ഇംഫാലിലുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് | Photo: Mathrubhumi
ഇംഫാല്‍: കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കരുതെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് സഖ്യം വികലമായ കാഴ്ചപ്പാടാണെന്നാണ് കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം. പക്ഷെ മണിപ്പൂരില്‍ സി.പി.എം അടക്കമുള്ള ഇടതുപക്ഷം കോണ്‍ഗ്രസ് എന്ന വല്യേട്ടന്റെ കൈ പിടിച്ചാണ് മുന്നോട്ടു നീങ്ങുന്നത്.
മണിപ്പൂര്‍ സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് എന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ് സി.പി.എം, സി.പി.ഐ, ആര്.എസ്.പി, ഫോര്‍വേഡ് ബ്ളോക്ക് എന്നിവര്‍. സി.പി.ഐയാണ് മണിപ്പൂരിലെ പ്രധാന ഇടതു പാര്‍ട്ടി. അവര്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നുണ്ട്. മറ്റുള്ളവര്‍ മത്സര രംഗത്തില്ല. സഖ്യ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നു.
ഇംഫാലിലെ പാവ്ന ബസാറിലുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് കണ്ടാല്‍ രാഷ്ട്രീയ ശത്രുക്കള്‍ പോലും കരഞ്ഞു പോകും. വെളിച്ചം കുറഞ്ഞ ഇടനാഴിയിലൂടെ നടന്നെത്തി നൂണുകടക്കേണ്ട ഒരു കുടുസ്സു മുറി. രണ്ട് മേശയും ആറ് കസേരയുമാണ് ആകെയുള്ള ഫര്‍ണിച്ചര്‍. ഏറെ പണിപ്പെട്ടു ഈ ഓഫീസ് കണ്ടുപിടിക്കാന്‍.
മണിപ്പൂരിലെ കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമല്ലേ എന്നു ചോദിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറി കെ.സാന്റ ധൃതിപ്പെട്ട് തിരുത്തി. 'തിരഞ്ഞെടുപ്പ് ധാരണ. അതാണ് ഇവിടെയുള്ളത്. അത് സഖ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അത്തരം തിരഞ്ഞെടുപ്പ് ധാരണ ആകാം'. സാന്റ ന്യായീകരിക്കുന്നു. 'ബി.ജെ.പിയാണ് മുഖ്യ ശത്രു. അവരെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം'- വാക്കുകളിലെ ഊന്നല്‍ വ്യക്തമാണ്.
.jpg?$p=1d6a492&&q=0.8)
മണിപ്പൂരിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് സാന്റ ഓര്‍മിപ്പിക്കുന്നു. ആകെ 500 പേരാണ് സംസ്ഥാനത്തുതന്നെ സി.പി.എമ്മിലുളളത്. പ്രവര്‍ത്തനം സുഗമമായി നടത്താന്‍ പറ്റുന്ന അന്തരീക്ഷമല്ല. 2002 - 04 കാലത്ത് തീവ്രവാദി സംഘടനകളുടെ ഭീഷണി മൂലം മണിപ്പൂര്‍ വിട്ട് കൊല്‍ക്കത്തയില്‍ കഴിയേണ്ടി വന്നു സാന്റയ്ക്ക്. 'ഇപ്പോഴും ഭീഷണിയുണ്ടോ?''ഇപ്പോള്‍ അവരില്‍ നിന്നല്ല, ബി.ജെ.പിയില്‍ നിന്നാണ് ഭീഷണി. ഭരണത്തിന്റെ ഹുങ്കില്‍ ഇടയ്ക്കിടെ ഉപദ്രവിക്കും. 2021 സെപ്റ്റംബര്‍-ഒക്ടോബറില്‍ എനിക്ക് ഒളിവില്‍ പോകേണ്ടി വന്നു. ഒളിവിലിരുന്നാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം ഞാന്‍ നടത്തിയത്'. സാന്റ പറഞ്ഞു.
ഇപ്പോള്‍ ദുര്‍ബലമാണെങ്കിലും എണ്‍പതുകളില്‍ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ ഉണ്ടായിരുന്നുവെന്ന് സാന്റ പറഞ്ഞു. 'ബാങ്കിംഗ്, തപാല്‍, ബി.എസ്.എന്‍.എല്‍, എ.ജി.ഓഫീസ് എന്നിവയിലെല്ലാം ഏറ്റവും പ്രധാന ട്രേഡ് യൂണിയന് ഞങ്ങളുടേതാണ്'- അദ്ദേഹം എടുത്തു പറഞ്ഞു. കൂടുതല്‍ ശക്തരായിരുന്ന സി.പി.ഐ 2002 മുതല്‍ 2004 വരെ സെക്കുലര്‍ പൊളിറ്റിക്കല്‍ ഫ്രണ്ട് സര്‍ക്കാരിന്റെ ഭാഗമായി ഭരണത്തിലുണ്ടായിരുന്നു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ.എം.നാരാ സിംഗ് മന്ത്രിയുമായിരുന്നു.
ഇംഫാല്‍ ഡി.ബി.കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ 1979-ല്‍ എസ്.എഫ്.ഐ അംഗമായാണ് സാന്റ രാഷ്ട്രീയജീവിതം തുടങ്ങുന്നത്. 1988-ല്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. മണിപ്പൂരില്‍ പാര്‍ട്ടിയുടെ മുഖമാണ് സാന്റ . 'സാന്റ സി.പി.എം ' എന്നാണ് എന്നെ എല്ലാവരും വിളിക്കുന്നത് - സാന്റ ചിരിക്കുന്നു.
Content Highlights: Manipur Elections 2022Congress, Left parties alliance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..