Rahul Gandhi | Photo: ANI
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റവാങ്ങുകയും കൈയിലിരുന്ന പഞ്ചാബ് കൈവിട്ടുപോകുകയും ചെയ്തതിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വിയില്‍നിന്ന് പഠിക്കുകയും രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. വിജയം നേടിയവര്‍ക്ക് ആശംസകള്‍. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും എന്‍റെ നന്ദി. ഇതില്‍നിന്ന് ഞങ്ങള്‍ പഠിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നാലിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നിവിടങ്ങളില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബില്‍ എഎപി അട്ടിമറി വിജയത്തിലൂടെ ഭരണത്തിലേറി. ആകെയുള്ള 117 സീറ്റുകളില്‍ 92 ഇടത്താണ് എഎപിയുടെ വിജയം. ഇതോടെ, ഡല്‍ഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ഭരണം പിടിക്കാനും അവര്‍ക്കായി.
ഭരണകക്ഷിയായ കോണ്‍ഗ്രസ് വെറും 19 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇത്തവണ നഷ്ടമായത് 59 സീറ്റുകളാണ്. അവരുടെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം തോറ്റു. രണ്ടു സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു. അമൃത്സര്‍ ഈസ്റ്റില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും തോറ്റു.
Content Highlights: Humbly accept election verdict, says Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..