുപ്പത്തിരണ്ടു വര്‍ഷം മുന്‍പ് ഞാന്‍ വരുമ്പോള്‍ ധാരാളം മലയാളികള്‍ അദ്ധ്യാപകരായി മാത്രം ഉണ്ടായിരുന്നു. പിന്നീട് ഇവിടേക്ക് വന്നുപോകാനുള്ള ബുദ്ധിമുട്ടും ശമ്പളക്കുറവുമെല്ലാം പലരും വിട്ടുപോകാന്‍ കാരണമായി. വ്യാപാരരംഗത്തൊന്നും മലയാളികളില്ല. ഇവിടെ കേരളത്തിലേതു പോലെ തന്നെ ചോറാണ് മുഖ്യഭക്ഷണം. പക്ഷെ ഇവിടെ ഞങ്ങള്‍ രാവിലെയും വൈകീട്ടും രണ്ട് നേരം മാത്രമേ കഴിക്കു. ഇവിടത്തെ ചോറിന്റെ പ്രത്യേകത മൂലം രാവിലെ കഴിച്ചാല്‍ വൈകീട്ടേ വിശക്കുകയുള്ളൂ. മണിപ്പൂരികള്‍ക്ക് പൊതുവേ തെക്കേ ഇന്ത്യക്കാരോട് അല്‍പ്പം മതിപ്പുണ്ട്. ഇവിടെ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നതിലൂടെ കിട്ടുന്ന മതിപ്പാണത്.
ജോസഫ്: മിഷനറി പ്രവര്‍ത്തനവും മിഷന്‍ സ്‌കൂളുകളുമാണ് പൊതുവില്‍ മണിപ്പൂരില്‍ മലയാളികളുടെ എണ്ണം കൂട്ടിയത്. അന്ന് മലയാളി ബിഷപ്പുമാരും അച്ചന്‍മാരും കൂടുതലായുണ്ടായിരുന്നു. അവര്‍ സ്വാഭാവികമായും നാട്ടില്‍ നിന്ന് അദ്ധ്യാപകരെ കൊണ്ടുവന്നു. സെമിനാരിയില്‍ നിന്ന് പഠനം പകുതിവഴിക്ക്് നിര്‍ത്തി ഇറങ്ങുന്നവരും മണിപ്പൂരിലേക്ക് തൊഴിലിനായി വരുന്ന പ്രവണതയും ഉണ്ടായിരുന്നു. പിന്നീട് ഇവിടത്തുകാര്‍ തന്നെ സഭാ പദവികളിലേക്ക് വരാനും ഇവിടത്തെ ആള്‍ക്കാര്‍ തന്നെ അദ്ധ്യാപകരായും വരാന്‍ തുടങ്ങി. സൈന്യത്തിലും മറ്റും മലയാളികളുണ്ട്. പക്ഷെ അവര്‍ സിവില്‍ സമൂഹത്തില്‍ ഇറങ്ങി അങ്ങിനെ ഇടപെടാറില്ല. മണിപ്പൂരികള്‍ പൊതുവേ മറുനാട്ടുകാരോട് താത്പര്യം ഉള്ളവരല്ല. മയാങ് എന്നാണ് മറുനാട്ടുകാരെ അവര്‍ വിളിക്കുന്നത്. പക്ഷെ നമ്മള്‍ സ്വാഭിമാനത്തോടെ പെരുമാറുന്നതുകൊണ്ട് ബിഹാറികളോടും മറ്റും കാണിക്കുന്നത് പോലെ മോശമായ സമീപനം കാണിക്കാറില്ല. പിന്നെ നമ്മള്‍ നമ്മുടെ ഉപജീവനമാര്‍ഗ്ഗം നോക്കുകയെന്നല്ലാതെ അവരോട് മത്സരിക്കാനും പോകാറില്ല.
Content Highlights: Manipur Legislative Assembly election 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..