പ്രമോദ് സാവന്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡി.കെ.ശിവകുമാർ |ഫോട്ടോ:PTI
പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ടു ദിവസം ശേഷിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുനീക്കങ്ങള്‍ ആരംഭിച്ചു. കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയ സാവന്ത് പാര്‍ട്ടിക്കുള്ള സാധ്യതകള്‍ വിശദീകരിച്ചു. അദ്ദേഹം മറ്റു നേതാക്കളേയും കണ്ടേക്കും. പിന്നീട് ഗോവയില്‍ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ കാണാന്‍ മുംബൈയിലേക്ക് തിരിക്കും.
കഴിഞ്ഞ തവണത്തെ കയ്പുനിറഞ്ഞ അനുഭവങ്ങള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ് ഒരുപടി മുന്നേ കരുനീക്കങ്ങളുമായി രംഗത്തുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പേരുകേട്ട കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ കോണ്‍ഗ്രസ് ഗോവയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്..
പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. 'ഗോവയില്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം നേടും. പാര്‍ട്ടി നേതാക്കളെ സഹായിക്കുന്നതിനായി ഞാന്‍ ഗോവയിലേക്ക് പോകുകയാണ്' ഡി.കെ.ശിവകുമാര്‍ എ.എന്‍ഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുമെന്ന് ഗോവയിലെ സ്ഥാനാര്‍ഥികളെ കൊണ്ട് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചതും ശ്രദ്ധേയമായിരുന്നു.
തിരിച്ചടി സാധ്യതകള്‍ മുന്നില്‍ കണ്ട് ബിജെപി ഇതിനോടകം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) യുമായും ചില സ്വതന്ത്രരുമായും തുറന്ന ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ എംജിപിക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തോട് താത്പര്യമില്ലെന്നാണ് സൂചന. എംജിപി ഒരു കിങ്മേക്കര്‍ ആകുകയാണെങ്കില്‍ ബിജെപി പ്രമോദ് സാവന്തിനെ ബലിയാടാക്കുമോ എന്നത് ശ്രദ്ധേയമാകും.
'പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനാകും. 40-ല്‍ 20 സീറ്റില്‍ കൂടുതല്‍ ബിജെപി ജയിക്കും. പ്രാദേശിക പാര്‍ട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കും. അവരുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കും. ആവശ്യമെങ്കില്‍ എംജിപിയുടെ പിന്തുണയും തേടും' പ്രമോദ് സാവന്ത് പറഞ്ഞു.
ഇതിനിടെ ദേശീയ തലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത തുറക്കുന്ന സൂചനകളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് വന്നിട്ടുണ്ട്. ഗോവയില്‍ തൃണമൂലുമായും ആംആദ്മി പാര്‍ട്ടിയുമായും സഖ്യമാകാമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്.
'ബിജെപിയല്ലാത്ത ഏത് പാര്‍ട്ടിയുമായും ഞങ്ങള്‍ തുറന്ന സഖ്യത്തിന് തയ്യാറാണ്. എഎപി ആയാലും തൃണമൂല്‍ ആയാലും ഗോവയില്‍ ബിജെപിക്കെതിരെയുള്ള ഏത് പാര്‍ട്ടിയുമായും ഗോവയില്‍ സഖ്യമുണ്ടാക്കാം' ഗോവയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് വരെ സീറ്റുകള്‍ പിടിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എംജിപിയുമായിട്ട് സഖ്യത്തിലാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകും.
40 അംഗ ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 21 സീറ്റുകളാണ്. ഇന്ത്യ ടുഡേ, ടൈംസ് നൗ എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകും എന്നാണ് പ്രവചിച്ചിരിക്കുന്നത്.
2017-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ചെറിയ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നേ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട് ഇത്തവണ കോണ്‍ഗ്രസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..