പനജിയിൽ നടന്ന വിജയാഘോഷത്തിനിടെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, പാർട്ടി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷേത്, ബി.ജെ.പി.യുടെ ഗോവ തിരഞ്ഞെടുപ്പു ചുമതലയുള്ള ദേവേന്ദ്ര ഫഡ്നവിസ് തുടങ്ങിയവർ | എ.എൻ.ഐ.
പനജി: ഗോവയെ ഗോള്‍ഡന്‍ ഗോവയാക്കുമെന്ന ബി.ജെ.പി. വാഗ്ദാനത്തെ വോട്ടര്‍മാര്‍ വിശ്വാസത്തിലെടുത്തപ്പോള്‍ അവിടെ വീണ്ടും താമരവിരിഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഏഴുസീറ്റ് കൂടുതല്‍ സ്വന്തമാക്കി 20 എം.എല്‍.എ.മാരുമായി ബി.ജെ.പി. സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം തുടങ്ങി.
ഭരണം കൈയാളാന്‍ 21 സീറ്റ് വേണമെന്നിരിക്കേ രണ്ടുസീറ്റുള്ള പഴയ സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിയുടെയും(എം.ജി.പി.) മൂന്നു സ്വതന്ത്രരുടെയും പിന്തുണ ബി.ജെ.പി അവകാശപ്പെട്ടു. ഇവര്‍ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് കത്തു നല്‍കിയതായി ബി.ജെ.പി. ഗോവഘടകം അധ്യക്ഷന്‍ സദാനന്ദ് തനവാഡെ പറഞ്ഞു.
കഴിഞ്ഞതവണ 17 സീറ്റുമായി സംസ്ഥാനത്തെ വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ ഇത്തവണത്തെ സമ്പാദ്യം 12 ആയി കുറഞ്ഞു. ഇതില്‍ ഒരുസീറ്റ് സഖ്യം ചേര്‍ന്ന ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടേതാണ്. ജനവിധി മാനിക്കുന്നെന്നും പ്രതിപക്ഷത്തിരുന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചൊദാങ്കര് പറഞ്ഞു.
വോട്ടെണ്ണല്‍ തുടങ്ങുംവരെ വലിയ പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. സ്ഥാനാര്‍ഥികളെ മുഴുവന്‍ റിസോര്‍ട്ടിലെത്തിച്ചു. പക്ഷേ, വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ പാര്‍ട്ടി ആസ്ഥാനത്ത് ആശങ്ക നിഴലിച്ചു. തുടക്കംതൊട്ടുതന്നെ 16 സീറ്റില്‍ കുറയാത്ത ലീഡ് ബി.ജെ.പി. നിലനിര്‍ത്തിപ്പോന്നു. കോണ്‍ഗ്രസിന് 12-ല്‍ കൂടുതല്‍ ഉയരാന്‍ ഒരിക്കലും സാധിച്ചുമില്ല. സാങ്ക്വേലിമില്നിന്ന് ഹാട്രിക് ജയം സ്വന്തമാക്കിയ നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ തന്നെയാണ് ബി.ജെ.പി. വിണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുക എന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ മുതിര്‍ന്നനേതാവ് ദിഗംബര്‍ കാമത്ത് മഡ്ഗാവില്‍നിന്ന് അനായാസജയം നേടി. കോര്‍ത്താലിം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച മാവേലിക്കര സ്വദേശി ഗിരീഷ് പിള്ളയും വാസ്കോഡഗാമയിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കോഴിക്കോട്ടുകാരന് അഡ്വ. സുനില്‍ ലോറനും പരാജയപ്പെട്ടു.
പനജിയില്‍ ബി.ജെ.പി.യുടെ അറ്റനാസിയോ ബാബുഷ് മോണ്‍സെറേറ്റ് 710 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മോണ്‍സെറേറ്റിന്റെ ഭാര്യ ജെന്നിഫര്‍ മോണ്‍സറേറ്റ് തലിഗാവ് മണ്ഡലത്തില്‍ ബി.ജെ.പി. ടിക്കറ്റില്‍ ജയിച്ചു. ഗോവയില്‍ പരീക്ഷണത്തിനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരുസീറ്റുപോലും നേടാനായില്ല. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ രണ്ടു സീറ്റുവീതം സ്വന്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..