ഫോട്ടോ: എ.എൻ.ഐ
ഇംഫാല്‍: മണിപ്പുര്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച നടക്കും. 38 മണ്ഡലങ്ങളിലായി 15 വനിതകളടക്കം 173 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പായി പലയിടത്തുനിന്നും ആക്രമണവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖന്. സംസ്ഥാനത്ത് രണ്ടാമൂഴം തേടുന്ന ബി.ജെ.പി.ക്ക് ബിരേന്റെ ജയം പ്രധാനമാണ്. ഹെയ്ന്ഗാംഗില്നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
പൊതുമരാമത്ത് മന്ത്രി താങ്ജാം ബിശ്വജിത്തും താംഗ്ജുവില് രംഗത്തുണ്ട്. ആര്.എസ്.എസുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ബിശ്വജിത് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിരേന്‍ ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്താനിടയുള്ള നേതാവാണ്.
മയക്കുമരുന്ന് വേട്ടയിലൂടെ താരമായ താനൗജാം ബ്രിന്ദയാണ് ആദ്യഘട്ടത്തിലെ മറ്റൊരു സ്ഥാനാര്‍ഥി. യായ്സ്കൂള് മണ്ഡലത്തില്‍നിന്ന് ജെ.ഡി.യു.വിനുവേണ്ടിയാണ് ബ്രിന്ദ എത്തുന്നത്. നിരോധിതസംഘടനയായ എം.എന്‍.എല്‍.എഫിന്റെ ചെയര്‍മാനായിരുന്ന ആര്.കെ. മേഘന്റെ മരുമകളാണ് ബ്രിന്ദ.
മണിപ്പുര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍. ലോകേന്‍ സിങ്ങാണ് മറ്റൊരു പ്രമുഖന്. 2002 മുതല്‍ നാലുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇബോബി സിങ് നയിച്ച സര്‍ക്കാരുകളില്‍ പലതവണ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. നമ്പോല്‍ ആണ് ലോകേന്റെ മണ്ഡലം.
അതിനിടെ, ചുരാചന്ദ്പുര്‍ ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അക്ഷേത്രിഗാവാ മണ്ഡലത്തിലെ ജെ.ഡി.യു. സ്ഥാനാര്‍ഥി വാഹെന്ഗ്ബാം രോജിത് സിങ്ങിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചിട്ടു. പരിക്കേറ്റ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: five state election, manipur, biren singh, voting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..