പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിങ്ങ് | Photo: twitter/ @vardhan08
അദ്ഭുതമൊന്നും സംഭവിച്ചില്ല. തുടര്‍ച്ചയായി രണ്ടാം തവണയും മണിപ്പുരില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. 29 സീറ്റില്‍ വിജയിക്കുകയും മൂന്നു സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്ന ബിജെപി ഏറ്റവുംവലിയ ഒറ്റകക്ഷിയായി. ആറു സീറ്റുകള്‍ വിജയിച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ നാഗാ പീപ്പിള്‍സ് ഫ്രന്‍ഡും (എന്‍പിഎഫ്) കോണ്‍ഗ്രസും അഞ്ചു സീറ്റുമായി മൂന്നാംസ്ഥാനം പങ്കിടുന്നു. ജനതാദള്‍ യു ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ (OTH) 11 സീറ്റ് നേടിക്കഴിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പുപോലെ എന്‍പിപിയുടേയോ എന്‍പിഎഫിന്റേയോ പിന്തുണ ഇത്തവണ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടിവരില്ല. മുഖ്യമന്ത്രി ബിരേന്‍ സിങ്, വിദ്യാഭ്യാസ മന്ത്രി രാധേശ്യാം, പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജിത്ത്, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഒക്രം ഇബോബി സിങ് തുടങ്ങിയ താര സ്ഥാനാര്‍ഥികളെല്ലാം വിജയം നേടി.
രണ്ടക്കം പോലും കാണാതെ കോണ്‍ഗ്രസ്
കഴിഞ്ഞ തവണ 28 സീറ്റു നേടിയ കോണ്‍ഗ്രസിന് ഇത്തവണ രണ്ടക്കം കാണാന്‍ പോലുമായില്ല. ഉയര്‍ത്തിക്കാണിക്കാന്‍ പഴയ പടക്കുതിരയായ ഒക്രാം ഇബോബി സിങ്ങ് മാത്രമുള്ള കോണ്‍ഗ്രസ് മത്സരത്തിന് മുന്‍പ് തന്നെ ക്ഷീണിതരായിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് അനായസജയമാണ് ഭൂരിഭാഗം എക്സിറ്റ്പോള്‍ ഫലങ്ങളും കല്‍പ്പിച്ചുനല്‍കിയതും. എതിരാളികളെക്കാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ചതാകട്ടെ ഉള്‍പ്പാര്‍ട്ടി പോരുകളായിരുന്നു.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ പവര്‍ ഹൗസ് സംസ്ഥാനങ്ങളില്‍ ഒന്നായ മണിപ്പൂരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി അധികാരത്തിലെത്തി. കോണ്‍ഗ്രസ് വിട്ടുവന്ന ബീരേന്‍ സിങ് മുഖ്യമന്ത്രിയായി. അടര്‍ത്തിയെടുക്കല്‍ എന്ന ബിജെപി തന്ത്രം വടക്കുകിഴക്കന്‍ സംസ്ഥാനത്തില്‍ അന്ന് ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ വിജയകരമായി നടപ്പിലാക്കി. അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം അതല്ല മണിപ്പൂരിലെ രാഷ്ട്രീയ ചിത്രം.
മുന്‍ പിസിസി അധ്യക്ഷനുള്‍പ്പെടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നിരവധി എംഎല്‍എമാരും പ്രമുഖ നേതാക്കളും അഞ്ച് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിനോട് സലാം പറഞ്ഞ് ബിജെപിയില്‍ എത്തി. നേതാക്കളുടെ അതിപ്രസരം പാര്‍ട്ടിക്ക് 2022ല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ വെല്ലുവിളിയുയര്‍ത്തി. നിരവധി മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള രണ്ടും മൂന്നും സ്ഥാനാര്‍ഥികളുണ്ടായിരുന്നു ബിജെപിക്ക്. സീറ്റ് മോഹിച്ച് ഒന്നിലധികം നേതാക്കള്‍ നിരവധി മണ്ഡലത്തില്‍ രംഗത്തുവന്നത് പ്രശ്നങ്ങള്‍ക്ക് തുടക്കമായി.
അണികളുടെ രോഷത്തിലും കുലുങ്ങിയില്ല
60 അംഗ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കോണ്‍ഗ്രസില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും പാര്‍ട്ടിയിലെത്തിയ പത്ത് നേതാക്കള്‍ക്ക് സീറ്റ് നല്‍കി. സ്വാഭാവികമായും കാലങ്ങളായി ബിജെപിക്കൊപ്പം നിന്നവര്‍ തഴയപ്പെട്ടു. അസംതൃപ്തര്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് ക്രമസമാധാനത്തിന് വലിയ വെല്ലുവിളിയുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്രസേനയെ രംഗത്തിറക്കി സുരക്ഷ ശക്തമാക്കിയെങ്കിലും കാര്യമുണ്ടായില്ല.
സീറ്റ് ലഭിക്കാത്ത നേതാക്കളുടെ അണികള്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റേയും കോലം കത്തിക്കുന്നതിലേക്കും പാര്‍ട്ടി ഓഫീസുകള്‍ നശിപ്പിക്കുന്നതിലേക്കും കാര്യങ്ങളെത്തി. എന്നാല്‍ അതിലൊന്നും കുലുങ്ങാതെ സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് പറഞ്ഞ് വോട്ട് ചോദിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി വിട്ട് നേതാക്കളിലൂടെ നഷ്ടമാകുന്ന വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് എത്തിയ നേതാക്കളുടെ വരവ് നികത്തും എന്ന ശുഭപ്രതീക്ഷയും ബിജെപിക്കുണ്ടായിരുന്നു. ഇത് തന്നെയാണ് അവരെ തുണച്ചതും.
വീണ്ടും ബീരേന്‍ സിങ്?
സംസ്ഥാനത്ത് മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന് ഒരവസരം കൂടി ലഭിച്ചേക്കും. ഇക്കാര്യം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ അനൗദ്യോഗികമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന മണിപ്പൂരിനെ വികസനത്തിന്റെ പാതയിലെത്തിക്കാന്‍ ബീരേന്‍ സിങ്ങിന് കഴിഞ്ഞെന്നും അതാകും തിരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയമെന്നും നഡ്ഡ പറഞ്ഞിരുന്നു.
മണിപ്പൂരിന്റെ ചുമതലയുള്ള സാമ്പിത്ത് പത്രയും സമാനമായ അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയത്. ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പത്ര വ്യക്തമാക്കി. 61-കാരനായ ബീരേന്‍ സിങ്ങിന് പ്രായവും തടസ്സമല്ല. ബീരേന്‍ സിങ് മന്ത്രിസഭയിലെ പഞ്ചായത്ത്-ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്ന ബിശ്വജിത്ത് സിങ്ങിന് മുഖ്യമന്ത്രി കസേരയില്‍ മോഹമുണ്ട്. പരോക്ഷമായി ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്.
മുഖ്യമന്ത്രി സ്ഥാനം അഞ്ച് വര്‍ഷം മുന്‍പ് കൈയില്‍ നിന്ന് വഴുതിപ്പോയ ബിശ്വജിത്തിന് കാത്തിരിക്കേണ്ടി വരും. 47വയസ്സ് മാത്രം പ്രായമുള്ള ബിശ്വജിത്തിന് ഇനിയും അവസരമുണ്ടെന്ന വിലയിരുത്തലും പാര്‍ട്ടി ദേശീയ നേതൃത്വത്തിനുണ്ട്. ആര്‍എസ്എസിന്റെ ഗുഡ്ബുക്കില്‍ ഇടംപിടിച്ചിട്ടുള്ള ബിശ്വജിത് 2017-ല്‍ മുഖ്യമന്ത്രിയാകാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ബീരെന്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ബീരെന്‍ സിങ്ങിനെ ബിജെപിയിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച നേതാവ് കൂടിയായ ബിശ്വജിത്ത് അന്ന് പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 'ബിജെപി ഒരു കുടുംബമാണ്. എന്നിലുള്ള വിശ്വാസത്തെ ഞാന്‍ വിലമതിക്കുന്നു. ഞങ്ങളുടെ കേന്ദ്ര നേതൃത്വം എനിക്കായി തീരുമാനിക്കുന്ന ഏത് റോളും ഞാന്‍ നിര്‍വഹിക്കും', അന്ന് ബിശ്വജിത് പ്രതികരിച്ചു. 2017-ല്‍ നേടിയ 21 സീറ്റുകളിലധികം നേടി ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുകയെന്നതാണ് എന്റെ ലക്ഷ്യം.
കഴിഞ്ഞ തവണ 1000 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട 12 സീറ്റുകള്‍ പാര്‍ട്ടിക്കുണ്ട്. 500 വോട്ടുകളില്‍ താഴെ മണ്ഡലം നഷ്ടപ്പെട്ട ആറ് ഇടങ്ങളും. ഇത്തവണ കൃത്യമായി ഗൃഹപാഠത്തോടെയാണ് തിരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുങ്ങുന്നതെന്നും ബിശ്വജിത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു.
2017
തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയില്ലെങ്കിലും ഭരണം പിടിക്കുകയെന്ന അമിത്ഷായുടെ തന്ത്രത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ഇരയായിരുന്നു മണിപ്പുരിലെ കോണ്‍ഗ്രസ്. 2017-ലെ തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ 28 സീറ്റുനേടി കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിനു മൂന്നുസീറ്റുമാത്രം മതി. ബി.ജെ.പി.ക്ക് 21 സീറ്റുമാത്രം. എന്നാല്‍, ഫലമറിഞ്ഞതിനുപിന്നാലെ ബി.ജെ.പി. പ്രാദേശിക കക്ഷികളായ നാഗാ പീപ്പിള്‍സ് ഫ്രന്റ് (എന്‍പിഎഫ്), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), ലോക ജനക്തി പാര്‍ട്ടി എന്നിവരുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കി കോണ്‍ഗ്രസിനെ ഞെട്ടിച്ചു.
Content Highlights: Manipur Assembly Election Result 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..